ഇൻഡിഗോ വിമാനങ്ങൾ നേർക്കുനേർ; ഒഴിവായത് വൻ ദുരന്തം

ബെംഗളൂർ വ്യോമപരിധിയിൽ ഇൻഡിഗോ വിമാനങ്ങൾ കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. രണ്ടു വിമാനങ്ങളിലുമായി മുന്നോറോളം യാത്രക്കാരുണ്ടായിരുന്നു. വിമാനങ്ങൾ 200 അടി അടുത്തുവരെ നേർക്കുനേർ വന്നുവെന്നാണ് അറിയുന്നത്. രണ്ടും വിമാനങ്ങളും സുരക്ഷിതമായി ലാൻഡ് ചെയ്തു.

ട്രാഫിക് കൊളീഷൻ അവോയ്ഡൻസ് സിസ്റ്റത്തത്തിന്റെ സഹായത്തോടെയാണ് ഇരുപൈലറ്റുമാർക്കും വൻ ദുരന്തം ഒഴിവക്കാനായത്. ജൂലൈ പത്തിനാണ് സംഭവം. വൻ ദുരന്തം മുന്നിൽക്കണ്ട ടിസിഎഎസ് അധികൃതർ അതിവേഗ മുന്നറിയിപ്പ് സന്ദേശം ഇരുപൈലറ്റുമാർക്കും കൈമാറുകയായിരുന്നു.

എന്നാൽ വ്യോമയാന നിയമങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്നാണ് ഇൻഡിഗോ അധികൃതർ പറഞ്ഞത്. കോയമ്പത്തൂരിൽ നിന്ന് ഹൈദരാബാദിലേക്കും ബെംഗളൂരിൽ നിന്ന് കൊച്ചിയിലേക്കുമുള്ള ഇൻഡിഗോ വിമാനങ്ങളാണ് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.

ഇരുവിമാനങ്ങളും നാലു മൈൽ അകലത്തിൽ പറക്കുമ്പോൾ തന്നെ ടിസിഎ അധികൃതർ പൈലറ്റുമാരെ വിവരം അറിയിച്ചിരുന്നു. ലഭ്യമായ റിപ്പോർട്ട് പ്രകാരം ഇരുവിമാനങ്ങളും 200 അടി അടുത്തുവരെ എത്തിയിരുന്നു എന്നാണ്. ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കുള്ളതും കോയമ്പത്തൂരിൽ നിന്ന് ഹൈദരാബാദിലേക്കുള്ളതും എയർബസ് എ–320 എസ് വിമാനങ്ങളായിരുന്നു. 

ഹൈദരാബാദിലേക്കുള്ള വിമാനത്തിൽ 162 പേരും കൊച്ചി വിമാനത്തിൽ 166 പേരുമാണ് ഉണ്ടായിരുന്നത്. ഇരുവിമാനങ്ങളും നേർക്കു നേർ എത്തിയപ്പോൾ ഓട്ടമാറ്റിക്കായി ലഭിച്ച മുന്നറിയിപ്പു സന്ദേശമാണ് വൻ ദുരന്തമൊഴിവാക്കാൻ പൈലറ്റുമാരെ സഹായിച്ചത്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. 

ആഴ്ചകൾക്ക് മുൻപ് ഗുവാഹാത്തിയിലും ഇൻഡിഗോ വിമാനങ്ങൾ നേർക്കുനേർ വന്നിരുന്നു. അന്ന് വിമാനം പെട്ടെന്ന് തിരിച്ചുവിടേണ്ടി വന്നതോടെ യാത്രക്കാരിൽ ചിലർക്ക് നേരിയ പരുക്കേറ്റിരുന്നു. കഴിഞ്ഞ മേയിൽ ചെന്നൈയിലും ഇൻഡിഗോ വിമാനവും വ്യോമസേന വിമാനവും നേർക്കുനേർ വന്നിരുന്നു.