ഫോൺ വിളിക്കാൻ സിം വേണ്ട; 1099 രൂപയ്ക്ക് ഒരു വർഷം കോൾ ഫ്രീ

മൊബൈൽ ഫോൺ എടുക്കാൻ ആദ്യം ഒരു സിം കാർഡ് എടുക്കണം. അതിന്റെ നമ്പർ അടിസ്ഥാനത്തിൽ വേണം ഫോൺ വിളികൾ നടത്താൻ. ഇക്കഥ മാറുന്നു. അടുത്ത തലമുറ നെറ്റ്‌വർക്കിലേക്ക് (നെക്സ്റ്റ് ജനറേഷൻ നെറ്റ്‌വർക്ക്–എൻജിഎൻ) ഇന്ത്യൻ ടെലികോം മേഖല കടന്നു കഴിഞ്ഞു. ഇതിന്റെ ആദ്യ പടിയാണു ബിഎസ്എൻഎൽ പുറത്തിറക്കിയിരിക്കുന്ന വിങ്സ് എന്ന ആപ് അധിഷ്ടിത ഫോൺ സേവനം. വൈഫൈ പരിധിയിൽ കോൾ ചെയ്യാവുന്ന ആപ്പുകൾ ജിയോയും നേരത്തെ പുറത്തിറക്കിയിരുന്നു. ഇതിന്റെ ഒരു പടി കൂടി കടന്നാണു ബിഎസ്എൻഎല്ലിന്റെ വിങ്സ് ചിറകു വിരിക്കുന്നത്.

∙ പാക്കറ്റിലാക്കി കോൾ

െടലിഫോൺ വിളികളുടെ സ്വഭാവം തന്നെ ഇവിടെ മാറുന്നു. വോയിസ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോള്‍ (VoIP) അധിഷ്ടിതമാണു ഇനി ഫോണ്‍ വിളികൾ. ഫോൺകോളുകൾ റേഡിയോ വേവ്സായി അയക്കുന്നതിനു പകരം ഡേറ്റ പാക്കറ്റുകളായാണ് അയക്കുക. VoIP ആപ്പ് ഇൻസ്റ്റോൾ ചെയ്ത ഏതൊരു സ്മാർട് ഫോൺ വഴിയും ഇന്റര്‍നെറ്റ് ഉള്ളപ്പോൾ കോളുകൾ ചെയ്യാൻ കഴിയും. വിങ്സ് എന്നു പേരിട്ട ആപ്പും ബിഎസ്എൻഎൽ ഉടൻ പുറത്തിറക്കും. ഇതു ഐഒഎസ്, ആൻഡ്രോയിഡ്, വിൻഡോസ് തുടങ്ങിയ പ്ലാറ്റഫോമുകളിലെല്ലാം പ്രവർത്തിക്കും. വിങ്സ് കണക്,‌ഷൻ എടുക്കുമ്പോൾ ഒരു യൂസർ നെയിം, പാസ്‌വേർഡ്, നമ്പർ എന്നിവയാണു ലഭിക്കുക. ഇമെയിൽ ഉപയോഗിക്കുന്നതു പോലെ വിവിധ സ്ഥലങ്ങളിൽ നിന്നു ലോഗിൻ ചെയ്തു ഈ ആപ് വഴി വിളിക്കാൻ സാധിക്കും. രാജ്യത്തെ എല്ലാ നമ്പറുകളിലേക്കും ലോക്കല്‍ കോൾ നിരക്കിൽ വിളിക്കാനുള്ള സൗകര്യമുണ്ട്. രാജ്യത്തിനു പുറത്താണെങ്കിലും ഇന്ത്യയിലെ ഫോൺ നമ്പറുകളിലേക്കു ഇവിടുത്തെ ലോക്കല്‍ കോൾ നിരക്കിൽ വിളിക്കാം. രാജ്യത്തിനു പുറത്താണെങ്കിലും ഒരു ഇന്റർനെറ്റ് കണക്‌ഷൻ ഉണ്ടെങ്കിൽ വിങ്സ് നമ്പർ ആക്ടീവായിക്കും എന്നർഥം.

ഇപ്പോഴത്തെപ്പോലെ 10 അക്ക നമ്പർ തന്നെയാകും വിങ്സ് കണക്‌ഷനുകൾക്കും അനുവദിക്കുക. 9185 എന്ന സീരീസിൽ തുടങ്ങുന്ന നമ്പറാണ് നിലവില്‍ കേരളത്തിനു വേണ്ടി തയാറാക്കിയിരിക്കുന്നത്. 25 മുതൽ വിങ്സ് കണക്‌ഷുള്ള ആപ്ലിക്കേഷനുകൾ സ്വീകരിച്ചു തുടങ്ങാനാണു നിലവിൽ ബിഎസ്എൻഎൽ പദ്ധതിയിട്ടിരിക്കുന്നത്. പോസ്റ്റ് പെയ്ഡ് കണക്‌ഷൻ ആയിരിക്കും ആദ്യ ഘട്ടത്തിലുണ്ടാവുക. തുടർന്നു പ്രീപെയ്‍ഡ് കണക്‌ഷനും അവതരിപ്പിക്കും. 1099 രൂപയുടെ ഒരു പ്ലാൻ മാത്രമാണ് പ്രമോഷനായി പ്രഖ്യാപിക്കുന്നത്. ഒരു വർഷം രാജ്യത്തെവിയേയും സൗജന്യ വിളികൾ 1099 രൂപ താരിഫിൽ ലഭ്യമാകും. മറ്റു രാജ്യങ്ങളിലെ ടെലികോം ഓപ്പറേറ്റർമാർ വിങ്സ് ആപ്പിനോട് എങ്ങനെ പ്രതികരിക്കും എന്നു കാത്തിരിക്കുകയാണു ബിഎസ്എൻഎൽ.

∙ ആപ്പ് കോളുകളും വിങ്സും

വാട്സാപ് കോളകൾ അടക്കമുള്ളവ ഇപ്പോൾത്തന്നെ പ്രചാരത്തിലുണ്ട്. എന്നാൽ ഇവയ്ക്ക് അതത് ആപ്പുകളുടെ പരിധിയിൽ മാത്രമേ വിളികൾ നടക്കൂ എന്നതാണു പരിമിതി. വാട്സാപ്പിൽ നിന്നു മറ്റൊരു വാട്സാപ്പിലേക്കെ വിളികൾ സാധിക്കൂ. എന്നാൽ വിങ്സ് ആപ്പ് വഴി ഏതു നെറ്റ്‌വർക്കിലെ ഏതു ഫോണുകളിലേക്കും ലാൻഡ് ഫോണുകളിലേക്കും വിളിക്കാം. ഇന്റർനെറ്റ് കണക്‌ഷൻ വിങ്സ് ഉള്ള ഫോണിൽ ഉണ്ടായാൽ മാത്രം മതി. വിളിക്കുന്ന ആൾ നെറ്റ് കണക്‌ഷൻ പരിധിയിൽ ആകണമെന്നുമില്ല. 80 മുതൽ 100 കെബി വരെയുള്ള ചെറിയൊരു ഡേറ്റ യൂസേജാണു വിങ്സ് വഴി കോൾ ചെയ്യുമ്പോൾ ഉണ്ടാവുക.

∙ പുറത്തിറക്കാൻ രണ്ടു വർഷത്തെ ശ്രമം

2016മാർച്ച് 17നാണ് ആപ് അധിഷ്ടിത ഫോൺ വിളികള്‍ അനുവദിക്കുന്ന ഫിക്സഡ് മൊബൈൽ ടെക്നോളജി (എഫ്എംടി) സർവീസിന്റെ ഔദ്യോഗിക പ്രഖ്യാപനം ബിഎസ്എൻഎൽ സിഎംഡി അനുപം ശ്രീവാസ്തവ നടത്തിയത്. ആ വർഷം ഏപ്രിൽ രണ്ടു മുതൽ സേവനം രാജ്യവ്യാപകമായി അവതരിപ്പിക്കുമെന്നും സിഎംഡി പറഞ്ഞിരുന്നു. എന്നാൽ എഫ്എംടി ടെക്നോളജിക്കെതിരെ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയെ(ട്രായി) സമീപിച്ചതോടെ കുരുക്കു മുറുകി. ട്രായി എഫ്എംടി സേവനം പുറത്തിറക്കുന്നതു തടഞ്ഞു. തുടർന്നു നിരന്തരമായി നടത്തിയ ഇടപെടലാണു കഴിഞ്ഞ ദിവസം ഈ സേവനം വിങ്സ് എന്ന പേരിൽ പുറത്തിറക്കാൻ സാധിച്ചത്.

എഫ്എംടിക്കു അനുമതി ലഭിക്കാതിരുന്ന കാലത്തു ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കണക്‌ഷനിലൂടെയുള്ള വൈഫൈ പരിധിയിൽ മാത്രം ഉപയോഗിക്കാവുന്ന ലിമിറ്റഡ് ഫിക്സഡ് മൊബൈൽ ടെക്നോളജി (എൽഎഫ്എംടി) ബിഎസ്എൻഎൽ പരീക്ഷിച്ചിരുന്നു. എന്നാൽ ഒരു ലാൻഡ് ഫോൺ പരിധിയിൽ നിന്നു മാത്രം വിളിക്കാവുന്ന സേവനവും ലാൻഡ് ഫോണും തമ്മിൽ വ്യത്യാസമില്ലാത്തതിനാൽ ഈ സേവനം കാര്യമായി ജനങ്ങളിലെത്തിയില്ല. പുതിയ കാലത്തു വിഒഐപി അധിഷ്ടിത ആപ്പുകൾ എല്ലാ ഓപ്പറേറ്റർമാർക്കും വേണ്ടി വന്നപ്പോഴാണു ബിഎസ്എന്‍എല്ലിന്റെ കുരുക്കഴി‍ഞ്ഞത്.