പറക്കും ‘വിമാന തീവണ്ടി’, ടേക്ക് ഓഫ്, ലാൻഡിങ് അതിവേഗത്തിൽ

പുതിയ സങ്കല്‍പമായ പറക്കും തീവണ്ടി യാഥാര്‍ഥ്യമായാല്‍ അത് വ്യോമ സഞ്ചാരത്തില്‍ പുതിയ ഒരു അധ്യായം തുറക്കും. അക്കാ ടെ്കനോളജീസ് (Akka Technologies) ആണ് മോഡ്യുലര്‍ രീതിയിലുള്ള പുതിയ വിമാന സങ്കല്‍പം അവതരിപ്പിച്ചിരിക്കുന്നത്. ചിറകുകളും അറയും (pod) തമ്മില്‍ വേര്‍പെടുത്താമെന്നതാണ് ഇതിന്റെ പ്രധാന വ്യത്യാസം. അതായത്, ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും വേര്‍പെടുത്താനും കഴിയുന്ന് മോഡ്യുലര്‍ (modular) സങ്കല്‍പ്പമാണ് ഇതിന്. പോഡാണ്, യാത്രാ വിമാനമാണെങ്കില്‍ ആളുകള്‍ക്കും, ചരക്കു വിമാനമാണെങ്കില്‍ സാധനങ്ങള്‍ക്കുമുള്ള സ്ഥലം. ഇത്തരമൊരു സംവിധാനം വരുമ്പോള്‍ വിമാനത്തില്‍ കയറലും ഇറങ്ങലും വേഗത്തിലാക്കുമെന്നാണു പറയുന്നത്. 

യാത്രക്കാരെയോ ചരക്കോ കൊണ്ടുപോകാവുന്ന ഈ വിമാനം പുതിയ ഒരു സങ്കല്‍പം മാത്രമാണ്. അക്കാ ഇപ്പോള്‍ കാത്തരിക്കുന്നത് അവരുടെ സങ്കല്‍പം പ്രാവര്‍ത്തികമാക്കാന്‍ കഴിവുള്ള വിമാന നിര്‍മാണ കമ്പനികളെയാണ്. ചിറകുകളുള്ള ഭാഗത്താണ് എൻജിനും പിടിപ്പിച്ചിരിക്കുന്നത്. ഓട്ടോമാറ്റിക് അലൈന്‍മെന്റുള്ള ഈ സങ്കല്‍പം എല്ലാ കാര്യങ്ങളും നിലവിലുള്ള രീതികളെക്കാള്‍ സുഗമായിരിക്കുമെന്നാണ് കരുതുന്നത്. അവരുടെ സങ്കല്‍പം പൂര്‍ണ്ണമായും യാഥാര്‍ഥ്യമായില്ലെങ്കിലും അവയില്‍ ചിലത് വ്യോമ യാത്രയില്‍ പുതിയ മാനങ്ങള്‍ കൊണ്ടുവരാന്‍ ഉപകരിച്ചേക്കുമെന്നു പറയന്നു. വിമാനങ്ങള്‍ കൂടുതല്‍ കാര്യപ്രാപ്തിയുള്ളവയും മലിനീകരണം കുറഞ്ഞവയും ആയിരിക്കണം. അതിനാല്‍ ഈ സങ്കല്‍പം ഭാവിയുടെ വാഗ്ദാനമായിരിക്കും. 

ഈ വിമാനത്തിന് സമുദ്ര നിരപ്പില്‍ നിന്ന് 39,800 അടി ഉയരത്തിലെത്താനും മണിക്കൂറില്‍ 600 കിലോമീറ്റര്‍ സ്പീഡില്‍ പറക്കാനും സാധിക്കും. കണ്‍സെപ്റ്റ് വിമാനത്തിന്റെ നീളം 33.8 മീറ്ററാണ്. ഉയരം 8.2 മീറ്ററാണ്. ചിറകുകള്‍ 48.8 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ വിടര്‍ന്നു നില്‍ക്കുന്നു. 

ചരക്കു മോഡില്‍ ഒരു ഡ്രോണിന്റെ രീതിയില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സാധ്യതയും ഈ സങ്കല്‍പം മുന്നോട്ടുവയ്ക്കുന്നവര്‍ കാണുന്നു. അതുപോലെ പ്രാദേശിക വിമാനത്താവളങ്ങളിലുള്ള ലാന്‍ഡിങും കൂടുതല്‍ സുഗമാണത്രെ. ആകാശത്തെക്കുയര്‍ന്നു പറക്കുന്നതു പോലെ തന്നെ നിരത്തിലേക്കെത്താനും എളുപ്പമാണെന്നാണ് അക്കാ കമ്പനി പറയുന്നത്. 

പറക്കും ടാക്‌സി

നാസയും (NASA) ഊബറും ഈ വര്‍ഷം ആദ്യം പറക്കും ടാക്‌സി സംവിധാനത്തില്‍ തങ്ങളും ആകൃഷ്ടരാണെന്നു പറഞ്ഞിരുന്നു. നഗരങ്ങളിലായിരിക്കും ഇത്തരം ഒരു സംവിധാനം പരീക്ഷിക്കപ്പെടുക. ഇപ്പോഴത്തെ പ്രധാന പറക്കും ടാക്‌സി പ്രൊജക്ടുകളായ ജോബി ഏവിയേഷനും, കിറ്റി ഹോക്കിനും അവരുടെ നീക്കങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള ഫണ്ട് അമേരിക്കന്‍ മിലിറ്ററി തന്നെ നല്‍കിയിരുന്നു.

ഇലക്ട്രിക് മോട്ടറുകള്‍, ബാറ്ററി സാങ്കേതികവിദ്യ, സ്വതന്ത്ര (autonomous) സോഫ്റ്റ്‌വെയര്‍ തുടങ്ങിയവയിലുണ്ടായ വന്‍ കുതിപ്പ് ഇലക്ട്രിക് എയര്‍ ടാക്‌സി എന്ന സങ്കല്‍പം യാഥാര്‍ഥ്യമാക്കനുള്ള സാധ്യതകള്‍ പതിന്മടങ്ങു വര്‍ധിപ്പിച്ചു. ഗൂഗിൾ (ആല്‍ഫബെറ്റ്) മേധാവിയായ ലാറി പെയ്ജും പറക്കും ക്യാബ് എന്ന സങ്കല്‍പ്പത്തിനായി ധാരാളം പണമിറക്കിയിട്ടുണ്ട്. കിറ്റി ഹോക്ക് ഇപ്പോള്‍ത്തന്നെ നിരവധി രജിസ്‌ട്രേഷന്‍സ് നടത്തിക്കഴിഞ്ഞിരിക്കുന്നു. ജോബി ഏവിയേഷന്‍ കൂടുതല്‍ രഹസ്യാത്മകമായ കമ്പനിയാണ്. പറക്കും ടാക്സി ലക്ഷ്യത്തിന് അവര്‍ വളരെ അടുത്തെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജോബിയുടെ പറക്കും കാര്‍ പ്രോട്ടോടൈപ്പ് ആയ S2 മോഡലിന് 16 ഇലക്ട്രോണിക് പ്രൊപ്പെല്ലറുകളുണ്ട്. ഇവയില്‍ 12 എണ്ണം നേരെ മുകളിലേക്ക് പൊങ്ങാനും ലാന്‍ഡു ചെയ്യാനും വാഹനത്തെ അനുവദിക്കുന്ന തരമാണ്. ഒരു റണ്‍വേയും ആവശ്യമില്ല എന്നതും ഇതിന്റെ അനുകൂല ഘടകമാണ്. ഹെലികോട്പടറിനെ പോലെ ലംബമായി ഉയര്‍ന്ന ശേഷം 12 പ്രൊപ്പല്ലറുകള്‍ ഒതുക്കിവച്ച ശേഷം, വിമാനത്തെ പോലെ ഗ്ലൈഡു ചെയ്തു പറക്കാമെന്നതാണ് ഇതിന്റെ മെച്ചം. 

എയര്‍ബസും (Airbus) ഇത്തരം ഒരു സങ്കല്‍പം പ്രാവര്‍ത്തികമാക്കാനാണ് ശ്രമിക്കുന്നത്. ആല്‍ഫാ വണ്‍ എന്നു പേരിട്ടിരിക്കുന്ന അവരുടെ ഏറ്റവും പുതിയ വാഹന പ്രൊജക്ടിന്റെ (Vahana Project) കന്നിപ്പറക്കല്‍ ഈ വര്‍ഷം നടത്തിക്കഴിഞ്ഞു. പൈലറ്റ് വേണ്ടാത്ത ‘പ്രൊജക്ട് വാഹന’യുടെ വിഡിയോ താഴെ കാണാം.

എയര്‍സ്‌പെയ്‌സ്എക്‌സ് (AirSpaceX) ആണ് ഇത്തരം പ്രൊജക്ടുകളില്‍ മുന്നിലെത്തിരിയിരിക്കുന്ന മറ്റൊരു കമ്പനി. ഇത്തരം 2,500 എയര്‍ക്രാഫ്റ്റ് അമേരിക്കയിലെ 50 നഗരങ്ങളില്‍ തങ്ങള്‍ 2026ല്‍ എത്തിക്കുമെന്നാണ് അവര്‍ പറയുന്നത്. അവരുടെ ഏറ്റവും പുതിയ മോബി-വണ്‍ മോഡലിനെ കുറിച്ച് അറിയാന്‍ ഈ വിഡിയോ കാണാം.

ഹൈ സ്പീഡ് ഇന്റര്‍നെറ്റ് ആണ് അവര്‍ ഒരുക്കുന്ന മറ്റൊരു ഫീച്ചര്‍. പുതിയ വിമാന സങ്കല്‍പങ്ങള്‍ വാനിലുയരണമെങ്കില്‍ പത്തു വര്‍ഷമെങ്കിലും ഇനിയും കാത്തരിക്കേണ്ടിവരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.