വിമാനം ‘താഴേക്കിട്ടു’, 189പേർ നിലവിളിച്ചു, ചെവിയിലും മൂക്കിലും രക്തം

അയർലൻഡിലെ ഡബ്ലിനിൽ നിന്ന് യാതൊരു പ്രശ്നങ്ങളുമില്ലാതെയായിരുന്നു യാത്രയുടെ തുടക്കം. രാത്രി 8.07 മണിയോടെ റിയാനേറിന്റെ ആ FR7312 ഫ്ലൈറ്റ് പറന്നുയർന്നത്. പക്ഷേ രണ്ടേക്കാൽ മണിക്കൂർ വരുന്ന യാത്രയിൽ ആകാശത്തു വച്ചുണ്ടായത് തികച്ചും അപ്രതീക്ഷിത സംഭവങ്ങൾ. യാത്രക്കാരെല്ലാം നിലവിളിയോടെയാണ് അതിനെ നേരിട്ടത്. ഏറെ നേരത്തെ പരിഭ്രാന്തിക്കൊടുവിൽ വിമാനം സുരക്ഷിതമായി താഴെയെത്തിയപ്പോൾ യാത്രക്കാർ പറഞ്ഞു: ‘ഇത്രയും ഭീതി നിറഞ്ഞൊരു യാത്ര ജീവിതത്തിൽ അനുഭവിച്ചിട്ടില്ല’.

ഡബ്ലിനിൽ നിന്ന് ക്രൊയേഷ്യയിലെ സദാറിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ഏകദേശം ഒന്നേക്കാല്‍ മണിക്കൂർ യാത്രയ്ക്ക് ശേഷം വിമാനം താഴേക്ക് വീഴുകയായിരുന്നു. 37,000 അടി ഉയര‍ത്തിൽ പറക്കുകയായിരുന്നു വിമാനം 10,000 അടി താഴേക്ക് പതിച്ചു. ഫ്ലൈറ്റ്റഡാർ24 ഡോട്ട് കോമിന്റെ റിപ്പോർട്ട് പ്രകാരം ഏഴു മിനിറ്റോളം 10,000 അടി ഉയര‍ത്തിൽ യാത്ര തുടർന്നുവെന്നാണ്.

യാത്രക്കാരെല്ലാം യാത്ര ആസ്വദിക്കുന്ന സമയത്താണ് ഈ സംഭവം ഉണ്ടാകുന്നത്. വിമാനം താഴേക്കു വന്നതോടെ കാബിനിലെ വായു മര്‍ദ്ദത്തിൽ മാറ്റം വന്നു. ഇതോടെ യാത്രക്കാരുടെ മൂക്ക്, ചെവി പൊട്ടി രക്തം വരാൻ തുടങ്ങി. പലരും രക്തം പുരണ്ട കൈകളുമായി പ്രത്യക്ഷപ്പെട്ടതോടെ വിമാനത്തിനകത്ത് കരച്ചിലും ബഹളവുമായി. ഇതിനിടെ മുകളിൽ നിന്ന് ഓക്സിജൻ മാസ്കുകൾ യാത്രക്കാരുടെ സീറ്റിലേക്ക് വീണു. പിന്നീടുള്ള യാത്ര ഓക്സിജൻ മാസ്ക് ധരിച്ചായിരുന്നു.

കാബിനിലെ മർദ്ദം കുറഞ്ഞ് മുപ്പതോളം യാത്രക്കാരുടെ ചെവിയിൽ നിന്ന് രക്തം വരാൻ തുടങ്ങിയതോടെ വിമാനം ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു. പരുക്കേറ്റ യാത്രക്കാരെ എല്ലാം ആശുപത്രിയിലേക്ക് മാറ്റി. ഒരു മുന്നറിയിപ്പും ഇല്ലാതെ ഓക്സിജൻ മാസ്കുകൾ താഴേക്ക് വീണതോടെ യാത്രക്കാർ ഭയന്നു.

എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയിപ്പുണ്ടായില്ലെന്ന് യാത്രക്കാരിൽ ഒരാൾ ട്വീറ്റ് ചെയ്തു. ഇതോടെ എല്ലാവരും ഓക്സിജൻ മാസ്ക് ധരിച്ചു, വിമാനത്തിനകത്ത് മൊത്തം കരച്ചിലും ബഹളവുമായിരുന്നു, രക്തം കണ്ടു ചില യാത്രക്കാർ താഴെ വീണു, വിവരിക്കാൻ കഴിയാത്ത കാഴ്ചകളാണ് കണ്ടതെന്നും യാത്രക്കാർ പറയുന്നു.

പൈലറ്റുമാരോ, വിമാനത്തിലെ ജീവനക്കാരോ എന്താണ് സംഭവിച്ചതെന്ന് മുൻപെ പറഞ്ഞിരുന്നില്ല. വിമാനം താഴേക്ക് വീഴുന്നുവെന്നും ഞങ്ങളെല്ലാം മരിക്കാൻ പോകുകയാണെന്ന് കരുതി യാത്രക്കാർ ഭയന്നു വിറച്ചു. വിമാനത്തിനകത്തു നിന്നുള്ള ചിത്രങ്ങളും വിഡിയോയും യാത്രക്കാരുടെ ഭീതി വ്യക്തമാക്കുന്നുണ്ട്.