കൊച്ചിയിൽ ഭീഷണിയായി 'ക്രോസ് വിൻഡ്'; ഒഴിവായത് വൻ ദുരന്തം

Representative Image

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങാനെത്തിയ വിമാനത്തിന്റെ സ്ഥാനം തെറ്റിച്ചത് ക്രോസ് വിൻഡ് പ്രതിഭാസം. കൊച്ചിയിലെ കാലാവസ്ഥ മോശമായതിനാൽ ശക്തമായ കാറ്റുണ്ടായിരുന്നു. ഇതോടെ വിമാനത്തിന്റെ നിയന്ത്രണം ശക്തമായ കാറ്റിൽ നഷ്ടമാകുകയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ കൊച്ചിയിൽ നിന്നു സമാനമായ നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

വിമാനം റൺവേയിൽ അൽപ്പം മാറിയിറങ്ങിയെങ്കിലും പൈലറ്റ് ഉടൻ നേർരേഖയിലാക്കിയതിനാൽ വൻ ദുരന്തം ഒഴിവാക്കാനായി. റൺവേയിലെ ഏതാനും ലൈറ്റുകൾ നശിച്ചതൊഴിച്ചാൽ പ്രശ്നങ്ങളൊന്നുമില്ല. കുവൈത്തിൽ നിന്ന് 4.25ന് എത്തിയ കുവൈത്ത് എയർവെയ്സിന്റെ കെയു 357 വിമാനമാണ് ക്രോസ് വിൻഡിൽ കുടുങ്ങിയത്. 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനു സമീപ പ്രദേശങ്ങളിൽ ചൊവ്വാഴ്ച ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. ഇതോടെ പൈലറ്റ് ജാഗ്രതയിലായി. എന്നാൽ ശക്തമായ ക്രോസ് വിൻഡ് വിമാനത്തിന്റെ നിയന്ത്രണം അൽപം ബുദ്ധിമുട്ടിലാക്കി. റൺവേയുടെ മധ്യരേഖയിൽ നിന്ന് ഒരു മീറ്റർ മാറിയാണ് വിമാനം ലാൻഡു ചെയ്തത്. 

എന്താണ് ക്രോസ് വിൻഡ് ? 

എതിർ വശങ്ങളിൽ നിന്നു വരുന്ന കാറ്റിനെയാണ് ക്രോസ് വിൻഡ് എന്നു പറയുന്നത്. ലോകത്ത് നിരവധി വിമാന അപകടങ്ങൾക്ക് ക്രോസ് വിൻഡ് കാരണമായിട്ടുണ്ട്. ചുഴലിക്കു സമാനമായ കാറ്റായിരുന്നു ചില ദിവസങ്ങളിൽ കൊച്ചിയിൽ കണ്ടുവരുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം പറയുന്നത്. 

ക്രോസ് വിൻഡ് പ്രതിഭാസത്തിൽപെട്ട് ഗൾഫ് എയർ വിമാനം 2011 ൽ നിയന്ത്രണം വിട്ട് റൺവേയ്ക്കു പുറത്തേക്കു പോയിരുന്നു. അന്ന് ഏഴു യാത്രക്കാർക്ക് പരുക്കേറ്റതിനു പുറമെ റൺവെ അടച്ചിടുകയും ചെയ്തിരുന്നു. മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിലൊക്കെ ക്രോസ് വിൻഡ് അടിച്ചാൽ വിമാനം സുഖകരമായി ലാൻഡ് ചെയ്യുക ബുദ്ധിമുട്ടാണ്. ഇത്തരം പ്രതിഭാസങ്ങളെ നേരിടാൻ മികച്ച പൈലറ്റുമാർക്ക് മാത്രമെ സാധിക്കൂ. 

ക്രാബ് ലാൻഡിങ് 

ശക്തമായ ക്രോസ് വിൻഡ് അടിക്കുന്ന സമയത്ത് വിമാനം ലാൻഡ് ചെയ്യുന്നതിനെ ക്രാബ് ലാൻഡിങ് എന്നാണ് പറയുന്നത്. കാറ്റിനെ പ്രതിരോധിക്കാൻ വിമാനം ചെരിച്ച് പറത്തിയാണ് റൺവേയിലിറക്കുക. ഇതിനാൽ തന്നെ കാറ്റിന്റെ ശക്തിയിൽ വിമാനം ചെരിഞ്ഞാലും റൺവെ വിട്ട് പുറത്തുപോകില്ല.