എമർജൻസി പവർ ബാങ്കുകളുമായി വിദ്യാർഥികൾ

മൊബൈൽ ഫോണുകളുടെ ബാറ്ററി ചാർജ് തീർന്നു പ്രളയബാധിത പ്രദേശങ്ങളിൽ ഒറ്റപ്പെട്ടവർക്ക് എമർജൻസി പവർ ബാങ്കുകൾ തയാറാക്കി നൽകി തലസ്ഥാനത്തെ എൻജിനീയറിങ് വിദ്യാർഥികൾ. ബാർട്ടൺഹിൽ എൻജിനീയറിങ് കോളജിലെ മെക്കാനിക്കൽ വിഭാഗം വിദ്യാർഥികൾ തയാറാക്കി നൽകിയ നൂറുകണക്കിനു പവർ ബാങ്കുകൾ ഇന്നലെ മുതൽ സൈന്യം പ്രളയബാധിത പ്രദേശങ്ങളിൽ എയർഡ്രോപ് ചെയ്തുതുടങ്ങി. ഫോണുകളുടെ ചാർജ് തീർന്നതോടെ രക്ഷാപ്രവർത്തനം പോലും പലയിടത്തും അസാധ്യമായെന്നറിഞ്ഞാണു വിദ്യാർഥികളുടെ ജീവകാരുണ്യ സംഘടനയായ 'ഇൻസ്പയർ' രംഗത്തെത്തിയത്.

ഏതാനും ബാറ്ററികൾ, ഹോൾഡർ, ഡേറ്റാ കേബിൾ എന്നിവ ചേർത്തുണ്ടാക്കിയ താൽക്കാലിക സംവിധാനമാണിത്. ഓഫായി പോയ ഫോണുകൾ 20 ശതമാനം വരെ ഒറ്റത്തവണ ചാർജ് ചെയ്യാൻ കഴിയും. ബബിൾ റാപ്പ് ഉപയോഗിച്ചു പൊതിഞ്ഞാണ് ഹെലികോപ്റ്ററിൽ നിന്ന് ഇട്ടുകൊടുക്കുന്നത്. യൂട്യൂബിൽ കണ്ട ചില മാതൃകകൾ വികസിപ്പിച്ചാണ് പവർ ബാങ്കുകൾ തയാറാക്കിയത്. ആദ്യഘട്ടമായി 100 പവർബാങ്കുകൾ കൈമാറി. ഇന്ന് 200 പവർ ബാങ്കുകൾ കൂടി അയയ്ക്കും.

തകരപ്പറമ്പിലെ ഇലക്ട്രിക്കൽ കടകളിൽ ആവശ്യം പറഞ്ഞതോടെ പലരും വിലകുറച്ചു നൽകി.എന്നാൽ രണ്ടു ദിവസം കൊണ്ടു നഗരത്തിലെ മുഴുവൻ സാധനങ്ങളും തീർന്നതോടെ തഞ്ചാവൂർ ഭാഗത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ദുരിതബാധിതർക്കു പുറമേ സന്നദ്ധപ്രവർത്തകർക്കും പവർ ബാങ്കുകൾ ആവശ്യമാണെന്നു ജില്ലാ ഭരണകൂടങ്ങൾ വിദ്യാർഥികളെ അറിയിച്ചിട്ടുണ്ട്

1.5 വോൾട്ടിന്റെ നാലു ബാറ്ററികൾ ഒരു ഹോൾഡറിൽ ഘടിപ്പിച്ച് ഡേറ്റാ കേബിളിന്റെ സഹായത്തോടെ തയാറാക്കുന്നതാണ് യൂസ് ആൻഡ് ത്രോ പവർ ബാങ്കുകൾ. ഇവ ഒരു തവണ 20 ശതമാനം ചാർജ് ചെയ്യാൻ മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ചാർജിങ് സമയം കൂടുതലായിരിക്കും. നാലിനു പകരം എട്ട് ബാറ്ററികൾ ഉപയോഗിച്ചു കൂടുതൽ കാര്യക്ഷമമായ പവർ ബാങ്കുകൾ നിർമിക്കാനും ആലോചനയുണ്ട്.

ചാർജർ കടിച്ചു പൊട്ടിക്കണോ?

അടിയന്തരഘട്ടങ്ങളിൽ ഫോൺ ഓഫ് ആയി പോയാൽ ചാർജിങ് കേബിൾ കടിച്ചുമുറിച്ച് അതിലെ വയറുകൾ ക്ലോക്കിലെയും ടിവി റിമോട്ടിലെയോ ബാറ്ററിയുമായി ബന്ധിപ്പിച്ചു ചാർജ് ചെയ്യാമെന്ന സന്ദേശം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സാങ്കേതികമായി ഇതു ശരിയാണെങ്കിലും പലപ്പോഴും ഒരു ശതമാനം ചാർജ് പോലും ചെറിയ ബാറ്ററികൾക്കു നൽകാൻ കഴിഞ്ഞെന്നു വരില്ല. ഫോൺ ആവശ്യത്തിനു ചാർജ് ആകില്ലെന്നു മാത്രമല്ല ചാർജിങ് കേബിൾ എന്നന്നേക്കുമായി ഉപയോഗശൂന്യമാകുകയും ചെയ്യും.