Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആപ്പിളിനെ മര്യാദ പഠിപ്പിച്ച് ചൈന; 25,000 ആപ്പുകള്‍ നീക്കി

Apple Inc

കഴിഞ്ഞ ദിവസം വന്ന ഒരു റിപ്പോര്‍ട്ടു പ്രകാരം ആപ്പിളിന്റെ ചൈനയിലെ ആപ് സ്റ്റോറില്‍ നിന്ന് കമ്പനിക്ക് 25,000 ആപ്പുകള്‍ നീക്കം ചെയ്യേണ്ടി വന്നു. ആപ്പിളിന് ചൈനീസ് ആപ് സ്റ്റോറിലുള്ളത് 18 ലക്ഷം ആപ്പുകളാണെന്നും അവയില്‍ 25,000 എണ്ണം നീക്കം ചെയ്തുവെന്നുമാണ്  ചൈനീസ് സർക്കാർ നിയന്ത്രിത ടെലിവിഷന്‍ ചാനലായ സിസിടിവിയുടെ വാര്‍ത്തയില്‍ വ്യക്തമാക്കുന്നത്. ഓഗസ്റ്റ് ഒമ്പതിനു മാത്രം 4,000 ആപ്പുകള്‍ എടുത്തു കളഞ്ഞു.

ആപ്പിളും ആപ്പുകള്‍ എടുത്തു കളയേണ്ടിവന്ന കാര്യം സമ്മതിച്ചിട്ടുണ്ട്. ആപ്‌സ്റ്റോറില്‍ വഞ്ചനാപരമായ പ്രവര്‍ത്തികള്‍ ഒഴിവാക്കാനും സർക്കാറിന്റെ ഉത്തരവ് നടപ്പിലാക്കുന്നതിനുമായി തങ്ങള്‍ ചില ആപ്പുകള്‍ നീക്കം ചെയ്തതായി ആപ്പിള്‍ പറഞ്ഞിരിക്കുന്നത്. ചൂതാട്ടവുമായി ബന്ധപ്പെട്ടവയാണ് ഈ ആപ്പുകളത്രെ. ആപ്പ് ഡെവലപ്പര്‍മാര്‍ ചൈനീസ് ആപ്പ് സ്റ്റോറിലേക്കായി സമര്‍പ്പിക്കുന്ന പുതിയ ചൂതാട്ട ആപ്പുകള്‍ തങ്ങള്‍ സ്വീകരിക്കുന്നതു നിറുത്തിയിരിക്കുകയാണ് എന്നും കമ്പനി പറയുന്നു. ചൂതാട്ടവമെന്നു തോന്നിപ്പിക്കുന്ന ആപ്പുകളും നീക്കംചെയ്യാന്‍ ആപ്പിള്‍ നിര്‍ബന്ധിതരായി. ചൂതാട്ടമൊഴികെയുള്ള വിഭാഗത്തിലുള്ള ആപ്പുകളെ പരിഗണനയ്ക്കായി സമര്‍പ്പിക്കാവൂ എന്നും ആപ്പിളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചൂതാട്ടം ചൈനയില്‍ നിയമപരമല്ല.

ചൂതാട്ട ആപ്പുകള്‍ക്കെതിരെ നടപടിയെടുക്കാത്തതിന് ചൈനീസ് മാധ്യമങ്ങളും ആപ്പിളിനെതിരെ വാളെടുത്തിരുന്നു. നിയമപരമല്ലാത്ത ആപ്പുകള്‍ പ്രചരിപ്പിക്കുന്നു എന്നതാണ് അവര്‍ ആപ്പിളിനെതിരെ ഉന്നയിച്ച ആരോപണം. ഇതേ തുടര്‍ന്ന് ആപ്പിളും തങ്ങളുടെ ആപ് സ്റ്റോറിലെത്താനായി പരിഗണിക്കേണ്ട ആപ്പുകള്‍ക്ക് ചില നിബന്ധനകള്‍ വയ്ക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതു പോലെ 700 വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് (VPN) ആപ്പുകള്‍ ആപ്പിളിന് ചൈനീസ് ആപ് സ്റ്റോറില്‍ നിന്ന് എടുത്തു കളയേണ്ടതായി വന്നിരുന്നു. വിപിഎന്‍ ആപ്പുകള്‍ ഉപയോഗിച്ച് മറ്റൊരു രാജ്യത്തുനിന്നാണ് എന്നു തോന്നിപ്പിച്ച് ചൈന ബാന്‍ ചെയ്തിരിക്കുന്ന വെബ്‌സൈറ്റുകളും മറ്റും ചൈനക്കാര്‍ക്ക് സന്ദര്‍ശിക്കാമായിരുന്നു.

വിദേശ കമ്പനികള്‍ക്ക് തങ്ങളുടെ രാജ്യത്ത് അവരുടെ താത്പര്യങ്ങള്‍ യഥേഷ്ടം പ്രചരിപ്പിക്കുന്നതിന് കടിഞ്ഞാണിടുന്ന ശ്രമത്തിലാണ് ചൈന. ഓണ്‍ലൈനിലൂടെ പ്രചരിക്കുന്ന ഉള്ളടക്കത്തിന്റെ കാര്യത്തില്‍ പോലും ചൈന ശ്രദ്ധിക്കുന്നുണ്ട്. ചൈനയെ പിണക്കുന്ന കാര്യം ആപ്പിളിന് ചിന്തിക്കാൻ ആവില്ല. കാരണം അമേരിക്ക കഴിഞ്ഞാല്‍ ലോകത്തെ അവരുടെ ഏറ്റവും പ്രധാനപ്പെട്ട മാര്‍ക്കറ്റാണ് ചൈന. കൂടാതെ, അവരുടെ ഉപകരണങ്ങളുടെ വില പിടിച്ചു നിറുത്തിയിരിക്കുന്നത് അവ ചൈനയില്‍ നിര്‍മിക്കുന്നതു കൊണ്ടാണ്. ഐഫോണുകളുടെയും, ഐപാഡുകളുടെയും, മാക്കുകളുടെയും മറ്റും ഏറ്റവും വലിയ നിര്‍മാണശാലകള്‍ ചൈനയിലാണ്. ആപ്പിളിന് ചൈനയിലുള്ള സ്ഥാനത്തിനെതിരെ സ്വദേശി കമ്പനികളായ വാവെയും മറ്റും രംഗത്തെത്തിയിട്ടുണ്ട്. വാവെയ്, ZTE തുടങ്ങിയ കമ്പനികളെ അമേരിക്ക പുറത്താക്കിയിരുന്നു.

അമേരിക്കയുമായുള്ള വാണിജ്യ യുദ്ധത്തിന് ചൈന തയാറെടുക്കുകയാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ചൈനീസ് ഉപകരണങ്ങളും മറ്റും അമേരിക്കന്‍ വിപണിയില്‍ വില്‍ക്കുന്നതിനു വിലക്കു വരുന്നതിനാലാണിത്. അമേരിക്കന്‍ കമ്പനികളുടെ പ്രൊഡക്ടുകള്‍ ചൈനീസ് ഉപയോക്താക്കള്‍ ബഹിഷ്‌കരിക്കുന്ന കാലം വന്നേക്കാമെന്നും പറയുന്നു.

25,000 ആപ്പുകള്‍ നീക്കം ചെയ്യേണ്ടിവരുന്നത് ആപ്പിളിന് പ്രശ്മുള്ള കാര്യമായിരിക്കില്ല. പക്ഷേ, ഇതിലൂടെ മനസിലാക്കേണ്ടത് വിദേശ കമ്പനികള്‍ക്ക് ചൈനയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പാലിക്കേണ്ടിവരുന്ന നിയമങ്ങളെക്കുറിച്ചാണ്. ചൈനയ്ക്കായി പുതിയ സേര്‍ച് എഞ്ചിന്‍ ഒരുക്കാന്‍ തുടങ്ങുന്ന ഗൂഗിളിനും മറ്റും ഇതൊരു മുന്നറിയിപ്പു കൂടെയാണ്. 2013ല്‍ ചൈനീസ് അധികാരികളോട് ആപ്പിളിന് ക്ഷമാപണം നടത്തേണ്ടിവന്നിട്ടുണ്ട് എന്നതും വിസ്മരിച്ചു കൂടാ.