ലോകത്ത് നാളെ പലതും സംഭവിക്കും; ചൈനയിലേത് തുടക്കം മാത്രം?

ഭാവിയിലെ ചിപ്പ് ധാരികളായ മനുഷ്യരെ വരുതിക്കു നിർത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനു സാധിച്ചേക്കുമെന്ന പ്രവചനം നേരത്തെ കേട്ടിരുന്നു. എന്നാല്‍ ഗവേഷകൻ മൈക്കൽ കൊസിൻസ്കിയുടെ അവകാശവാദം ശരിയാണെങ്കില്‍ ചിപ്പൊന്നുമില്ലാത്ത ഇന്നത്തെ മനുഷ്യരുടെ മുഖം നോക്കി അവരുടെ രാഷ്ട്രീയ ചായ്‌വ്, സ്വവര്‍ഗാനുരാഗിയാണോ, കുറ്റകൃത്യത്തിന് ഇറങ്ങിയിരിക്കുയാണോ എന്നൊക്കെ എഐക്ക് ഇപ്പോഴേ പറയാമത്രേ. ടെക് ലോകത്തു നാളെ സംഭവിക്കാൻ പോകുന്നതിന്റെ സൂചനകള്‍ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളിൽ കണ്ടുതുടങ്ങിയിട്ടുണ്ട്.

പൊതുസ്ഥലങ്ങളിലെ സിസിടിവികളില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചാല്‍ ഒരാള്‍ നിയമം ലംഘിക്കുന്നതിനു മുൻപ് അയാളെ പൊലീസിനു പിടിക്കാമെന്നാണ് അവകാശവാദം. ഇത്തരം സാങ്കേതികവിദ്യ സ്വകാര്യതയ്ക്കായി വാദിക്കുന്നവരുടെ എതിർപ്പു ക്ഷണിച്ചുവരുത്തുമെങ്കിലും പല ജീവനുകളും രക്ഷിക്കാനാകുമെന്നാണു കൊസിൻസ്കിയുടെ പക്ഷം.

നിങ്ങളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്താല്‍ നിങ്ങളുടെ രാഷ്ട്രീയം മുതല്‍ ഐക്യു വരെ ഒറ്റനോട്ടത്തില്‍ പറയാന്‍ സാധിക്കുന്ന നിര്‍മിത ബുദ്ധി ഒരുക്കിയിരിക്കുകയാണ് അദ്ദേഹം. ഈ സ്റ്റാന്‍ഫെഡ് ഗവേഷകന്‍ കഴിഞ്ഞ വര്‍ഷം വാര്‍ത്തയില്‍ വന്നത് ഗെയ്ഡാര്‍ (guydar- സ്വവര്‍ഗാനുരാഗികളെ തിരിച്ചറിയാനുളള എഐ) കണ്ടുപിടിച്ചതിനാണ്. ഈ സിസ്റ്റത്തിലേക്ക് ഒരു ഫോട്ടോ ഫീഡ് ചെയ്താല്‍ അയാള്‍ സ്വവര്‍ഗാനുരാഗിയാണോ അല്ലയോ എന്നു പറയുമത്രേ. അദ്ദേഹത്തിന്റെ പുതിയ കണ്ടുപിടിത്തത്തിന് കുറ്റകൃത്യം നടക്കുന്നതിനു മുൻപേ തടയാൻ കഴിയുമെന്നാണ് അവകാശവാദം.

മുഖഭാവത്തില്‍നിന്ന് ഒരാളുടെ ഉദ്ദേശ്യം മനസ്സിലാക്കുന്നതെങ്ങനെ എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറയുന്നത്, ഒരാളുടെ ടെസ്റ്റൊസ്റ്റെറോം (testosterone- പേശിവളര്‍ച്ചയെയും ലൈംഗിക വളര്‍ച്ചയെയും നിയന്ത്രിക്കുന്ന ഹോര്‍മോണ്‍) അളവ് മുഖത്തു പ്രതിഫലിക്കുമെന്നും അത് തന്റെ നിര്‍മിത ബുദ്ധിക്കു വായിച്ചെടുക്കാനാകുമെന്നുമാണ്. ‘ടെസ്റ്റോസ്‌റ്റെറോമിന്റെ അളവ് കുറ്റകൃത്യം ചെയ്യാനുള്ള താൽപര്യവുമായി ബന്ധപ്പെട്ടതാണ്. അവ മുഖഭാവവുമായും ബന്ധപ്പെട്ടു കിടക്കുന്നു’: അദ്ദേഹം പറയുന്നു. കൂടാതെ, നമുക്ക് ഇന്നറിയാത്ത നിരവധി പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടുപിടിക്കാനാകും. കംപ്യൂട്ടറുകള്‍ക്ക് ഇതെല്ലാം നിസ്സാരമായിരിക്കുമെന്നും കൊസിൻസ്കി പറയുന്നു.

സിസിടിവികളില്‍ ഈ ഫീച്ചറുണ്ടെങ്കിൽ, വഴിതെറ്റിപ്പോയവരെയും തട്ടിക്കൊണ്ടുപോകപ്പെട്ടവരെയും കുറ്റകൃത്യം ചെയ്യാന്‍ ഇറങ്ങിയിരിക്കുന്നവരെയുമൊക്കെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിയമപാലകർക്കു തിരിച്ചറിയാമെന്നാണ്. അപകടകാരിയായ ഒരു മനുഷ്യനെ തിരിച്ചറിയാനായാല്‍ കുറ്റകൃത്യം നടക്കാതിരിക്കാമെന്നാണ് അദ്ദേഹത്തിന്റെ വാദം. പൊതുസ്ഥലങ്ങളിലെ ക്യാമറകള്‍ക്ക് ഈ ഫീച്ചർ നല്‍കണമെന്നും അദ്ദേഹം വാദിക്കുന്നു. ഇതില്‍ സ്വകാര്യതയുടെ പ്രശ്നമുണ്ട്. പക്ഷേ, അതൊരു ജീവന്‍ രക്ഷിച്ചേക്കാം. കുറച്ചു കാലംകൂടി കഴിഞ്ഞാല്‍ സ്‌കൂളുകളില്‍ പ്രവേശന ഇന്റര്‍വ്യൂ വേണ്ടിവരില്ല, ഇത്തരം ക്യാമറകളുടെ മുൻപില്‍ ഇരുത്തി നല്ല വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കാമെന്നും അദ്ദേഹം അവകാശപ്പെടുന്നു.

മുഖത്തെപ്പറ്റി എഐയെ പഠിപ്പിച്ചെടുക്കാന്‍ പല തരത്തിലുള്ള നിരവധി ഫോട്ടോകള്‍ ഫീഡ് ചെയ്യുന്നു. ഗെയ്ഡാറിനു പരിശീലനം കൊടുക്കാന്‍ ഓണ്‍ലൈന്‍ ഡയറ്റിങ് വെബ്‌സൈറ്റുകളില്‍ നിന്നുള്ള ചിത്രങ്ങളാണ് ഉപയോഗിച്ചത്. ഇവ പഠിച്ച ശേഷം എഐക്ക് സ്വവര്‍ഗാനുരാഗികളായ പുരുഷന്‍മാരെ 91 ശതമാനവും സ്ത്രീകളെ 83 ശതമാനവും കൃത്യതയോടെ കണ്ടെത്താനായി.

കുറ്റവാളികളെ കണ്ടെത്താമെന്ന അവകാശവാദത്തില്‍ കഴമ്പുണ്ടോ?

മുഖഭാവം അവലോകനം ചെയ്ത് ഒരു വ്യക്തി കുറ്റവാസനയുള്ളവനാണോ എന്നു കണ്ടെത്താമെന്ന മറ്റൊരു വിവാദ പ്രബന്ധം 2016ല്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. ഇതിനൊപ്പം നടത്തിയ പഠനത്തില്‍, 18നും 55നും മധ്യേ പ്രായമുള്ള 1,856 ചൈനീസ് പുരുഷന്മാരുടെ ചിത്രങ്ങള്‍ ഫീഡ് ചെയ്ത് അവയില്‍നിന്ന് കുറ്റവാളികളായ 730 പേരുടെ ചിത്രങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച മറ്റൊരു പ്രബന്ധം പറയുന്നത്, അവരുടെ കംപ്യൂട്ടറുകളുടെ അവലോകന പ്രകാരം ചെറിയ വായും വളവു കൂടിയ മേല്‍ച്ചുണ്ടും (curvier upper lips), ഇറുക്കിപ്പിടിച്ചതു പോലെയുള്ള കണ്ണുകളുമുള്ള ആളുകള്‍ ക്രിമിനലുകളാകാനുള്ള സാധ്യത കൂടുതലാണെന്നാണ്. ഈ പരീക്ഷണത്തില്‍, ഒരു മെഷീന്‍ ലേണിങ് അല്‍ഗോരിതത്തിലെ നാലു ക്ലാസിഫയറുകളിലേക്ക് ലക്ഷക്കണക്കിനു ഫോട്ടോ ഫീഡ് ചെയ്ത് വിവിധ തരം ക്ലാസിഫിക്കേഷന്‍ ടെക്‌നികുകളിലൂടെ മുഖപ്രകൃതി അവലോകനം ചെയ്താണ് ഈ കണ്ടെത്തല്‍ നടത്തിയത്. നാലു ക്ലാസിഫയറുകളും ഒരു പോലെ ഈ കണ്ടെത്തല്‍ ശരിവച്ചു എന്നതാണ് ഗവേഷകര്‍ പ്രബന്ധം പുറത്തു വിടാന്‍ കാരണം. മുഖത്തിന്റെ ഘടന കുറ്റവാളികളെ ഒറ്റുമെന്നാണ് അവരുടെ വാദം. 

വിവാദം

ഡോ. കൊസിൻസ്കിയുടെ പരീക്ഷണങ്ങള്‍ ഗേ, ലെസ്ബിയന്‍ തുടങ്ങിയ ന്യൂനപക്ഷങ്ങളെ ഒറ്റിക്കൊടുക്കുമെന്നതാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യയ്ക്കു നേരിടേണ്ടി വന്ന ഏറ്റവും വലിയ വിമര്‍ശനം. ലോകത്തെ ഏറ്റവും വലിയ സ്വവര്‍ഗാനുരാഗി സംഘടനയായ ഗ്ലാഡ് (GLAAD), കൊസിന്‍സ്‌കിയുടെ തിരിച്ചറിയല്‍ രീതി പരിതാപകരമാണെന്നാണു പ്രതികരിച്ചത്. 

ഒരാളുടെ ജീവിതചരിത്രം, വളര്‍ന്നുവന്ന സാഹചര്യങ്ങള്‍, ആരോഗ്യം എന്നിവയൊക്കെ അയാളുടെ മുഖത്തു പ്രതിഫലിക്കുമെന്നാണ് കൊസിൻസ്കി  പറയുന്നത്. ഇത്തരം സാങ്കേതികവിദ്യ അപകടകരവും ഭയപ്പെടുത്തുന്നതുമാണ്. എന്നാല്‍ സൂക്ഷിച്ചുപയോഗിച്ചാല്‍ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യാമത്രേ.

എങ്ങനെയാണ് മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ പ്രവര്‍ത്തിക്കുന്നത്?

കംപ്യൂട്ടറിലേക്കു ഫീഡു ചെയ്യപ്പെട്ട ഫോട്ടോ അവലോകനം ചെയ്താണ് ഒരാളെ തിരിച്ചറിയുന്നത്. ഓരോ മുഖത്തിനും അനന്യമായ ഏകദേശം 80 നോഡല്‍ പോയിന്റുകളുണ്ട്. ഇവ കണ്ണ്, മൂക്ക്, വായ, താടി, കവിളുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇവയാണ് ഒരാളില്‍നിന്നു മറ്റൊരാളെ തിരിച്ചറിയാന്‍ സഹായിക്കുന്നത്. വിഡിയോ ക്യാമറയിലൂടെ കാണാവുന്ന ഒരു മുഖത്തിന്റെ സവിശേതകള്‍ കംപ്യൂട്ടറിന് അവലോകനം ചെയ്യാം. മൂക്കിന്റെ വലിപ്പം, കണ്‍കുഴികളുടെ ആഴം, കണ്ണുകള്‍ തമ്മിലുള്ള അകലം, താടിയുടെ സവിശേഷത തുടങ്ങയവ ഇതിനു സഹായകമാകും. 

പുതിയ തരം സ്മാര്‍ട് സര്‍വൈലന്‍സ് ക്യാമറകളിൽ ഈ സാങ്കേതികവിദ്യ ഉൾപ്പെടുത്തിക്കഴിഞ്ഞു. ഇവയ്ക്ക് 200 കോടി മുഖങ്ങളെ സെക്കന്‍ഡുകള്‍ക്കുള്ളില്‍ തിരിച്ചറിയാം. ചൈനയിലാണ് ഇവ പുറത്തിറങ്ങിയിരിക്കുന്നത്. ചൈനയില്‍ ഇത്തരം 20 ലക്ഷം ക്യാമറകള്‍ പരസ്പരം ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുകയും തങ്ങള്‍ക്കു വേണ്ട ആളുകളെ കണ്ടെത്താന്‍ സർക്കാരിനെ സഹായിക്കുകയും ചെയ്യുന്നു. ഒരാളുടെ മുന്‍ ചിത്രങ്ങള്‍ കണ്ട ശേഷം ഓരോരുത്തര്‍ക്കും സംഖ്യാപരമായ കോഡ് സൃഷ്ടിക്കുന്നു. ഈ ക്യാമറകള്‍ പിടിച്ചെടുക്കുന്ന വിഡിയോ വീണ്ടും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്ള കംപ്യൂട്ടറുകളിലൂടെ കടത്തി വിടുന്നതിലൂടെ, പിശകുകള്‍ സംഭവിച്ചാല്‍ തിരുത്തുകയും ചെയ്യാം.

മുഖംതിരിച്ചറിയല്‍ സാങ്കേതികവിദ്യ താമസിയാതെ വിരലടയാളത്തെക്കാളേറെ ഉപയോഗിക്കപ്പെടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 3D ഫെയ്‌സ് റെക്കഗ്നിഷന്‍ സിസ്റ്റങ്ങള്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഒരാളുടെ മുഖം തിരിച്ചറിയും. ഡോ. കോസിൻസ്കിയുടേതു പോലെയുള്ള പരീക്ഷണങ്ങള്‍ തുടക്കം മാത്രമാണ്. രാഷ്ട്രീയ ചായ്‌വും മറ്റും മുഖത്തു പ്രതിഫലിക്കുമെന്നു പറയുന്നത് എത്ര വിശ്വസനീയമാണ് എന്നിപ്പോള്‍ പറയാനാകില്ല. പക്ഷേ, ഇത്രകാലം സാധിക്കാതിരുന്ന കാര്യങ്ങള്‍ ഇനി സാധിക്കും. ഇവ ഭാവിയില്‍ പിഴവറ്റതായിത്തീരാം.