‘ആപ്പിൾ ചൈന വിടുന്നതാണ് നല്ലത്, ഐഫോൺ യുഎസിൽ നിർമിക്കുക’

ചൈനയുമായുള്ള വ്യാപാര യുദ്ധത്തിന്‍റെ അനന്തരഫലങ്ങൾ വേട്ടയാടാതിരിക്കണമെങ്കില്‍ യുഎസിൽ നിർമാണം ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് ആപ്പിളിനോട് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ‘ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ തീരുവയിൽ വരുത്താൻ സാധ്യതയുള്ള വലിയ വർധനവ് കണക്കിലെടുക്കുമ്പോൾ ആപ്പിൾ ഉൽപന്നങ്ങളുടെ വില വർധിക്കാൻ സാധ്യതയുണ്ട്. പൂർണമായും നികുതി ഇല്ലാതാക്കാന്‍ ഒരു വഴിയുണ്ട്. നിങ്ങളുടെ ഉൽപന്നങ്ങളുടെ നിർമാണം ചൈനക്ക് പകരം യുഎസില്‍ ആരംഭിക്കുക.’- ട്രംപ് ട്വീറ്റ് ചെയ്തു.

എന്നാൽ യുഎസിലെ ഉയർന്ന വേതന നിരക്ക് കണക്കിലെടുക്കുമ്പോൾ ചൈനയിൽ നിർമിക്കുന്ന ഉൽപന്നങ്ങളുടെ നികുതി തീരുവ ഉണ്ടാക്കുന്ന അധിക ബാധ്യത മറികടക്കാനാകില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചൈനീസ് സാധനങ്ങള്‍ക്ക് മേൽ 50 ബില്യനിന്‍റെ അധിക തീരുവ ചുമത്തിയ ട്രംപ് ഭരണകൂടം, യുഎസിലേക്കുളള എല്ലാ ചൈനീസ് ഇറക്കുമതിക്കും നികുതി ഏർപ്പെടുത്തുമെന്നും വ്യക്തമാക്കിയിരുന്നു.

നിർമാതാക്കളെ സംബന്ധിച്ചിടത്തോളം അധിക ബാധ്യത വരുത്തിവയ്ക്കുന്ന തീരുവ സംബന്ധിച്ച് യുഎസിലെ വ്യവസായികൾ ആശങ്ക രേഖപ്പെടുത്തി കഴിഞ്ഞു. എന്നാൽ നയം തിരുത്താന്‍ ട്രംപ് ഇതുവരെ സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ല. കടുത്ത നയങ്ങൾ ഭാവിയിൽ ഗുണം ചെയ്യുമെന്ന നിലപാടിലാണ് ഭരണകൂടം.