ബിജെപിയുടെത് വൻ തന്ത്രങ്ങൾ; കണക്കുകളിൽ മുന്നിൽ, നയിക്കാൻ വാട്സാപ് ഗ്രൂപ്പുകൾ

ഇനി ഡേറ്റാ വിശകലനം അറിയാന്‍ പാടില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ പണി നിറുത്തുന്നതാണു ഭേദം. ഡേറ്റയാണ് എല്ലാം. ഫെയ്‌സ്ബുക്, ഗൂഗിള്‍ തുടങ്ങിയ കമ്പനികളില്‍ നിന്നു ലഭിച്ചേക്കാവുന്ന രഹസ്യ വിവരങ്ങള്‍ ഇല്ലെങ്കില്‍ കൂടി പരസ്യമാക്കപ്പെട്ട ഡേറ്റ വിശകലനം ചെയ്തു പോലും തിരഞ്ഞെടുപ്പില്‍ ആളുകളെ വശത്താക്കാം. ഇന്ത്യയില്‍ ഇതറിയാവുന്ന ചുരുക്കം ചില രാഷ്ട്രീയ പാര്‍ട്ടികളിലൊന്നാണ് ബിജെപി. ആം ആദ്മി പാര്‍ട്ടിയാണ് മറ്റൊന്ന്.

ഈ വര്‍ഷം ജൂലൈയില്‍ ബെംഗളൂരുവില്‍ ഒരു മീറ്റിങ് നടന്നു. മീറ്റിങ്ങിന്റെ പേര് 'രാഷ്ട്രീയത്തിനുവേണ്ടി ഡേറ്റായുടെ ആയുധവല്‍ക്കരണം' (Weaponising Data for Politics) എന്നായിരുന്നു. അതിൽ പ്രകോപനപരമായ ഒരു പ്രസന്റേഷന്‍ നടത്തിയത് ശിവം ശങ്കര്‍സിങ് ആയിരുന്നു. എങ്ങനെ, അത്ര പരസ്യമല്ലാത്ത ഡേറ്റ പോലും സംഘടിപ്പിച്ച്, വിശകലനം ചെയ്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ടര്‍മാരുടെ രൂപരേഖ തയാറാക്കാം. ഒപ്പം ഫോണുകളിലേക്ക് അവരെ ലക്ഷ്യം വയ്ക്കുന്ന സന്ദേശങ്ങള്‍ നല്‍കാം. എന്നാണ് അദ്ദേഹം വിശദീകരിച്ചത്.

പ്രസാദ്, അദ്ദേഹം ഒരു ഡേറ്റാ വിശകലനതൽപരനാണ്. അടുത്തകാലത്താണ് ബിജെപി ജനറല്‍ സെക്രട്ടറിയും തിരഞ്ഞെടുപ്പു തന്ത്രജ്ഞനുമായ രാം മാധവിന്റെ പ്രചാരണ ടീമില്‍ നിന്ന് പ്രസാദ് രാജിവച്ചത്. ബൂത്തു തലത്തില്‍ പോലുമുള്ള ഡേറ്റ എടുത്ത് ഇതെങ്ങനെ ഉള്‍ക്കാഴ്ച്ചയോടെ പാര്‍ട്ടിക്ക് അനുകൂലമായി ഉപയോഗിക്കാമെന്നു കാണിച്ചു കൊടുത്തിട്ടുണ്ടെന്ന് അദ്ദേഹം തന്നെ പറയുന്നു. ഉദാഹരണത്തിന് ത്രിപുരയില്‍ നടത്തിയ പ്രചാരണം. ശേഖരിച്ച ഡേറ്റയില്‍ നിന്നു ഓരോ സ്ഥലത്തും നടത്തുന്ന മീറ്റിങ്ങുകളില്‍ പ്രസംഗിക്കുമ്പോള്‍ ആ പ്രദേശത്തിനു വേണ്ട പ്രശ്‌നങ്ങള്‍ കണ്ടെത്തി ഉന്നയിക്കുവാൻ സാധിച്ചു. ഇത്തരം പ്രസംഗങ്ങള്‍, പൊതുവെ രാഷ്ട്രീയക്കാർ വന്നു നടത്തിയിട്ടു പോകുന്ന പ്രസംഗങ്ങളെക്കാള്‍ കൂടുതലായി കേള്‍ക്കുന്നയാളുകളെ സ്വാധീനിക്കും. ഏതെല്ലാം ഗോത്രക്കാരുടെ ഇടയില്‍, ഏതെല്ലാം മണ്ഡലങ്ങളില്‍ എന്തൊക്കെ പറയണമെന്നതിനെപ്പറ്റി പ്രചാരണപ്രസംഗം നടത്തുന്നവര്‍ക്ക് കൃത്യമായ അറിവു ലഭിച്ചു.

ഡേറ്റ മുതലാക്കിയ ബറാക് ഒബാമ

ലോകമെമ്പാടും സോഷ്യല്‍മീഡിയ തിരഞ്ഞെടുപ്പിലെ ഒരു വലിയ ഘടകമായി മാറുകയാണ്. എളുപ്പത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. ഇതാദ്യമായി വിജയകരമായി ചൂഷണം ചെയ്ത രാഷ്ട്രീയക്കാരില്‍ ഒരാള്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയാണ്. ഫെയ്‌സ്ബുക്, ട്വിറ്റര്‍ സന്ദേശങ്ങളിലൂടെ എന്തു ചെയ്യാനാകുമെന്ന് അദ്ദേഹമാണ് ലോകനേതാക്കള്‍ക്കു കാണിച്ചു കൊടുത്തത്. (സാമൂഹ്യമാധ്യമങ്ങളില്‍ നിന്നുള്ള ഡേറ്റ ദുരുപയോഗത്തിന്റെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിച്ച ഫെയ്‌സ്ബുക്-കേംബ്രിജ് അനലിറ്റിക്കാ വിവാദം ഇവിടെ ചര്‍ച്ച ചെയ്യണ്ടല്ലോ.) ഇന്ത്യയില്‍ ഒബാമയുടെ ചുവടു പിടിച്ചു നീങ്ങിയ രണ്ടു രാഷ്ട്രീയക്കാരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിയും കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ കെജ്രിവാളും യുവ വോട്ടര്‍മാര്‍ക്കിഷ്ടപ്പെട്ട നേതാക്കളായത് അവരുടെ സോഷ്യല്‍മീഡിയ പ്രാവിണ്യം കൊണ്ടു കൂടിയാണ്.

ഇപ്പോള്‍ എല്ലാ പാര്‍ട്ടികള്‍ക്കും അവരുടെ ഡേറ്റാ വിശകലന സെല്ലുണ്ട്. പക്ഷേ, ആര്‍ക്കും ബിജെപിയുടെ വൈദഗ്ധ്യത്തിനൊപ്പമെത്താൻ കഴിയുന്നില്ലെന്നു മാത്രം. കഴിഞ്ഞ വര്‍ഷം ഭുവനേശ്വറില്‍ നടന്ന ബിജെപി ദേശീയ എക്‌സിക്യൂട്ടിവ് മീറ്റിങ്ങില്‍ തങ്ങളുടെ 80 ശതമാനം വിജയവും വന്നത് ബൂത്തു ഘടകങ്ങളില്‍ നിന്നായിരുന്നു എന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്.

അടുത്ത തിരഞ്ഞെടുപ്പുകളില്‍ മൊബൈല്‍ ഫോൺ താരമാകും

അടുത്തു വരുന്ന തിരഞ്ഞെടുപ്പുകളില്‍ മത്സരം നടക്കുന്നത് മൊബൈല്‍ ഫോണുകളിലായിരിക്കും. ഒരുതരത്തില്‍ പറഞ്ഞാല്‍ അവ വാട്‌സാപ് ഇലക്‌ഷനുകളായിരിക്കുമെന്നാണ് ബിജെപിയുടെ ഐടി സെല്ലിന്റെ തലവന്‍ അമിത് മാളവ്യ വ്യക്തമാക്കുന്നത്. മാളവ്യയാണ് ബിജെപിയുടെ സാമൂഹ്യമാധ്യമ നയം നടപ്പാക്കുന്നതും പാര്‍ട്ടി അനുഭാവികളെ ഫെയ്‌സ്ബുക്, ട്വിറ്റർ, വാട്‌സാപ്പുമൊക്കെ ഉപയോഗിക്കാന്‍ പരിശീലിപ്പിക്കാനുള്ള അവസരമൊരുക്കുന്നതും. ഫെയ്‌സ്ബുക്കും വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമുമാണ് ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള സാമൂഹ്യമാധ്യമങ്ങള്‍.

അടുത്തു നടന്ന കര്‍ണ്ണാടക തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി അനുഭാവികളും സന്നദ്ധസേവകരും ഏകദേശം 25,000 വാട്‌സാപ് ഗ്രൂപ്പുകള്‍ സൃഷ്ടിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഒരു വാട്‌സാപ് ഗ്രൂപ്പില്‍ 256 അംഗങ്ങൾ അനുവദനീയം. കര്‍ണ്ണാടക മോഡല്‍ അനുവര്‍ത്തിക്കുന്നത് തങ്ങള്‍ക്ക് അനൂകൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ബിജെപിയുടെ ഐടി സെല്‍ വാദം. ഈ മീറ്റിങ്ങിനിടെ കര്‍ണ്ണാടക ടീമും ഇനി തിരഞ്ഞെടുപ്പു നടക്കാന്‍ പോകുന്ന രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ടീമുകളും തമ്മില്‍ നിരവധി ചർച്ചകൾ നടന്നത്രേ.

താഴേക്കിടയിലുള്ള അനുഭാവികളെ ഒരുമിപ്പിക്കാനും, സന്ദേശങ്ങള്‍ വേഗം കൈമാറാനും ഏറ്റവും എളുപ്പമുള്ള മാര്‍ഗം വാട്‌സാപ്പാണ്. അതിനാൽ തന്നെയാണ് അതിലൂടെയുള്ള പ്രചരണത്തിന് ഇലക്ഷൻ സമയത്ത് മൂർച്ച കൂടുക. കര്‍ണ്ണാടകയില്‍ അനുവര്‍ത്തിച്ച രീതികള്‍ അടുത്തു വരുന്ന തിരഞ്ഞെടുപ്പുകളിലും പൊതു തിരഞ്ഞെടുപ്പിലും പാര്‍ട്ടി പുറത്തെടുക്കും. രാജ്യത്തെ 29 സംസ്ഥാനങ്ങളില്‍ ഓരോന്നിലും 15,000 വാട്‌സാപ് ഗ്രൂപ്പുകള്‍ വച്ച് രൂപികരിച്ചാല്‍ അതില്‍ 11 കോടി ആളുകളെ ഉള്‍ക്കൊള്ളിക്കാം. 2014ലെ ലോക്‌സഭാ വിജയം ബിജെപിക്കു സമ്മാനിച്ചത് 18 കോടിയില്‍ താഴെ ജനങ്ങളാണ് എന്നറിഞ്ഞാല്‍ ഈ സംഖ്യയുടെ പ്രാധാന്യം മനസ്സിലാക്കാം.

മാളവ്യ ഇന്ത്യ മുഴുവന്‍ സഞ്ചരിക്കുന്നു. ഉള്‍ഗ്രാമങ്ങളില്‍ പോലുമെത്തി അദ്ദേഹം സന്നദ്ധസേവകര്‍ക്കു പരിശീലനം നല്‍കുകയും സർക്കാരിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് സംസാരിക്കുയും ചെയ്യുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ ഇവ ജനങ്ങളിലേക്കെത്തിക്കാന്‍ അദ്ദേഹം അക്ഷീണം യത്‌നിക്കുന്നു. ബിജെപിയുടെ സന്ദേശങ്ങള്‍ എത്തിക്കാന്‍ തന്റെ കീഴില്‍ ഇപ്പോള്‍ 12 ലക്ഷം പേരുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. രാജസ്ഥാനില്‍ പാര്‍ട്ടിയുടെ ഐടി സെല്ലിന്റെ ചുമതലയുള്ള അവിനാഷ് ജോഷി പറയുന്നത് തങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ വ്യക്തമായ ഒരു പ്ലാന്‍ ഉണ്ടെന്നാണ്. സംസ്ഥാനത്തെ ജില്ലകളായും, മണ്ഡലങ്ങളായും തരം തിരിച്ചിരിക്കുന്നു. ഓരോ വിഭാഗത്തിനും അതിന്റെ ഐടി സെല്ലുമുണ്ട്. ഓരോന്നിലും നിരവധി പേർ പ്രവർത്തിക്കുന്നു.

വിശദമായ പ്രൊഫൈലിങ്

ഒരുപക്ഷേ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇതുവരെ ആരും നടത്താത്ത തരം പ്രൊഫൈലിങ് ആണ് ബിജെപി നടത്തുന്നത്. അതവരുടെ മികവു തെളിയിക്കുന്നു. ഇന്ത്യ പോലെ വൈവിധ്യമുള്ള രാജ്യത്ത് കൂടുതല്‍ ആളുകളിലേക്ക് എത്തുക എന്നതിനേക്കാളേറെ പ്രാദേശിക വിഷയങ്ങളും വ്യക്തിത്വങ്ങളുമായിരിക്കും ജനങ്ങളെ സ്വാധീനിക്കാന്‍ സാധ്യതയുള്ളത്. ശിവം ശങ്കര്‍ നടത്തിയ പ്രസന്റേഷനില്‍ എങ്ങനെ തിരഞ്ഞെടുപ്പു പട്ടികയില്‍ നിന്ന് (electoral rolls) ഓരോ ബൂത്തിലുമുള്ള ആളുകളെ പറ്റിയുള്ള പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കാമെന്നു കാണിച്ചു തരുന്നു. ഇതിലേക്ക് ഓരോ സ്ഥലത്തുമുള്ള പാര്‍ട്ടി അനുഭാവികള്‍ വോട്ടര്‍മാരുടെ ജാതിയും സമുദായ പശ്ചാത്തലവും അവരുടെ പരമ്പരാഗത വോട്ടിങ് രീതിയുമെല്ലാം നല്‍കുന്നു. ഇത് നേതാക്കന്മാര്‍ക്ക് എളുപ്പത്തില്‍ ഓരോ മണ്ഡലത്തെപ്പറ്റിയും പഠിക്കാന്‍ സഹായിക്കുന്നു. ഡേറ്റാ വില്‍പനക്കാരില്‍ നിന്ന് ടെലിഫോണ്‍ വിവരങ്ങളും ചേര്‍ക്കുമ്പോള്‍ ഈ വിവരങ്ങള്‍ കൂടുതല്‍ കൃത്യതയുള്ളതാകുന്നു. ഒരാളുടെ സാമ്പത്തിക സ്ഥിതി അറിയാന്‍ അയാളുടെ വൈദ്യുതി ബില്‍ സംഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവരുടെ ബില്‍ എളുപ്പത്തില്‍ സംഘടിപ്പിക്കാമെങ്കിലും മധ്യവര്‍ഗ-ഉപരിവര്‍ഗക്കാരുടെ ബില്ലും ബ്ലാക് മാര്‍ക്കറ്റില്‍ ലഭ്യമാണ്. അല്ലെങ്കില്‍ യൂട്ടിലിറ്റീസ് വെബ്‌സൈറ്റില്‍ നിന്ന് ഒരു ലളിതമായ പ്രോഗ്രാം ഉപയോഗിച്ച് ചോര്‍ത്താം. ഈ വിശദാംശങ്ങള്‍ വാട്‌സാപ്പിലൂടെ സമൂഹത്തിലെ ഓരോ മേഖലയിലുമുള്ള ആളുകള്‍ക്ക് വ്യത്യസ്തമായ സന്ദേശങ്ങള്‍ അയയ്ക്കാന്‍ ഉപകരിക്കും.

പാര്‍ട്ടി സ്വന്തമായി വാട്‌സാപ് ഗ്രൂപ്പുകള്‍ ഉണ്ടാക്കാറില്ല. അതു ചെയ്യുന്നത് അനുഭാവികളും സന്നദ്ധപ്രവര്‍ത്തകരുമാണ്. ഒരു വിദ്യാര്‍ഥി കോളേജിലെ തന്റെ കൂട്ടുകാര്‍ക്കായി ഗ്രൂപ് സൃഷ്ടിച്ചേക്കാം. ഒരു മതാനുഭാവി ആ കൂട്ടായ്മയിലെത്തുന്നവര്‍ക്കായി വേറൊരെണ്ണം സൃഷ്ടിക്കും. ഒരു ചാര്‍ട്ടേ്ഡ് അക്കൗണ്ടന്റും ഡോക്ടറും വക്കീലുമൊക്കെ തങ്ങളുടെ സ്ഥിതിക്കനുസരിച്ചുള്ളവര്‍ക്കായി ഗ്രൂപ്പുകള്‍ സൃഷ്ടിക്കും. ഓരോ ഗ്രൂപ്പും അതിന് അനുയോജ്യമായ രീതിയിലായിരിക്കും പ്രശ്‌നങ്ങളും മറ്റും ചര്‍ച്ചചെയ്യുക. എന്നാല്‍, ഇതിനെല്ലാം കുടപിടിക്കാനായി പാര്‍ട്ടി സമൂഹത്തില്‍ വിലയുള്ളവരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുയും ചെയ്യും. ഇവരുടെ സന്ദേശങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ആളുകളിലേക്ക് എത്തും.

ആരെങ്കിലും അയയ്ക്കുന്ന സന്ദേശങ്ങള്‍ ആളുകളില്‍ അത്ര ചലനമുണ്ടാക്കണമെന്നില്ല. ഇതിനായി സന്ദേശം ലഭിക്കുന്നവര്‍ക്ക് വിശ്വാസമുള്ളവരെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തും. ഇതിനെയാണ് പാര്‍ട്ടി തങ്ങളുടെ ഇക്കോസിസ്റ്റം സ്ട്രാറ്റജി എന്നു വിളിക്കുന്നത്. ഇതു സന്ദേശങ്ങളുടെ ആധികാരികതയും വിശ്വാസ്യതയും വര്‍ധിപ്പിക്കും.

പാര്‍ട്ടിക്കുള്ളിലെ ബഹുസ്വരതയെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ഒരു കൂടാരം പോലെയാകാനാണ് ബിജെപിയുടെ ഐടി സെല്‍ ശ്രമിക്കുന്നത്. അതില്‍ വികാസ് പാണ്ഡെയെ പോലെയുള്ളവര്‍ക്കും സ്ഥാനമുണ്ട്. (ലോകത്തെ ഏറ്റവും ജനസമ്മതിയുള്ള ഫെയ്‌സ്ബുക് ഫാന്‍ പേജായ 'ഐ സപ്പോര്‍ട്ട് നരേന്ദ്ര മോദി' അദ്ദേഹം നടത്തുന്നതാണ്.)

ഡേറ്റാ രാഷ്ട്രീയം

ഈ സോഷ്യല്‍ മീഡിയ വിപ്ലവത്തില്‍ റിലയന്‍സ് ജിയോയുടെ പങ്ക് ചെറുതല്ല. 2016 സെപ്റ്റംബറിലാണ് ജിയോ തങ്ങളുടെ 4ജി സര്‍വീസ് തുടങ്ങിയത്. ആറു മാസത്തേക്ക് ഫ്രീയായിരുന്നു. ആധാര്‍ കാര്‍ഡ് വെരിഫിക്കേഷനിലൂടെ ആര്‍ക്കും സിം എടുക്കാമായിരുന്നു. 170 ദിവസത്തിനുള്ളില്‍ ജിയോ വരിക്കാരായത് 10 കോടി ആളുകളാണ്. ജിയോയുടെ വളര്‍ച്ചയും മറ്റു ടെലികോം കമ്പനികളുടെ പതനവും ഇന്നാര്‍ക്കും അറിയാവുന്ന സംഭവമാണല്ലോ. ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് നടക്കുന്ന 2017 ഫെബ്രുവരി-മാര്‍ച്ച് കാലഘട്ടത്തിലെത്തുമ്പോള്‍ ജനങ്ങളിലേക്ക് വിലകുറഞ്ഞ 4ജി എത്തിയിരുന്നു. തിരഞ്ഞെടുപ്പു പ്രചാരകരെ സംബന്ധിച്ച് ഇതൊരനുഗ്രഹമായിരുന്നു എന്നാണ് ഒരു പ്രാദേശിക നേതാവു പറഞ്ഞത്. ഇതിനൊപ്പം ചൈനക്കാരുടെ വിലകുറഞ്ഞ ഹാന്‍ഡ്‌സെറ്റുമെത്തിയപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി.

പ്രധാനമന്ത്രി മോദിയുടെ പേരിലുള്ള മൊബൈല്‍ ആപ്പ് 2015ലാണ് അവതരിപ്പിച്ചത്. ഇത് ജനങ്ങളോട് നേരിട്ടിടപെടാനും അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ നേരിട്ടെത്താനും സഹായിച്ചു. ഇതിലൂടെ മോദിക്കും അമിത് ഷായ്ക്കും വേണമെങ്കില്‍ ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തകരോടു പോലും നേരിട്ടു സംവാദിക്കാം. ചില സന്നദ്ധപ്രവര്‍ത്തകരെ ഈ ആപ്പ് ജനങ്ങളിലേക്ക് എത്തിക്കാന്‍ മാത്രമായി നിയമിക്കുകയും ചെയ്തു. ഈ ആപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പ് 50 ലക്ഷം ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു.

2017ല്‍ വിലകുറഞ്ഞ ജിയോഫോണ്‍ (JioPhone) അവതരിപ്പിച്ചപ്പോള്‍ പ്രധാന മന്ത്രിയുടെ മന്‍ കീ ബാത് പരിപാടിയാണ് കാണിച്ചതെന്നതും പലരും ചൂണ്ടിക്കാണിക്കുന്നു. ഇതാകട്ടെ ഹര്‍ഷാരവത്തോടെയാണ് അവിടെ കൂടിയിരുന്നവര്‍ സ്വീകരിച്ചത്. ജിയോഫോണില്‍ ജിയോയുടെതല്ലാത്ത വളരെ ചുരുക്കം ആപ്പുകളില്‍ ഒന്നാണ് നരേന്ദ്ര മോദി ആപ്പ്. ഏകദേശം നാലു കോടി ജിയോ ഫോണ്‍ വിറ്റതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഈ ഫോണ്‍ 50 കോടി എണ്ണം വില്‍ക്കാനുള്ള തയാറെടുപ്പിലാണ് കമ്പനിയെന്നാണ് ജിയോയുടെ ഉടമ മുകേഷ് അംബാനി പറയുന്നതത്രെ.

ഉടന്‍ വരുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ബിജെപി ബൂത്തടിസ്ഥാനത്തില്‍ സാമൂഹ്യമാധ്യമ കൗശലങ്ങള്‍ മെനയുകയാണ്. ഒരു പ്രവര്‍ത്തകന്‍ വാട്‌സാപ് സന്ദേശങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കുക മാത്രമല്ല ചെയ്യേണ്ടത് മറിച്ച് സ്ഥിരമായി മോദി ആപ് ഉപയോഗിക്കുകയും വേണം.

എന്നാൽ അടുത്തകാലത്തായി പാര്‍ട്ടി വാട്‌സാപ്പില്‍ ഇത്രയധികം ഗ്രൂപ്പുകള്‍ സൃഷ്ടിച്ചു മെനഞ്ഞ തന്ത്രം വാട്‌സാപ്പിന്റെ കണ്ണില്‍ പെട്ടു. നിരവധി അക്കൗണ്ടുകളിലായി, ആയിരക്കണക്കിനു ഗ്രൂപ്പുകള്‍ സൃഷ്ടിച്ച ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരെ വാട്‌സാപ് തിരിഞ്ഞതായി വാര്‍ത്തകളുണ്ടായിരുന്നു. ഇത് തങ്ങള്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കുകയും, ദൂരുപയോഗം തങ്ങളുടെ മെഷീന്‍ ലേണിങ് ടൂളിലൂടെ കണ്ടെത്തി മുളയിലെ നുള്ളിക്കളയുകയും ചെയ്യുമെന്ന് അവര്‍ പറഞ്ഞത്.

അടുത്തകാലത്തായി വാട്‌സാപ്പും സർക്കാരും തമ്മില്‍ ഒരു സ്വരച്ചേര്‍ച്ചിയല്ലായ്മയും പ്രകടമായിരുന്നു. ജനക്കൂട്ട ആക്രമണങ്ങളെല്ലാം വാട്‌സാപ്പിലൂടെയാണ് സാധ്യമായിരിക്കുന്നതെന്ന് സർക്കാരും, തങ്ങളെ മാത്രം ബലിയാടാക്കുന്നത് എന്തിനാണെന്നു വാട്‌സാപ്പും. ഒരു പക്ഷേ, ഇതിനോടു കൂട്ടി വായിക്കാവുന്ന മറ്റൊരു വാര്‍ത്ത ടെക്‌നോളജിയുമായി ഒരു ബന്ധവുമില്ലാത്ത ഒരാള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ഒരു മെസേജിങ് ആപ്പിന്റെ കാര്യമായിരിക്കും. എന്തൊക്കെയായാലും ഭാവിയിലെ തിരഞ്ഞെടുപ്പു യുദ്ധങ്ങള്‍ നടക്കുക ടെലികോം നെറ്റ്‌വര്‍ക്കുകളിലൂടെയായിരിക്കും.

സ്മാര്‍ട് ഫോണ്‍ രാഷ്ട്രീയം

ഇന്ത്യയിലെ വാട്‌സാപ്പ് ഉപയോക്താക്കളുടെ എണ്ണം-20 കോടിയിലേറെ

ബിജെപി
ഫെയ്‌സബുക്: 14.6 മില്യന്‍; യൂട്യൂബ്: 0.45 മില്യന്‍; ട്വിറ്റര്‍: 10 മില്യന്‍

നരേന്ദ്ര മോദി
ഫെയ്‌സ്ബുക്ക്: 42.7 മില്യന്‍; യൂട്യൂബ്: 1 മില്യന്‍; ട്വിറ്റര്‍: 43.6 മില്യന്‍

രാഹുല്‍ ഗാന്ധി
ഫെയ്‌സ്ബുക്: 1.8 മില്യന്‍; യൂട്യൂബ് : 27,814; ട്വിറ്റര്‍: 7.45 മില്യന്‍

കോണ്‍ഗ്രസ്
ഫെയ്‌സ്ബുക്: 4.8 മില്യന്‍; യുട്യൂബ്: 135,457; ട്വിറ്റര്‍: 4.52 മില്യന്‍

എഎപി
ഫെയ്‌സ്ബുക്: 3.4 മില്യന്‍; യൂട്യൂബ്: 87,184; ട്വിറ്റര്‍: 4.69 മില്യന്‍

അരവിന്ദ് കെജ്രിവാള്‍
ഫെയ്‌സ്ബുക്: 7 മില്യന്‍; ട്വിറ്റര്‍: 14 മില്യന്‍