വണ്‍പ്ലസിന്റെ സ്മാര്‍ട് ടിവിയ്ക്ക് 5G, നിർമിത ബുദ്ധിയും

Representative Image

ചൈനീസ് കമ്പനിളെല്ലാം ഓരോ ദിവസവും പുതിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. അടുത്തകാലം വരെ മുന്‍നിര കമ്പനികള്‍ ആദ്യം പരീക്ഷിക്കാത്ത ഫീച്ചറുകള്‍ മറ്റുള്ളവര്‍ എടുക്കാറില്ലായിരുന്നു. എടുത്താലും അവയ്ക്ക് സ്വീകര്യത ലഭിക്കില്ലായിരുന്നു. അത്തരം വഴക്കങ്ങളെല്ലാം മാറ്റിയെഴുതുകയാണ് വാവെയുടെ നേതൃത്വത്തില്‍ ഒരു പറ്റം ചൈനീസ് കമ്പനികള്‍. അനുദിനം ആത്മവിശ്വാസം വര്‍ധിച്ചു വരുന്ന ഈ കമ്പനികളുടെ കൂട്ടത്തില്‍ ഷവോമിയും വണ്‍പ്ലസും വിവോയുമുണ്ട്.

ഷവോമിക്കു പിന്നാലെ അവരുടെ പ്രൊഡക്ട് ലൈന്‍-അപില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ് സ്മാര്‍ട് ഫോണ്‍ നിര്‍മാണത്തില്‍ മികവു തെളിയിച്ച വണ്‍പ്ലസ്. അവരുടെ ആദ്യ സ്മാര്‍ട് ടിവി അടുത്ത വര്‍ഷം വിപണിയിലെത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

5ജിയുടെ വരവോടെ കണക്ടഡ് സ്മാര്‍ട് ഉപകരണങ്ങളുടെ നിര്‍മാണത്തില്‍ നിലവിലുള്ള ചിന്താഗതി മാറ്റണമെന്ന് ആദ്യം മനസിലാക്കിയ കമ്പനികളിലൊന്നാണ് വണ്‍പ്ലസ്. അവരുടെ ആദ്യ സ്മാര്‍ട് ടിവിക്ക് 5ജി കണക്ടിവിറ്റി നല്‍കുമെന്നാണ് വണ്‍പ്ലസ് പറയുന്നത്. അടുത്ത തലമുറയിലെ സ്മാര്‍ട് വീട്ടുപകരണങ്ങളില്‍ മുഴുവന്‍ ഇത്തരം പൊളിച്ചെഴുത്തുകള്‍ ആവശ്യമായി വരും.

വണ്‍പ്ലസിന്റെ പ്രശസ്തമായ പിക്ചര്‍ ക്വാളിറ്റിക്കും ഓഡിയോ ക്വാളിറ്റിക്കുമൊപ്പം 5ജി കണക്ടിവിറ്റിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉണ്ടാകുമെന്നാണ് കമ്പനിയുടെ മേധാവി പീറ്റ് (Pete Lau) പറയുന്നത്. ഈ ടിവികള്‍ വണ്‍പ്ലസ് ഫോണുകളുമായി എളുപ്പത്തില്‍ സംവാദിക്കുന്നവയുമായിരിക്കും. ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ (ഐഒഎസ്, മാക്ഒഎസ്, വാച്ച്ഒഎസ്) തമ്മിലുള്ള ഒത്തൊരുമ പോലെ ഒന്നാണ് അദ്ദേഹത്തിന്റെ മനസിലുള്ളത്. തങ്ങളുടെ ആദ്യ ടിവി 2019ല്‍ ഇറങ്ങുമെന്നു പറഞ്ഞെങ്കിലും താനൊരു അമിത പ്രതീക്ഷ നല്‍കുന്നവനല്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യ തലമുറ ടിവി പെട്ടിയില്‍ നിന്നിറക്കുമ്പോഴെ ഉജ്ജ്വല പ്രകടനം കാഴ്ചവയ്ക്കണമെന്നില്ല. പക്ഷേ, തുടര്‍ന്നുള്ള മാസങ്ങളില്‍ ഫേംവെയര്‍ അപ്‌ഗ്രേഡുകളിലൂടെ അതിനെ മികച്ചതാക്കാന്‍ തങ്ങള്‍ക്കു സാധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. അത് സ്മാര്‍ട് ഫോണുമായി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാന്‍ അഞ്ചു വര്‍ഷം വരെ എടുത്തേക്കാം. എന്നാല്‍, എതിരാളികളുടെ ടിവികളില്‍ കിട്ടുന്ന ഫീച്ചറുകള്‍ വൺപ്ലസ് ടിവിയിലും തുടക്കം മുതല്‍ നല്‍കുന്നതിനായി അവരുടെ എൻജിനീയര്‍മാര്‍ പണിയെടുക്കുകയാണ്.

ഷവോമി ടിവികളുടെ ഗംഭീര വിജയമാണ് വണ്‍പ്ലസിനെ ടിവി വിപണിയിലെ ഒഴുക്കു പരിശോധിക്കാന്‍ പ്രേരിപ്പിക്കുന്നത്. കൂടാതെ, ടിവികളും കണക്റ്റട് അനുഭവത്തിന്റെ മുന്‍പന്തിയിലേക്ക് എത്തുകയാണെന്ന മനസിലാക്കലും ഇതിനു പിന്നിലുണ്ടാകാം.

വണ്‍പ്ലസ് ടിവിക്ക് ഷവോമിയോളം വില താഴ്ത്തിയേക്കില്ല. പക്ഷേ, സോണിയോളവും സാംസങ്ങിനോളവും ഉയര്‍ത്തിയേക്കാനും വഴിയില്ല എന്നത് അവര്‍ക്ക് വിപണിയിൽ സ്വന്തം സ്ഥാനം കൈവരിക്കാന്‍ ഉപകരിച്ചേക്കും.