Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി ഐഒഎസ്12 യുഗം: ഐഫോണിനു പുതുമുഖം; ഇരട്ടി വേഗം, ശല്യങ്ങൾക്ക് വിട

Apple-iOS-12

ഒഎസ് അപ്‌ഡേറ്റുകള്‍ പഴയ മോഡലുകളെ പോലും കൂടുതല്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കേണ്ടതാണ്. അവയ്ക്കു ഏതാനും പുതിയ ഫീച്ചറുകളും കിട്ടുകയും ചെയ്യുന്നുവെന്നാണ് വയ്പ്പ്. ആപ്പിള്‍ കഴിഞ്ഞവര്‍ഷം നന്നായി വിയര്‍പ്പൊഴുക്കിയത് പഴയ മോഡലുകളെ മന്ദീഭവിപ്പിച്ച് പുതിയ മോഡലുകള്‍ വാങ്ങാന്‍ നിര്‍ബന്ധിപ്പിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നപ്പോഴായിരുന്നു.

ഇപ്പോള്‍ ഡൗണ്‍ലോഡു ചെയ്യാവുന്ന, ആപ്പിളിന്റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതുക്കിയ പതിപ്പായ ഐഒഎസ് 12, ആദ്യ സൂചനകള്‍ ശരിവയ്ക്കാമെങ്കില്‍ പഴയ ഉപകരണങ്ങള്‍ക്കു പോലും ഒരു നവ അനുഭവം പകരുന്നുവെന്നാണ്.

ആപ്പുകള്‍ ലോഡാകുന്നതിലടക്കം ഈ മാറ്റം പ്രകടമാണ്. ഇരട്ടി വേഗമുണ്ട്. ഐഒഎസ് 11 ഓടുന്ന എല്ലാ ഉപകരണങ്ങള്‍ക്കും ഐഒഎസ് 12 കിട്ടുമെന്നതാണ് പുതിയ അപ്‌ഡേറ്റിന്റെ മറ്റൊരു ഗുണം. അവരുടെ പാപഭാരം മുഴുവന്‍ കഴുകി കളയാന്‍ ശേഷിയുള്ളതാണ് പുതിയ ഒഎസ്. ഐഫോണ്‍ 5s മുതലുള്ള മോഡലുകള്‍ക്ക് ഇതു ലഭ്യമാണ്. എന്നാല്‍, പഴക്കമനുസരിച്ച് പുതുക്കിയ ഒഎസിലെ ഫീച്ചറുകള്‍ക്കും മാറ്റമുണ്ടായിരിക്കും. ഉപയോക്താക്കളാണ് തങ്ങള്‍ ചെയ്യുന്ന എന്തിന്റെയും കേന്ദ്രമെന്നാണ് ആപ്പിള്‍ മേധാവി ടിം കുക്ക് ഐഒഎസ് 12നെ കുറിച്ചു ഓര്‍മപ്പെടുത്തിയത്.

ഇനിയും ഡൗണ്‍ലോഡ് ചെയ്തിട്ടില്ലാത്തവര്‍ സെറ്റിങ്‌സ് (Settings) തുറന്ന ശേഷം ജനറല്‍ (General) ക്ലിക്ക് ചെയ്യുക. ഇതാണ് ഡീഫോള്‍ട്ടായി തുറന്നു വരുന്നത്. അതിനു ശേഷം സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റില്‍ ക്ലിക്ക് ചെയ്യുക. ഏകദേശം 1.25 ജിബി ഡേറ്റയാണ് വേണ്ടത്. ഇത് മോഡലുകള്‍ക്കനുസരിച്ച് വീണ്ടും മാറിയേക്കാം. മോഡലിനു വേണ്ട ഡേറ്റയുണ്ടെങ്കില്‍ വെറുതെ അപ്‌ഡേറ്റ് കൊടുക്കുക. തുടര്‍ന്ന് ആപ്പിള്‍ ആവശ്യപ്പെടുന്ന ഫോര്‍മാലിറ്റികളും ചെയ്യണം.

സ്‌ക്രീന്‍ ടൈം

സ്മാര്‍ട് ഫോണ്‍ അഡിക്‌ഷനെതിരെയുള്ള മുന്നറിയിപ്പുകള്‍ ആരും ഗൗനിക്കുന്നില്ലെന്ന പരാതിയാണ് ആപ്പിള്‍ ഇത്തവണ പരിഹരിക്കാന്‍ ശ്രമിക്കുന്നതിലൊന്ന്. അതിനായി സ്‌ക്രീന്‍ ടൈം എന്ന ഫീച്ചറാണ് നല്‍കുന്നത്. ഉപയോക്താവിന്റെ ഡിജിറ്റല്‍ സൗഖ്യത്തിനായാണ് ഇത് നല്‍കുന്നത്.

നിങ്ങള്‍ ഓരോ ആപ്പിലും ചിലവഴിക്കുന്ന സമയം വ്യക്തമായി രേഖപ്പെടുത്തി കാണിക്കും. ഇതിലൂടെ വെറുതെ നശിപ്പിച്ച സമയത്തെക്കുറിച്ച് കൃത്യമായ വിവരം കിട്ടും. സ്മാര്‍ട് ഫോണുകളിലും ടാബുകളിലുമൊക്കെയായി ആളുകള്‍ സമയം ചിലവഴിക്കുന്നത് വല്ലാതെ വര്‍ധിച്ചിരിക്കുന്നുവെന്നും ഇത് ഒരു സാമൂഹ്യ വിപത്തായി തീരുകയാണെന്നും സാമൂഹ്യ ശാസ്ത്രജ്ഞരും മറ്റും മുന്നറിയിപ്പു നല്‍കിയിരുന്നു. സ്‌ക്രീന്‍ ടൈമിലൂടെ നോട്ടിഫിക്കേഷന്‍സിനെ പോലും നിയന്ത്രിക്കാം.

ഓരോ ആപ്പും എത്ര സമയം ഒരു ദിവസം ഉപയോഗിക്കാമെന്നതും സ്വയം തീരുമാനിക്കാം. ആപ്പിനു സെറ്റു ചെയ്ത സമയം തീരാന്‍ 5 മിനിറ്റുള്ളപ്പോള്‍ ഉപയോക്താവിനെ ഓര്‍മപ്പെടുത്തും. സമയം കഴിഞ്ഞാല്‍ പിന്നെ ആ ആപ്പ് അടുത്ത ദിവസമേ ഉപയോഗിക്കാനാകൂ. നിങ്ങളുടെ ആപ്പ് ഉപയോഗത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും തരും. ഏതാപ്പാണ് ഏറ്റവും അധികം നോട്ടിഫിക്കേഷന്‍ അയച്ചതെന്നു വരെ പറയും. ഇതെല്ലാം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉപകാരപ്രദമാകും. എന്നാല്‍, അന്തിമ തീരുമാനം ഉപയോക്താവിന്റെതു തന്നെയായിരിക്കും.

സ്മാര്‍ട് ഫോണ്‍ അഡിക്‌ഷന്‍ മുൻപെങ്ങുമില്ലാത്ത ശാരിരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും കുടുംബ-സാമൂഹിക ബന്ധങ്ങളിള്‍ വിള്ളല്‍ വീഴ്ത്തുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഇത്തരം പരിഹാരമാര്‍ഗ്ഗങ്ങള്‍ കൊണ്ടുവരാന്‍ ആപ്പിളിനെ നിര്‍ബന്ധിച്ചത്. എന്നാല്‍, സ്വന്തം സ്മാര്‍ട് ഫോണ്‍ അഡിക്‌ഷന്‍ കുറയ്ക്കണമെങ്കില്‍ അവനവന്‍ തന്നെ മനസുവയ്ക്കുകയും വേണം.

സ്മാര്‍ട് ഫോണ്‍ ജീവിതത്തിനപ്പുറത്തെ ജീവിതത്തെ തിരിച്ചു പിടിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഏറ്റവും ഉചിതമായ ഒന്നായിരിക്കും സ്‌ക്രീന്‍ ടൈം.

ഫോട്ടോസ്

ഫോര്‍ യൂ ടാബില്‍ നിങ്ങളുടെ ഫേവറിറ്റ് ചിത്രങ്ങള്‍ ഒരിടത്തു കാണിക്കും. മെമ്മറീസ്, ഐക്ലൗഡ് ഷെയേഡ് ആല്‍ബംസ് എന്നിവയിലെ ഫേവറൈറ്റ് ചിത്രങ്ങള്‍ ഒരിടത്തു ലഭ്യമാക്കും. പുതിയ ഷെയറിങ് സാധ്യതകളും രസകരമാണ്. പുതിയ ഫീച്ചറുകൾ കമ്പനികള്‍ക്ക് വ്യക്തി സ്വകാര്യതയിലേക്ക് കടന്നു കയറാവുന്നവയാണ്. എന്നാല്‍, നിങ്ങളുടെ ചെയ്തികളിലേക്ക് തങ്ങള്‍ ഒളിഞ്ഞു നോക്കില്ലെന്ന് ആപ്പിള്‍ വാക്കു നല്‍കുന്നുണ്ട്.

ഓഗ്‌മെന്റഡ് റിയാലിറ്റി

ഓഗ്‌മെന്റഡ് റിയാലിറ്റിയുടെ വികാസപരിണാമങ്ങളാണ് പുതുക്കിയ ഒഎസിലെ മറ്റൊരു ശ്രദ്ധാകേന്ദ്രം. ആപ്പിള്‍ പുതിയ ഓഗ്‌മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റിന്റെ പണിപ്പുരയിലാണെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ ഉണ്ടല്ലൊ. എആര്‍കിറ്റ് 2ന് (ARKit 2) ഒരു പുതിയ ഫയല്‍ ഫോര്‍മാറ്റും, പുതിയ ആപ്പും ലഭ്യമാക്കിയിട്ടുണ്ട്. എആര്‍കിറ്റ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന മോഡലുകളില്‍ മാത്രമെ ലഭ്യമാകൂ. ഫോണിന്റെ ക്യാമറയില്‍ കൂടെ നോക്കി, ആപ്പിന് അളവെടുക്കാന്‍ (measure) സാധിക്കും. മെച്ചപ്പെട്ട ഫെയ്സ് ഡിറ്റക്‌ഷന്‍, ഒബ്ജക്ട്റ്റ് ഡിറ്റക്‌ഷന്‍ ഇവ ഓഗ്മെന്റഡ് റിയാലിറ്റിയുടെ ഫീച്ചറുകളാണ്. ഇനി ഓഗ്‌മെന്റഡ് റിയാലിറ്റിയിലെ ഷെയേഡ് അനുഭവവും (shared experience) മെച്ചപ്പെടും. എആര്‍ സ്‌പെയ്‌സില്‍ മൂന്നു പേര്‍ക്കു വരെ ഒരുമിച്ചു ചേരാം.

സിറി സ്മാര്‍ട് ആകുന്നു

ഇപ്പോള്‍ ലോകത്തെ സ്മാര്‍ട് അസിസ്റ്റന്റുകളില്‍ ഏറ്റവും മികച്ചത് സിറിയല്ല. എന്നാല്‍ തങ്ങളുടെ വോയ്സ് അസിസ്റ്റന്റിനും പുതിയ ഫീച്ചറുകള്‍ ആപ്പിള്‍ നല്‍കുന്നു. ഇനി സിറിയ്ക്ക് സ്മാര്‍ട് ഹോമിലെ ഉപകരണങ്ങളോടു സംസാരിക്കാന്‍ ആമസോണ്‍ അലക്‌സയും മറ്റും ചെയ്യുന്നതു പോലെ സാധിക്കും. സിറി തര്‍ജ്ജമ ചെയ്യുന്ന ഭാഷകളുടെ എണ്ണം വര്‍ധിച്ചു. നാല്‍പതിലേറെ ഭാഷകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റാം. പ്രാദേശിക കായിക വിനോദങ്ങള്‍, സൂപ്പര്‍ സ്റ്റാറുകള്‍, ഭക്ഷണം തുടങ്ങിയവയെക്കുറിച്ചെല്ലാം കൂടുതല്‍ അറിവു നേടിയ സിറിയെ ഇനി കാണാം. സിറിക്ക് നിങ്ങളുടെ ഫോട്ടോസിലെ ആളുകളെയും സ്ഥലങ്ങളെയും, സന്ദര്‍ഭങ്ങളെയും മറ്റും തിരിച്ചറിയാനാകും.

ഐബുക്‌സിനോടു വിട

ആപ്പിളിന്റെ ഈ റീഡറായിരുന്ന ഐബുക്‌സ് ഇനി ഉണ്ടാവില്ല. പകരം അതിന് (ആപ്പിള്‍) ബുക്‌സ് എന്ന പേരായിരിക്കും. മറ്റു പ്ലാറ്റ്‌ഫോമുകളിലും ഉപയോഗിക്കാം എന്നതായിരിക്കും പേരുമാറ്റത്തിന്റെ പിന്നിലുള്ളത്.

അനിമോജിയില്‍ നിന്ന് മിമോജിയിലേക്ക്

സ്വന്തം മുഖ സാദൃശ്യമുള്ള ഇമോജികളാണ് അനിമോജി. എന്നാല്‍ ആപ്പിള്‍ തരുന്ന ഇമോജിയിലേക്ക് സ്വന്തം മുഖം സന്നിവേശിപ്പിക്കുകയായിരുന്നു ഇത്രയും കാലം ചെയ്തിരുന്നത്. ഇനി അങ്ങനെ സൃഷ്ടിക്കുന്ന അനിമോജിക്ക് വീണ്ടും മിനുക്കുപണികള്‍ നടത്താം. തലമുടിയുടെ നീളം കുറയ്ക്കുകയോ കണ്ണടയുടെ ഫ്രെയിം മാറ്റിവയ്ക്കുകയോ എല്ലാം ചെയ്യാം. നിങ്ങള്‍ നാക്കു പുറത്തേക്കിടുന്നത് അനുകരിക്കും. ടങ് ഡിറ്റക്‌ഷന്‍ എന്നാണ് ഈ ഫീച്ചറിനു പേരിട്ടിരിക്കുന്നത്. നാക്കു നീട്ടുന്ന അനിമോജികളും ഇനി തൊടുത്തു വിടാം. പ്രേതമടക്കം (Ghost) മൂന്നു പുതിയ അനിമോജികള്‍ കിട്ടുകയും ചെയ്യും.

മറ്റു ചില ഫീച്ചറുകള്‍

∙ ആപ്പിള്‍ കാര്‍ പ്ലെ ഉപയോഗിക്കുമ്പോള്‍ ഗൂഗിള്‍ മാപ്‌സുമായും വെയ്‌സുമായും (Waze) ബന്ധപ്പെടുത്തി പ്രവര്‍ത്തപ്പിക്കാം.
∙ ഐപാഡിന് വോയ്‌സ് മെമ്മോ ആപ്പ് ലഭിക്കും. ആപ്പിള്‍ ന്യൂസ് ഐഒഎസ് സ്റ്റോക് ആപ്പുമായി ബന്ധപ്പെട്ടായിരിക്കും ഇനി എത്തുക.

∙ സ്മാര്‍ട് നോട്ടിഫിക്കേഷന്‍സ്

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ലഭ്യമായിരുന്ന ഒരു ഫീച്ചറാണിത്. വാട്‌സാപ്പിലെ അണിമുറിയാതെ എത്തുന്ന സന്ദേശങ്ങളുടെ ശല്യം കുറയ്ക്കാം. ഓരോ ആപ്പിലും വരുന്ന നോട്ടിഫിക്കേഷനുകള്‍ പ്രത്യേകം കാണാം.

ഡു നോട്ട് ഡിസ്‌റ്റേര്‍ബ്

ഡു നോട്ട് ഡിസ്‌റ്റേര്‍ബിലൂടെയും നോട്ടിഫിക്കേഷനുകളെ നിയന്ത്രിക്കാം. ക്രിട്ടിക്കല്‍ അലേര്‍ട്ട്‌സ് ഉപയോഗിച്ചാല്‍ നിങ്ങളുടെ ജീവിതത്തിലേക്കുള്ള പുറം ലോകത്തിന്റെ കടന്നു കയറ്റം നിയന്ത്രിക്കാം. ഫേവറിറ്റ്‌സില്‍ നിന്നൊഴികെയുള്ള കോളുകള്‍ പോലും ബ്ലോക്കു ചെയ്യാം. പല ആപ്പുകളും സര്‍വീസുകളും ഉപയോക്താക്കള്‍ക്ക് അഡിക്‌ഷനുണ്ടാക്കുന്നവയാണ്. ഇവ മാനസികവും ശാരീരികവുമായ രോഗങ്ങള്‍ക്കു വഴിവച്ചേക്കാം. നൈമിഷികമായ രസങ്ങള്‍ നല്‍കി കാശുകാരാകുകയാണ് പല ആപ്പ് ഉടമകളും. ഇതില്‍ നിന്നെല്ലാം ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ആദ്യം ലഭ്യമാകുന്ന അവസരങ്ങളിലൊന്നാണിത്.

പ്രകടന വ്യത്യാസം

പല മോഡലുകള്‍ക്കും പ്രകടനത്തില്‍ വ്യക്തമായ മാറ്റം കാണാം. ചില പഴയ മോഡലുകളില്‍ ക്യാമറ ലോഞ്ചു ചെയ്യുന്നത് 70 ശതമാനം വരെ വേഗത്തിലാക്കിയിരിക്കുന്നു. കീബോഡിന് 50 ശതമാനം വേഗക്കൂടുതല്‍ ലഭിക്കുന്ന മോഡലുകളുമുണ്ട്.

സ്റ്റോക്‌സ്

ഐപാഡുകളില്‍ സ്റ്റോക്‌സ് ആപ്പു എത്തി.