കൊടുങ്കാറ്റിനിടെ വിമാനങ്ങൾക്ക് സംഭവിച്ചതെന്ത്? സാഹസിക ലാൻഡിങ് –വിഡിയോ

ഒക്ടോബർ 12 ന് ബ്രിട്ടനിലെ ചില പ്രദേശങ്ങളിൽ ശക്തമായ കൊടുങ്കാറ്റ് വീശിയിരുന്നു. നിരവധി നാശനഷ്ടങ്ങൾ നേരിട്ട കൊടുങ്കാറ്റിൽ വിമാനങ്ങൾ സമയത്തിന് ലാൻഡ് ചെയ്യാൻ ഏറെ ബുദ്ധിമുട്ടി. ഒക്ടോബർ 12ന് രാവിലെ മുതൽ ബ്രിസ്റ്റൽ വിമാനത്താവളത്തിൽ ശക്തമായ കൊടുങ്കാറ്റ് വീശിയിരുന്നു.

ബ്രിസ്റ്റൽ വിമാനത്താവളത്തിൽ നിന്ന് രാവിലെ 9.50 മുതൽ ഉച്ചയ്ക്ക് 1.30 വരെയുള്ള വിമാനങ്ങളുടെ ലാൻഡിങ് പകർത്തിയ വിഡിയോ യുട്യൂബിൽ ഹിറ്റാണ്. ആയിരക്കണക്കിന് യാത്രക്കാരെ ഭീതിയിലാഴ്ത്തിയ ലാൻഡിങ് ശ്രമങ്ങളും തിരച്ചുവിടലുകളുമാണ് കാണാന്‍ കഴിഞ്ഞത്. 

കൊടുങ്കാറ്റിനെ അതിജീവിച്ച് ചില വിമാനങ്ങൾ സാഹസികമായി നിലത്തിറക്കുന്നതിന്‍റെയും റൺവേയുടെ മീറ്ററുകൾ മാത്രം അകലെയെത്തിയ ശേഷം വിമാനങ്ങൾ ഗതിതിരിച്ചു വിടുന്നതിന്‍റെയും വിഡിയോ ഹിറ്റാണ്. നിരവധി യാത്രക്കാരുമായി പറന്നിറങ്ങുന്ന വിമാനങ്ങളിലെ പൈലറ്റുമാരുടെ അതിസാഹസിക പ്രകടനങ്ങളാണ് വിഡിയോയിൽ കാണുന്നത്.

ശക്തമായ കൊടുങ്കാറ്റിൽ ആടിയുലയുന്ന വിമാനങ്ങളെ നിയന്ത്രിച്ച് റൺവെയിൽ ഇറക്കാൻ ഏറെ കഴിവുള്ള പൈലറ്റുമാർക്ക് മാത്രമാണ് സാധിക്കുക. വിമാനങ്ങളുടെ സാഹസിക യാത്രകൾ പിന്തുടരുന്ന ഒരു വ്യക്തിയാണ് ട്വിറ്ററിൽ @Mraviationguy എന്ന അക്കൗണ്ടിൽ വിഡിയോ പുറത്തുവിട്ടത്. ഇതേ വിഡിയോ യുട്യൂബിലും കാണാം. 

ഇരുപതു മിനുറ്റ് ദൈർഘ്യമുള്ളതാണ് വിഡിയോ. റൺവേയുടെ മധ്യത്തിലൂടെ ശക്തിമായി അടിക്കുന്ന കൊടുങ്കാറ്റിനെ മറികടന്നാണ് ടിയുഐയുടെ വിമാനം സാഹസികമായി നിലത്തിറങ്ങിയത്. കേവലം ഒരു മിനുറ്റ് സമയത്തിനുള്ളിലായിരുന്നു അതിസാഹസികമായി ഈ ലാൻഡിങ്. 

അതിശക്തമായ കാറ്റിൽ വിമാനങ്ങൾ പറന്നിറങ്ങാൻ ശ്രമിക്കുന്നതു ഏറെ സാഹസികമായ ദൗത്യമാണെന്നും  ഇത്തരം സന്ദർഭങ്ങളിൽ വിമാനം നിലത്തിറക്കണോ അതോ ലാൻഡിങ് ഉപേക്ഷിക്കണോ തുടങ്ങിയ നിർണായക തീരുമാനങ്ങൾ സ്വീകരിക്കാൻ പരിശീലനം ലഭിച്ചവരാണ് വൈമാനികരെന്ന് ഓർക്കണമെന്നും വിഡിയോ ചിത്രീകരിച്ച വ്യക്തി അഭിപ്രായപ്പെട്ടു. ക്രോസ് വിൻഡിനെ മറികടന്ന് യാത്രക്കാരുമായി വലിയ വിമാനങ്ങൾ കൃത്യമായി ലാൻഡ് ചെയ്യുക ബുദ്ധിമുട്ടാണ്. ക്രോസ് വിൻഡ് കാരണം നിരവധി വിമാനങ്ങൾ അപകടത്തിൽ പെട്ടിട്ടുണ്ട്. 

എന്താണ് ക്രോസ് വിൻഡ് ? 

എതിർ വശങ്ങളിൽ നിന്നു വരുന്ന കാറ്റിനെയാണ് ക്രോസ് വിൻഡ് എന്നു പറയുന്നത്. ലോകത്ത് നിരവധി വിമാന അപകടങ്ങൾക്ക് ക്രോസ് വിൻഡ് കാരണമായിട്ടുണ്ട്. ചുഴലിക്കു സമാനമായ കാറ്റായിരുന്നു ചില ദിവസങ്ങളിൽ കൊച്ചിയിൽ കണ്ടുവരുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം പറയുന്നത്. 

ക്രോസ് വിൻഡ് പ്രതിഭാസത്തിൽപെട്ട് ഗൾഫ് എയർ വിമാനം 2011 ൽ നിയന്ത്രണം വിട്ട് റൺവേയ്ക്കു പുറത്തേക്കു പോയിരുന്നു. അന്ന് ഏഴു യാത്രക്കാർക്ക് പരുക്കേറ്റതിനു പുറമെ റൺവെ അടച്ചിടുകയും ചെയ്തിരുന്നു. മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിലൊക്കെ ക്രോസ് വിൻഡ് അടിച്ചാൽ വിമാനം സുഖകരമായി ലാൻഡ് ചെയ്യുക ബുദ്ധിമുട്ടാണ്. ഇത്തരം പ്രതിഭാസങ്ങളെ നേരിടാൻ മികച്ച പൈലറ്റുമാർക്ക് മാത്രമെ സാധിക്കൂ. 

ക്രാബ് ലാൻഡിങ് 

ശക്തമായ ക്രോസ് വിൻഡ് അടിക്കുന്ന സമയത്ത് വിമാനം ലാൻഡ് ചെയ്യുന്നതിനെ ക്രാബ് ലാൻഡിങ് എന്നാണ് പറയുന്നത്. കാറ്റിനെ പ്രതിരോധിക്കാൻ വിമാനം ചെരിച്ച് പറത്തിയാണ് റൺവേയിലിറക്കുക. ഇതിനാൽ തന്നെ കാറ്റിന്റെ ശക്തിയിൽ വിമാനം ചെരിഞ്ഞാലും റൺവെ വിട്ട് പുറത്തുപോകില്ല.