Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആപ്പിൾ സെര്‍വറില്‍ ചൈന നുഴഞ്ഞു കയറി; വാര്‍ത്ത പിന്‍വലിക്കില്ലെന്ന് ബ്ലൂംബര്‍ഗ്

spy-chip-tim-cook

ചിപ്പിലൂടെ ചൈന സർക്കാർ നടത്തിയ ആക്രമണത്തില്‍ ആപ്പിളിനും ആഘാതമേറ്റുവെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ച ബ്ലൂംബര്‍ഗിനോട് ആപ്പിളിന്റെ പേരു നീക്കം ചെയ്യണമെന്ന് കമ്പനി മേധാവി ടിം കൂക്ക് ആവശ്യപ്പെട്ടു. ചൈന സർക്കാർ ഹാര്‍ഡ്‌വെയര്‍ ഉപയോഗിച്ചു നടത്തിയ ആക്രമണം ലോകത്തെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് കമ്പനിയായ ആപ്പിളിനെയും ബാധിച്ചതായി ആഴ്ചകള്‍ക്കു മുൻപ് ബ്ലൂംബര്‍ഗ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തങ്ങള്‍, കമ്പനി റെക്കോഡുകള്‍ മുഴുവനും പരിശോധിച്ചു. ഇമെയിലുകളും ഡേറ്റ സെന്റര്‍ റെക്കോഡുകളുമടക്കം എല്ലാം. പക്ഷേ, ഒന്നും കണ്ടെത്താനായില്ല. അതു സംഭവിച്ചില്ല. ഒരു സത്യവുമില്ലെന്നാണ് കുക്ക് പറഞ്ഞത്. എന്നാല്‍ തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഉറച്ചു നില്‍ക്കുന്നതായി ബ്ലൂംബര്‍ഗും പ്രതികരിച്ചു.

ബസ്ഫീഡിനു (BuzzFeed) നല്‍കിയ ഇന്റര്‍വ്യൂവിലാണ് കുക്ക് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ആപ്പിളും ആമസോണുമടക്കമുള്ള 30 കമ്പനികള്‍ക്കും, ഒന്നിലേറെ സർക്കാർ ഏജന്‍സികള്‍ക്കും നേരെ ഒരു പിന്‍വാതില്‍ ആക്രമണം ചൈന നടത്തിയെന്നാണ് ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ട് പറയുന്നത്. ചൈനീസ് ചാരന്മാര്‍ ചെറിയ ചിപ്പുകള്‍ സിലിക്കന്‍ വാലിയെ ലക്ഷ്യം വയ്ക്കുന്ന സെര്‍വറുകളില്‍ നിക്ഷേപിച്ചുവെന്നും ഇതിലൂടെ ആപ്പിള്‍ അടക്കമുള്ള കമ്പനികളിലേക്ക് ബെയ്ജിങിന് ഒളിഞ്ഞു നോക്കാനായി എന്നുമാണ് ആരോപണം. സൂപ്പര്‍ മൈക്രോ കംപ്യൂട്ടര്‍ (Super Micro Computer Inc) കമ്പനിയുടെ ചിപ്പുകളിലാണ് ചാരപ്പണിക്കുള്ള രഹസ്യക്കൂട്ട് ഒളിപ്പിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇതിലൂടെ സർക്കാരിന്റെയും ആപ്പിള്‍ പോലെയുള്ള വന്‍കിട കമ്പനികളുടെയും രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ചൈന ശ്രമിച്ചുവത്രെ. സൂപ്പര്‍ മൈക്രോ കംപ്യൂട്ടറും ഈ ആരോപണം തള്ളിക്കളഞ്ഞിരുന്നു. കമ്പനിക്കുള്ളില്‍ നടത്തിയ തിരച്ചിലുകളില്‍ ഒന്നും കണ്ടെത്താനായില്ലെന്നും അതുകൊണ്ട് തന്റെ കമ്പനിയുടെ പേര്‍ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കണമെന്നുമാണ് കുക്ക് ആവശ്യപ്പെട്ടത്.

കുക്കിന്റെ പ്രസ്താവനയ്ക്കു ശേഷവും ബ്ലൂംബര്‍ഗ് പറയുന്നത് റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ പിന്‍വലിക്കില്ലെന്നാണ്. ഈ റിപ്പോര്‍ട്ട് തയാറാക്കിയത് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന അന്വേഷണങ്ങള്‍ക്കൊടുവിലാണ്. നൂറിലേറെ ഇന്റര്‍വ്യൂകള്‍ നടത്തിയിട്ടുണ്ട്. ഇതിനിടയില്‍ 17 വ്യത്യസ്ത കേന്ദ്രങ്ങള്‍ നുഴഞ്ഞു കയറ്റം ശരിവച്ചിട്ടുണ്ട്. ഇവരില്‍ സർക്കാർ ഉദ്യോഗസ്ഥരും വന്‍കിട കമ്പനികളുടെ ഉദ്യോഗസ്ഥരും അടങ്ങും. ഞങ്ങള്‍, ഞങ്ങളുടെ റിപ്പോര്‍ട്ടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നാണ് ബ്ലൂംബര്‍ഗ് പറയുന്നത്.

ടിം കുക്ക് തന്നെ നേരിട്ടുവന്ന് ഇതെക്കുറിച്ചു പ്രതികരിക്കുന്നതും വാര്‍ത്തയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. രാജ്യാന്തര വ്യാപാരത്തിന്റെ ഭാവി, രാജ്യ സുരക്ഷ തുടങ്ങിയ അതിപ്രാധാന്യമുള്ള പല കാര്യങ്ങളും ഇതിനു പിന്നിലുണ്ട്. ആമസോണും തങ്ങളുടെ സെര്‍വറില്‍ ഇത്തരം പ്രശ്‌നം കണ്ടെത്തിയിട്ടില്ലെന്ന് അറിയിച്ചിട്ടുണ്ട്.