ചൈനയിൽ സ്വാതന്ത്ര്യത്തിന് ‘പുല്ലുവില’, പാവം ജനങ്ങൾ, വിഡിയോ ഗെയിമും പൂട്ടി!

ഇന്റര്‍നെറ്റില്‍ സർക്കാർ അനുവദിക്കാത്തതൊന്നും കാണാന്‍ ചൈനക്കാര്‍ക്കാവില്ല. അവരുടെ ചെയ്തികള്‍ വീക്ഷിച്ച് സർക്കാർ രംഗത്തുണ്ട്. കഴിഞ്ഞ കൊല്ലം വരെ ചൈനക്കാരുടെ ഒരു വിനോദം വിഡിയോ ഗെയിം കളിക്കലായിരുന്നു. ഈ വര്‍ഷമാകട്ടെ സർക്കാർ അതും ഇടിച്ചു നിരത്തി. യുവാക്കളില്‍ ഗെയിമിങ് ആസക്തിയുണ്ടാക്കുന്നു എന്നു പറഞ്ഞാണ് ഈ മേഖലയില്‍ ശുദ്ധീകരണം തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 14,000 ഗെയിമുകള്‍ ഇറങ്ങിയ സ്ഥാനത്ത് ഈ വര്‍ഷം അംഗീകരിച്ചത് 5,000 എണ്ണം മാത്രം. ( സർക്കാർ അംഗീകരിച്ച ഗെയിമുകളെ ചൈനയില്‍ കളിക്കാനാകൂ എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അനുവദിച്ച മിക്ക ഗെയിമുകളും പ്രധാന കമ്പനികള്‍ ഇറക്കിയവയാണ്. ഇങ്ങനെ വരുമ്പോള്‍ പല ഗെയിം നിര്‍മാതാക്കളും ഷട്ടറിടേണ്ടതായും വരും.

ഇനിയാണ് മറ്റൊരു രസം. ഒരു ദിവസം എത്ര സമയം ഗെയിം കളിക്കണമെന്നുവരെ മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടിട്ടുണ്ട്! അതിനു മുൻപ് ലോകത്തെ ഏറ്റവും വലിയ ഗെയിം നിര്‍മാണ കമ്പനിയെക്കുറിച്ചും അറിയണം- ടെന്‍സെന്റ് (Tencent) ആണ് ഗെയിം നിർമാണ വൻകിട കമ്പനി. ഇത് ഒരു ചൈനീസ് കമ്പനിയുമാണ്. ചൈന ഒരറ്റത്തുനിന്ന് ഗെയിമിങ്ങിനിട്ടു പണി കൊടുത്തു തുടങ്ങിയെന്നു മനസിലായതോടെ അവര്‍ ഒരു മാറ്റം കൊണ്ടുവന്നു: അവരുടെ പ്രധാന ഗെയിമായ ഓണര്‍ ഓഫ് കിങ്‌സ് (Honor of Kings) പന്ത്രണ്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ദിവസം ഒരു മണിക്കൂറും 12നും 18നും ഇടയ്ക്കുള്ളവര്‍ക്ക് ദിവസം രണ്ടു മണിക്കൂറും മാത്രമെ കളിക്കാനാകൂ എന്നു പരിമിതപ്പെടുത്തി. ഇതു കൂടാതെ, മാതാപിതാക്കള്‍ക്ക് കുട്ടികളുടെ ഗെയിം കളി വീക്ഷിക്കുകയും ഓരോ ഡിവൈസിലായി നിയന്ത്രിക്കുകയും ചെയ്യാം. ഇപ്പോള്‍ സൈന്‍-ഇന്‍ ചെയ്യലിലൂടെയാണ് ഇതു നടപ്പിലാക്കുന്നതെങ്കില്‍ അടുത്തു വരാന്‍ പോകുന്നത് അതിലും ഭയങ്കരമാണ്. മുഖം തിരിച്ചറിയില്‍ സാങ്കേതിക വിദ്യയിലൂടെ കളിക്കുന്നയാളെ തിരിച്ചറിയാനാണ് ടെന്‍സന്റ് ഉദ്ദേശിക്കുന്നത്. ഇതാകട്ടെ, ഗുരുതരമായ സ്വകാര്യതാ പ്രശ്‌നം കൊണ്ടുവരികയും ചെയ്യും.

വെറുതെ ഗെയിം കളിച്ചിരുന്നും ചാറ്റു ചെയ്തും വളര്‍ന്നു വരുന്ന ഒരു തലമുറയുടെ കാര്യത്തില്‍ ചൈന കാണിക്കുന്ന ഉത്കണ്ഠ മറ്റു രാജ്യങ്ങള്‍ ഇപ്പോള്‍ കാണിക്കുന്നില്ല. യാഥാര്‍ഥ്യബോധം കുറഞ്ഞ ഒരു തലമുറയുടെ വളര്‍ച്ച എല്ലാ രാജ്യങ്ങള്‍ക്കും ഭീഷണി തന്നെയാകണം. എല്ലാ രാജ്യങ്ങളും ഗെയ്മിങ്ങും മറ്റും ചൈനയുടെ രീതിയില്‍ നിയന്ത്രിക്കുന്നത് ഉചിതമാണോ, അതിനു പകരം മറ്റെന്തെങ്കിലും മാര്‍ഗമുണ്ടോ എന്നൊക്കെ അന്വേഷിക്കേണ്ട സമയമാണിതെന്നു പറയുന്നു.

വിഡിയോ ഗെയിമിന്റെ ലോകത്തെ ഏറ്റവും വലിയ വിപണി ചൈനയാണ്. കാരണം ലോകത്തെ ജനസംഖ്യയുടെ അഞ്ചിലൊന്നും അവിടെയാണല്ലോ. ഇന്റര്‍നെറ്റിന് സർക്കാർ നിരീക്ഷണം വച്ചതുകൊണ്ട് ചൈനക്കാര്‍ ഗെയിമിങിലാണ് ശ്രദ്ധ ചെലുത്തിയിരുന്നത്. കഴിഞ്ഞവര്‍ഷം മാത്രം 38 ബില്ല്യന്‍ ഡോളറിന്റെ വിഡിയോ ഗെയിം ബിസിനസാണ് ചൈനയില്‍ നടന്നത്! ഗെയിമങ്ങിലുള്ള താത്പര്യം ഓരോ വര്‍ഷവും കൂടുന്നുവെന്നു കണ്ടതോടെയാണ് ചൈന മാറ്റം കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഇറങ്ങുന്ന ഗെയിമുകളുടെയും സിനിമകളുടെയും ഉള്ളടക്കം ശ്രദ്ധാപൂര്‍വ്വം സർക്കാർ നോക്കിക്കണ്ട ശേഷമാണ് അവ റിലീസു ചെയ്യുന്നത്. ടെന്‍സെന്റ് അടക്കമുള്ള ഗെയ്മിങ് കമ്പനികളുടെ വരുമാനം കഴിഞ്ഞവര്‍ഷം ഇടിഞ്ഞു.