‘കള്ള കമ്പനികളെ നേരിടാൻ ഓരോ രാജ്യത്തും നിയമം വേണം’

തന്റെ മാതൃരാജ്യമായ അമേരിക്കയടക്കം ലോകത്തെ ഓരോ രാജ്യവും യൂറോപ്യന്‍ യൂണിയന്റെ ജനറല്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ (ജിഡിപിആര്‍) പോലുള്ള ഒരു നിയമം ഉപോയക്താവിന്റെ സുരക്ഷയ്ക്കായി പാസാക്കണമെന്ന് ആപ്പിള്‍ കമ്പനി മേധാവി ടിം കുക്ക് ആവശ്യപ്പെട്ടു. ബ്രസല്‍സില്‍ നടക്കുന്ന ഡേറ്റാ പ്രൊട്ടക്ഷന്‍ ആന്‍ഡ് പ്രൈവസി കമ്മിഷണേഴ്‌സിന്റെ വാര്‍ഷിക ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കുക്ക്. യൂറോപ്പിൽ ഈ വര്‍ഷമാദ്യമാണ് ജിഡിപിആര്‍ പാസാക്കിയത്. 

ഭാഗ്യവശാല്‍, നല്ല ഡേറ്റാ സംരക്ഷണ നയവും രാഷ്ട്രീയ ഇച്ഛാശക്തിയും ഒത്തു ചേര്‍ന്നാല്‍ എന്തു സംഭവിക്കാമെന്ന് നിങ്ങള്‍ ഈ വര്‍ഷമാദ്യം ലോകത്തിനു കാണിച്ചു കൊടുത്തു, യൂറോപ്പിലെ ഡേറ്റാ സംരക്ഷകരെ പ്രകീര്‍ത്തിച്ചു സംസാരിച്ച കുക്ക് പറഞ്ഞു. ഒരാളെ കേന്ദ്രീകരിച്ച് പരസ്യം നല്‍കാനാണെന്നു പറഞ്ഞും മറ്റും ഉപയോക്താവിന്റെ സ്വകാര്യതയിലേക്കു കടന്നു കയറി അവരുടെ ഇഷ്ടാനിഷ്ടങ്ങളെപ്പറ്റിയും മറ്റുമുളള വളരെ വിശദമായ പ്രൊഫൈലുകള്‍ തയാറാക്കുന്നതും അതു വിറ്റു കീശ വീര്‍പ്പിക്കുന്നതും പല പ്രമുഖ ഇന്റര്‍നെറ്റ് കമ്പനികളുടെയും പണിയാണല്ലോ. ഇത്തരക്കാരില്‍ നിന്ന് ഉപയോക്താക്കളെ എങ്ങനെയും രക്ഷിക്കണമെന്നാണ് കുക്ക് ആവശ്യപ്പെടുന്നത്.

അമേരിക്കയില്‍ ഇത്തരം ഒരു നിയമം കൊണ്ടുവന്നാല്‍ ആപ്പിളള്‍ അതിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യത ഒരു മൗലികാവകാശമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനെ ബഹുമാനിച്ചിരിക്കണം. സ്വകാര്യ ഡേറ്റ എടുക്കുന്നവര്‍, എന്താണ് തങ്ങള്‍ ശേഖരിക്കുന്നത്, അത് എന്തിനാണെന്ന് കൃത്യമായി ഉപയോക്താവിനെ അറിയിച്ചിരിക്കണം. ഇപ്പോള്‍ സ്വകാര്യ കമ്പനികള്‍ നടത്തുന്ന അതിഹീനമായ രീതിയിലുള്ള ഡേറ്റാ ശേഖരണത്തിനെതിരെയാണ് അദ്ദേഹം പ്രതികരിച്ചത്. ഇതു കൂടാതെ അത് വ്യക്തിയെ തിരിച്ചറിയാവുന്ന രീതിയിലാവരുത് ഡേറ്റാ ശേഖരണം. (അനോനിമസ് ആയി മാത്രം ഡേറ്റ എടുക്കണം. ഇന്ന് ഡേറ്റാ മൈനിങ് നടത്തുന്ന പല കമ്പനികളും അത് ഒരു വ്യക്തിയുടെ പ്രൊഫൈലായി തന്നെ സേവു ചെയ്യുന്നുവെന്ന അതിഗുരുതരമായ ആരോപണമാണല്ലോ പല ഇന്റര്‍നെറ്റ് ഭീമന്മാര്‍ക്കുമെതിരെ നിലനില്‍ക്കുന്നത്. പല ഉപയോക്താക്കള്‍ക്കും ഡേറ്റാ ശേഖരിക്കപ്പെടുന്നതു കൊണ്ട് എന്തു ദൂഷ്യഫലമാണ് ഉണ്ടാകുന്നതെന്നതു മനസിലാക്കാന്‍ പോലുമുള്ള കഴിവില്ലെന്നതും ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് അവരിലേക്ക് നുഴഞ്ഞു കയറാന്‍ എളുപ്പത്തില്‍ സാധിച്ചു.

സ്വകാര്യതയിലേക്കുളള കടന്നു കയറ്റത്തിനെതിരെ ആപ്പിളിന്റെ മുന്‍ മേധാവി സ്റ്റീവ് ജോബ്‌സ് ഫെയ്‌സ്ബുക് തലവന്‍ മാര്‍ക് സക്കര്‍ബര്‍ഗിനെ വേദിയിലിരുത്തി വിമര്‍ശിച്ചിരുന്നല്ലൊ. കുക്ക് മുന്നോട്ടു വയ്ക്കുന്ന മറ്റൊരു നിര്‍ദ്ദേശം, ഒരു ഉപയോക്താവിന്റെ ഡേറ്റ സ്വകാര്യ കമ്പനി എടുക്കുകയാണെങ്കില്‍ അതിന്റെ ഒരു കോപ്പി ഉപയോക്താവിനും നല്‍കണമെന്നാണ്. ഈ കോപ്പിയില്‍ തെറ്റുണ്ടെന്നു തോന്നിയാല്‍ അതു തിരുത്താനുള്ള അവകാശവും ഉപയോക്താവിന് ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറയുന്നു. തന്റെ ഡേറ്റ ഉപയോക്താവിന് ഡിലീറ്റു ചെയ്യാനും സാധിക്കണമെന്ന നിര്‍ദ്ദേശവും അദ്ദേഹം വയ്ക്കുന്നു. സുരക്ഷയ്ക്കുള്ള അവകാശം (Right to Security) ഉപയോക്താക്കള്‍ക്കു നല്‍കണമെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. ഇന്റര്‍നെറ്റ് ഭീമന്മാര്‍ പ്രചരിപ്പിക്കുന്ന ഒരു തെറ്റായ ആശയം ഡേറ്റാ ശേഖരിച്ചില്ലെങ്കില്‍ സാങ്കേതികവിദ്യയ്ക്ക് വളരാനാവില്ല എന്നതാണ്. അതു പരിപൂര്‍ണ്ണമായും തെറ്റാണെന്നും കുക്ക് അവകാശപ്പെട്ടു. ടെക്‌നോളജിയുടെ മുഴുവന്‍ ശേഷിയും പുറത്തെടുക്കണമെങ്കില്‍ ഉപയോക്താക്കളുടെ വിശ്വാസമാര്‍ജ്ജിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശരാശരി ഉപയോക്താവിന്റെ വിശ്വാസം തന്റെ ഇന്റര്‍നെറ്റിലെ ചെയ്തികള്‍ തിരിച്ചറിയപ്പെടുന്നില്ല എന്നാണ്. ഇനി അങ്ങനെ തിരിച്ചറിഞ്ഞാല്‍ തന്നെ എന്താണ് കുഴപ്പമെന്നു ചിന്തിക്കുന്നവരും ഉണ്ട്. ഇന്റര്‍നെറ്റിലൂടെ ഒരാളുടെ സ്വഭാവവും താത്പര്യങ്ങളുമാടക്കമുളള കാര്യങ്ങള്‍ മനസിലാക്കാന്‍ വളരെ എളുപ്പമാണെന്നതും, ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ ഉപയോക്താവിന്റെ പേരില്‍ തന്നെ ചില കമ്പനികള്‍ സൂക്ഷിക്കുന്നുവെന്നുമാണ് ഇന്റര്‍നെറ്റ് സ്വകാര്യതയെക്കുറിച്ച് പഠിക്കുന്ന ഒരുകൂട്ടം ആളുകള്‍ പറയുന്നത്. ഇതിലൂടെ അയാളുടെ പല തീരുമാനങ്ങളെയും സ്വാധീനിക്കാമെന്നതു കൂടാതെ, ഭാവിയില്‍ ഈ ഡേറ്റ എങ്ങനെ ഉപയോഗിക്കപ്പെടും എന്നതിനെക്കുറിച്ചും സംശയങ്ങളുണ്ട്. ലോകത്ത് ആദ്യമായി ഡേറ്റാ ചോര്‍ത്തലിനെതിരെ വന്ന നിയമമാണ് ജിഡിപിആര്‍. ആപ്പിളിനെപ്പോലെയുള്ള ചില കമ്പനികള്‍ ഉപയോക്താവിന്റെ ഡേറ്റയില്‍ തൊടരുതെന്നു പറഞ്ഞ് മുന്നോട്ടുവരുന്നുമുണ്ട്. എന്നാല്‍, രാജ്യങ്ങള്‍ ജിഡിപിആര്‍ പോലെയുള്ള നിയമങ്ങള്‍ ഉണ്ടാക്കിയില്ലെങ്കില്‍ ഉപയോക്താക്കളെ എല്ലാക്കാലത്തും ഇന്റര്‍നെറ്റ് ഭീമന്മാര്‍ ഊറ്റിക്കൊണ്ടിരിക്കുമെന്നാണ് കുക്കിന്റെ വാക്കുകള്‍ അസന്നിഗ്ധമായി പറയുന്നത്.