ആശയങ്ങളുടെ കൊടുങ്കാറ്റാകാൻ മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് 2018

മലയാളിയുടെ വായനാശീലത്തിന് ഡിജിറ്റൽ മുഖം നൽകിയ മനോരമ ഒാൺലൈൻ സംഘടിപ്പിക്കുന്ന ദേശീയ ഡിജിറ്റൽ സംഗമത്തിന്റെ രണ്ടാം ഭാഗം ടെക്സ്പെക്റ്റേഷൻസ് 2018 ന് അരങ്ങൊരുങ്ങുന്നു. കൊച്ചിയിൽ നവംബര്‍ 24 ന് സംഘടിപ്പിക്കുന്ന 'ടെക്സ്പെക്റ്റേഷന്‍സ് 2018' ൽ ടെക് രംഗത്തെ രാജ്യാന്തര പ്രമുഖർ പങ്കെടുക്കും. ‘റീബിൽഡ്, റീഗെയ്ൻ, റീടെയ്ൻ’ എന്നതാണ് ടെക്സ്പെക്റ്റേഷന്‍സ് 2018 ഡിജിറ്റൽ സംഗമത്തിന്റെ ആശയം. പുതുചലനങ്ങളുടെയും മാറ്റങ്ങളുടെയും പരീക്ഷണശാലയായ ഡിജിറ്റല്‍ മേഖലയിലെ ഗൗരവവിഷയങ്ങൾ 'ടെക്സ്പെക്റ്റേഷന്‍സ് 2018 ലെ മുഖ്യ ചർച്ചാ വിഷയങ്ങളാകും.

എറണാകുളം ഹോട്ടല്‍ ക്രൗണ്‍ പ്ലാസയിൽ രാവിലെ 10.00 മുതലാണ് സംഗമം. യൂട്യൂബ് വിഡിയോ ഏഷ്യ-പസിഫിക് മേഖല മേധാവി അജയ് വിദ്യാസാഗര്‍, കോം സ്കോർ ഏഷ്യ-പസിഫിക് മേഖല മേധാവി കേദാർ ഗാവെൻ, ഗൂഗിള്‍ 360 ഇന്ത്യ മാനേജർ റുബീർ സിങ്, വാട്ട് ക്ലിക്ക്സ് സ്ഥാപകനും സിഇഒയുമായ രാഹുൽ വെങ്ങാലി, ബ്രൈറ്റ്കോവ് വൈസ് പ്രസിഡന്റ് (ഏഷ്യ) ബെൻ മോറെൽ, ഹീറോ ടാല്‍കീസ് സഹസ്ഥാപകനും ഡയറക്ടറുമായ ആതിഥിയാൻ, അകെമയ് ഇന്ത്യ മേധാവി സിദ്ധാർഥ് പിഷാരടി, അഡോബി ഡിജിറ്റൽ സ്ട്രാറ്റജി ആൻഡ് സോലൂഷൻസ് മേധാവി രാം ശേഷാദ്രി തുടങ്ങി ലോകമെമ്പാടുള്ള ടെക്നോളജി സ്ഥാപനങ്ങളുടെ സിഇഒ, സിഎക്സ്ഒമാരും ഡിജിറ്റല്‍ ഗുരുക്കന്‍മാരും ടെക് രംഗത്തെ സംരംഭകരുമാണ് സംഗമത്തിൽ അണിനിരക്കുക. അകെമെയ്, അഡോബി എന്നിവരാണ്‌ 'ടെക്സ്പെക്റ്റേഷന്‍സി'ന്റെ പാര്‍ട്ണര്‍മാര്‍. ജിയോജിത് ആണ് ടൈറ്റിൽ സ്പോൺസർ. കൂടുതല്‍ വിവരങ്ങള്‍ക്കും റജിസ്ട്രേഷനും www.techspectations.com സന്ദര്‍ശിക്കുക.

ടെക്സ്പെക്റ്റേഷന്‍സിൽ കിറുബ ശങ്കർ

ടെക്സ്പെക്റ്റേഷൻ 2018 ഹോസ്റ്റ് ചെയ്യുന്നത് ബിസിനസ് ബ്ലോഗിങ് സിഇഒ കിറുബ ശങ്കറാണ്. ആദ്യ ഡിജിറ്റൽ സംഗമത്തിൽ തന്റെ സാന്നിധ്യമറിയിച്ച അദ്ദേഹം, രണ്ടാമതും ഡിജിറ്റൽ സംഗമത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞു. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഡിജിറ്റൽ സംഗമങ്ങളിലൊന്നാണ് ടെക്സ്പെക്റ്റേഷനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആരാണ് കിറുബ ശങ്കർ?

"നമ്മൾ ഒരു കാര്യം ഏറ്റവും ശക്തമായി ആഗ്രഹിച്ചാൽ ലോകം മുഴുവൻ നമ്മുടെ ആ ആഗ്രഹം നടത്തി തരാൻ അനുകൂലമായി നിൽക്കും" - വിഖ്യാത എഴുത്തുകാരൻ പൗലൊ കൊയ്‌ലോയുടെ ഈ വാക്യങ്ങൾ സ്വാധീനിച്ചത് എത്രയോ പേരെയാണ്, പലരുടെയും ജീവിതം വരെ മാറ്റി മറിച്ച വാക്യങ്ങൾ. കിറുബ ശങ്കർ എന്ന യുവാവിന്റെ ജീവിതവും ഈ വാചകങ്ങളിൽ നിന്നാണ് മാറിമറിയുന്നത്. സ്വന്തം ജീവിതം മാത്രമല്ല ഇതേ വാചകത്തിൽ നിന്ന് മറ്റുള്ളവരുടെ ജീവിതവും മാറ്റിമറിക്കാമെന്ന് ശങ്കർ കണ്ടെത്തിയതോടെയാണ് അദ്ദേഹത്തിന്റെ വഴികൾ വ്യത്യസ്തമാകുന്നത്.

കിറുബ ശങ്കർ

ജീവിതത്തിൽ എന്തിനെങ്കിലും ഒരു രണ്ടാം അവസരം കിട്ടിയിരുന്നെങ്കിൽ... - ഇങ്ങനെ ആലോചിക്കാത്തവർ ഉണ്ടാകുമോ? ചിലപ്പോൾ മരണം കൺമുൻപിൽ എത്തുമ്പോഴാകും ഇതുവരെ ചെയ്തതൊന്നും ശരിയായിരുന്നില്ലെന്നും ഇനിയൊരു അവസരം കിട്ടിയാൽ അതൊക്കെ തിരുത്താമായിരുന്നെവെന്നും മനുഷ്യർ ഓർക്കുക. എന്നാൽ അത്തരമൊരു രണ്ടാം സാധ്യത വളരെ മുൻപു തന്നെ തിരയാൻ സഹായിക്കുകയാണ്, കിറുബ ശങ്കറിന്റെ സ്ഥാപനം. ജീവിതത്തെക്കുറിച്ചു പഠിപ്പിക്കാനും സ്ഥാപനമോ? അതെ, ബിസിനസ് ബ്ലോഗിങ് എന്ന സോഷ്യൽ മീഡിയ കൺസൽറ്റൻസിയുടെ സി ഐ ഒയും F5ive ടെക്നോളോജിസ് എന്ന സംരംഭത്തിന്റെ സ്ഥാപകനുമാണ് കിറുബ ശങ്കർ എന്ന യുവാവ്. സ്വയം സംരംഭകനാവുകയും മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് ശങ്കറിന്റെ നയം.

ജീവിത വിജയം ആഗ്രഹിക്കുന്ന സംരംഭകർക്ക് നിരവധി വർക്‌ഷോപ്പുകളും കിറുബ ശങ്കർ നടത്തുന്നുണ്ട്. മൊബൈലും ലാപ്ടോപും ഉള്‍പ്പെടെയുള്ളവയിൽനിന്ന് പൂർണമായും പിൻവാങ്ങിയുള്ള ദിവസങ്ങൾ ആണ് ഈ വർക്‌ഷോപ്പിന് എത്തുന്നവരിൽനിന്ന് ശങ്കർ ആവശ്യപ്പെടാറുള്ളത്. ഈ ദിവസങ്ങളിൽ ടിവിയോ പത്രങ്ങളോ പോലും ഉപേക്ഷിക്കാൻ അദ്ദേഹം നിർബന്ധിക്കും. ചിന്തകളിലും ആഗ്രഹങ്ങളിലും തങ്ങൾക്ക് എന്താകാനാണോ ആഗ്രഹം ആ വിചാരം മാത്രം, അതിനു വേണ്ടിയുള്ള മാർഗങ്ങൾ കണ്ടെത്തൽ മാത്രം. അതിനുവേണ്ടിയുള്ള പ്രസന്റേഷനുകൾ അവർ സ്വയമുണ്ടാക്കി വർക്‌ഷോപ്പിൽ അവതരിപ്പിക്കുകയും ചെയ്യും. മൂന്നു ചോദ്യങ്ങൾ കിറുബ ശങ്കറിന് യുവസംരംഭകരോട് ചോദിക്കാനുണ്ട്, നമ്മൾ നമ്മുടെ ലക്ഷ്യവും സ്വപ്നവും നേടാൻ എന്ത് ചെയ്യണം? ഏതൊക്കെ ഉറവിടങ്ങളാണ് ലക്ഷ്യപ്രാപ്തിയ്ക്കായി നാം തിരയേണ്ടത്? എന്തൊക്കെ വെല്ലുവിളികളെയാണ് ലക്ഷ്യത്തിനായി നാം നേരിടേണ്ടത്?

സോഷ്യൽ മീഡിയയിൽ കിറുബ എന്ന പേരു പോലും തരംഗമാണ്. ഒരു ബിസിനസ് സംരംഭകൻ ആയിരിക്കുമ്പോൾത്തന്നെ എഴുത്തുകാരനും പ്രഭാഷകനും വക്താവുമായി കിറുബ ശങ്കർ എന്ന പ്രതിഭ മാറുന്നു. തന്റെ ബ്ലോഗിങ്ങിനെ കൂടാതെ അഞ്ച് പുസ്തകങ്ങളാണ് ശങ്കർ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജീവിത വിജയത്തിനാവശ്യമുള്ള ആശയങ്ങൾ, സ്വപ്‌നങ്ങൾ ഇതൊക്കെ സ്വയം നേടുക മാത്രമല്ല മറ്റുള്ളവർക്ക് നൽകുക എന്നതും ഒരു കഴിവാണ്. സ്വയം സംരംഭകനാവുകയും മറ്റുള്ളവരെ തന്നിലേക്ക് ചേർത്ത് നിർത്തുകയും ചെയ്യുന്നത്- അതും ഏറ്റവും പോസിറ്റീവ് എനർജിയോടെ- അത്ര ചെറിയ കാര്യമല്ല. പൗലൊ കൊയ്‌ലോ പറയുന്നതു പോലെ, ഒരു കാര്യം ആഗ്രഹിച്ചാൽ അത് നടപ്പാക്കുവാൻ ലോകം മുഴുവൻ അനുകൂലമായി നിൽക്കും. വേണ്ടത് ഏറ്റവും ശക്തമായ ആഗ്രഹം മാത്രം. ആ ആഗ്രഹത്തിന്റെ വാതിലുകളാണ് കിറുബ ശങ്കർ എന്ന ചെറുപ്പക്കാരൻ മറ്റുള്ളവർക്കായി തുറന്നിടുന്നത്.