അന്ന് നടന്നത് ‘മരണക്കളി’, വിമാനം തകർന്നതിൽ ദുരൂഹത!

ഇന്തൊനീഷ്യയില്‍ 189 പേരുമായി കടലിൽ തകർന്നു വീണ ബോയിങ് 737 മാക്സ് വിമാനത്തെ കുറിച്ച് നിരവധി റിപ്പോർട്ടുകളാണ് ദിവസവും പുറത്തുവരുന്നത്. നിരവധി പ്രശ്നങ്ങളുള്ള വിമാനമാണ് അന്ന് ടേക്ക് ഓഫ് ചെയ്തതെന്നാണ് പ്രഥമ റിപ്പോർട്ട്. വിമാനത്തിന് നേരത്തെയും പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വിമാനത്തിന്‍റെ ഫ്ലൈറ്റ് ഡേറ്റ റെക്കോർഡറിൽ നിന്നുമുള്ള വിവരങ്ങൾ ഡൗൺലോഡ് ചെയ്തു നടത്തിയ പഠനത്തിനു ശേഷമാണ് വെളിപ്പെടുത്തൽ. അപകടത്തിൽ ദുരൂഹതയുണ്ടെന്ന് യാത്രക്കാരുടെ ബന്ധുക്കൾ ആരോപിച്ചു. ഇത്രയും പ്രശ്നങ്ങളുള്ള വിമാനം ടേക്ക് ഓഫിന് അനുമതി നൽകിയത് എന്തുകൊണ്ടാണെന്നാണ് ഇവർ ചോദിക്കുന്നത്.

എന്നാൽ കരുതലോടെയാണ് യുഎസ് അധികൃതർ ഇതിനോടു പ്രതികരിച്ചത്. വിമാനത്തിന്‍റെ എയർ സ്പീഡ് ഇൻഡിക്കേറ്റര്‍ നേരത്തെ നടത്തിയ നാലു യാത്രകളിലും തകരാറിലായിരുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഈ ശ്രേണിയിൽപ്പെട്ട വിമാനങ്ങളിൽ സമാന പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ ആഗോള അടിസ്ഥാനത്തിൽ എന്തെല്ലാമാണ് ചെയ്യേണ്ടതെന്നതിനെക്കുറിച്ച് വിമാന നിർമാതാക്കളായ ബോയിങ്ങിനോടും യുഎസിനോടും അഭിപ്രായം ചോദിച്ചിട്ടുണ്ടെന്ന് ഇന്തൊനീഷ്യയുടെ ദേശീയ ഗതാഗത സുരക്ഷ കമ്മിറ്റി (കെഎന്‍കെടി) അധ്യക്ഷൻ വ്യക്തമാക്കി. 

യുഎസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡുമായും ബോയിങ് നിർമാതാക്കളുമായും കൂടിയാലോചിച്ച് എയർ സ്പീഡ് ഇൻഡിക്കേറ്റർ സംബന്ധമായ കൂടുതൽ പരിശോധനകൾ ആസൂത്രണം ചെയ്തു വരികയാണെന്നാണ് ഇന്തൊനീഷ്യൻ അധികൃതർ പറയുന്നതെങ്കിലും ബോയിങ് 737 മാക്സ് ജെറ്റ് വിമാനങ്ങളുടെ രാജ്യാന്തര തലത്തിലുള്ള പരിശോധന ഇന്തൊനീഷ്യ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇത്തരമൊരു കാര്യം നിലവിൽ പരിഗണനയിലില്ലെന്നുമാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ നിലപാട്. ഇന്തൊനീഷ്യയുടെ അഭ്യർഥന കണക്കിലെടുത്ത് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനിലെയും നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡിലെയും വിദഗ്ധര്‍ ഇന്തൊനീഷ്യയിലെത്തിയിട്ടുണ്ടെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ആക്റ്റിങ് അഡ്മിനിസ്ട്രേറ്ററായ ഡാൻ എൽവെൽ അറിയിച്ചു. എന്തെങ്കിലും പ്രത്യേക കണ്ടെത്തലുകൾ ഉണ്ടെങ്കിൽ മാത്രമെ തങ്ങളുടെ ഭാഗത്തു നിന്നും അനന്തര നടപടികൾ ഉണ്ടാകുകയുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

ബോയിങ് 737 മായി ബന്ധപ്പെട്ട യുഎസിൽ പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. യന്ത്ര സംബന്ധമായ പ്രശ്നങ്ങളാണോ അതോ പരിപാലനത്തിലെ പ്രശ്നങ്ങളാണോ വിമാനം തകർന്നു വീണതിലേക്കു നയിച്ചതെന്ന് ഇനിയും ഉറപ്പിച്ചിട്ടില്ല. എന്തെല്ലാം അറ്റക്കുറ്റപണികളാണ് നടന്നതെന്നോ ഏതെല്ലാം ഭാഗങ്ങളാണോ മാറ്റി സ്ഥാപിച്ചതെന്നോ ഇതിനെല്ലാം ഇവർ ആശ്രയിച്ചത് എന്തിനെയാണെന്നോ ഇതുവരെ വ്യക്തമായിട്ടില്ലെന്നു കെഎൻകെടി ഉപസമിതി അധ്യക്ഷൻ നുർച്ചായോ ഉട്ടാമോ ചൂണ്ടിക്കാട്ടി. വിമാനം തകർന്നു വീണതിന്‍റെ കാരണം സംബന്ധിച്ച് ഇപ്പോഴൊരു നിഗമനത്തിലെത്തുന്നത് ശരിയല്ലെന്നാണ് വ്യോമയാന സുരക്ഷ മേഖലയിലെ വിദഗ്ധരുടെയും അഭിപ്രായം. അപകടത്തിൽപ്പെട്ട വിമാനത്തിന്‍റെ വോയ്സ് റെക്കോര്‍ഡർ ഇതുവരെ കണ്ടെത്താനായിട്ടില്ല. പറന്നുയർന്നു കേവലം 13 മിനിറ്റുകൾക്കകമാണ് വിമാനം തകർന്നു വീണത്. ഈ സമയം പൈലറ്റുമാർ തമ്മിൽ നടത്തിയ സംഭാഷണം ലഭിക്കുകയാണെങ്കിൽ അപകടത്തെക്കുറിച്ചു കൂടുതൽ വ്യക്തമായ ചിത്രം ലഭിക്കാനിടയുണ്ട്. 

737 മാക്സ് വിമാനത്തിലെ എയർ സ്പീഡ് ഇന്‍ഡിക്കേറ്ററിലെ തകരാറു സംബന്ധിച്ചു പ്രതികരിക്കാൻ ബോയിങ് വിസമ്മതിച്ചു. 219 വിമാനങ്ങളാണ് ആഗോളതലത്തിൽ കമ്പനി ഇതുവരെ കൈമാറിയിട്ടുള്ളത്. 4,564 വിമാനങ്ങൾക്കു കൂടി ഓർഡർ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മുതൽ സേവനം ആരംഭിച്ച 737 മാക്സ് ഇതാദ്യമായാണ് അപകടത്തിൽപ്പെടുന്നത്.