‘ഇന്റർനെറ്റോ, എന്താണത്?’: ഇത്രയും വിവരമില്ലാത്തവരോ പാക്കിസ്ഥാനി കൾ

ഇത് ഡിജിറ്റൽ യുഗമാണ്. ലോകത്തിന്റെ മുക്കിലും മൂലയിലും ഇന്റർനെറ്റും അനുബന്ധ ഉപകരണങ്ങളും വന്നുകഴിഞ്ഞു. ആഫ്രിക്കൻ രാജ്യങ്ങളിൽ പോലും ഫെയ്സ്ബുക്കും വാട്സാപ്പും സജീവമാണ്. എന്നാൽ ഇന്ത്യയുടെ അയൽ രാജ്യമായ പാക്കിസ്ഥാനെക്കുറിച്ച് രാജ്യാന്തര മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്.

പാക്കിസ്ഥാനിൽ 16 വയസ്സിനും 65 വയസ്സിനുമിടയിലുള്ളവരിൽ 69 ശതമാനം പേര്‍ക്കും ഇന്റർനെറ്റ് എന്താണെന്ന് അറിയില്ലെന്നാണ് ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്നോളജിയുടെ സര്‍വേ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ശ്രീലങ്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘമാണ് സര്‍വേ നടത്തിയതെന്ന് പാക്ക് മാധ്യമം ഡോൺ റിപ്പോർട്ട് ചെയ്യുന്നു.

സാംപ്ളിങ് മെതഡോളജി അടിസ്ഥാനമാക്കിയുള്ള സര്‍വേയിൽ 2000 കുടുംബങ്ങളാണ് പങ്കെടുത്തത്. 2017 ഒക്ടോബർ–ഡിസംബര്‍ കാലയളവിലായിരുന്നു സർവേ. പാക്കിസ്ഥാൻ ടെലികമ്യൂണിക്കേഷൻ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം രാജ്യത്ത് 15.2 കോടി മൊബൈല്‍ വരിക്കാരുണ്ട്.

ഏഷ്യൻ രാജ്യങ്ങളിൽ ഇന്റർനെറ്റ് ബോധവത്കരണത്തിന്റെ അഭാവം പ്രകടമാണെന്നും പാക്കിസ്ഥാനില്‍ ഇത് കൂടുതലാണെന്നും പഠന റിപ്പോർട്ടുകൾ പറയുന്നു. നിങ്ങൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ടോ എന്നു ചോദിച്ചപ്പോൾ, എന്താണ് അതെന്നായിരുന്നു സർവേയിൽ പങ്കെടുത്ത പാക്ക് പൗരന്മാരിൽ 69 ശതമാനവും തിരിച്ചു ചോദിച്ചത്.

17 ശതമാനം പേർ മാത്രമാണ് ഇന്റര്‍നെറ്റ് ഒരിക്കലെങ്കിലും ഉപയോഗിച്ചതായി അവകാശപ്പെട്ടത്. പാക്കിസ്ഥാനിലെ ഇന്റർനെറ്റ് ഉപയോക്താക്കളിൽ ഗ്രാമീണർ താരതമ്യേന കുറവാണ്- 13 ശതമാനം. ഇന്റർനെറ്റ് ഉപയോഗിക്കുന്ന പാക്ക് സ്ത്രീകൾ 43 ശതമാനമാണ്.