‘മെയ്ക്ക് ഇൻ ഇന്ത്യ’ ഫോൺ: ഇന്ത്യ രണ്ടാമത്, വിജയിച്ചത് മോദി തന്ത്രമോ?

ലോകത്തെ പ്രധാന മൊബൈല്‍ ഫോണ്‍ നിര്‍മാണ രാജ്യങ്ങളിലൊന്നാകാന്‍ ഇന്ത്യയും ശ്രമിക്കുന്നുവെന്നത് രഹസ്യമല്ല. എന്നാല്‍ ഇവിടുത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കൃത്യമായ കണക്കുകള്‍ മുൻപ് അറിയില്ലായിരുന്നുവെന്നും കാണാം. കഴിഞ്ഞ ദിവസം ഇന്ത്യന്‍ സെല്ല്യുലാര്‍ ആന്‍ഡ് ഇലക്ട്രോണിക് അസോസിയേഷന്‍ (Cellular and Electronics Association (ICEA) പുറത്തു വിട്ട കണക്കുകള്‍ പ്രകാരം രാജ്യത്താകമാനം 628 മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് അല്ലെങ്കില്‍ ഘടകഭാഗ നിര്‍മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയാകട്ടെ 6.7 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. ഐസിഇഎ പ്രസിഡന്റ് പങ്കജ് മൊഹിന്ദ്രു പറയുന്നത് ഇതൊരു നല്ല സാഹചര്യമാണെന്നാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ വിജയമാണിതെന്നാണ് ഒരുവിഭാഗം ടെക് വിദഗ്ധർ പറയുന്നത്. ഇന്ത്യയിൽ നിർമിച്ച് വിൽക്കുക, കയറ്റുമതി ചെയ്യുക എന്നിവയാണ് മുഖ്യമായും മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതികളിലൂടെ നടപ്പിലാക്കിയത്. ഇത് ഏറെക്കുറേ വിജയം കണ്ടിരിക്കുന്നു. ആപ്പിള്‍, സാംസങ്, എല്‍ജി, ഒപ്പോ, വിവോ തുടങ്ങിയ പ്രശസ്ത ബ്രാന്‍ഡുകളെക്കൂടാതെ അറിയപ്പെടാത്ത നിരവധി കമ്പനികളും ഇന്ത്യയില്‍ നിർമാണ യൂണിറ്റുകൾ പ്രവര്‍ത്തിക്കുന്നുവെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

കൂടാതെ, പുതിയ ഫാക്ടറികളില്‍ പലതും കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളിലാണ് വന്നതെന്നതും പ്രതീക്ഷ നല്‍കുന്ന കാര്യങ്ങളിലൊന്നാണ്. വിശദമായ സര്‍വേ ഫലം ഇങ്ങനെയാണ്: ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ (Delhi-NCR (National Capital Region) 30 മൊബൈല്‍ ഫോണ്‍ നിര്‍മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ഉത്തര്‍പ്രദേശില്‍ 27, ഹരിയാന 15, മഹാരാഷ്ട്ര 14, ഉത്തരാഖണ്ഡ് 9. ബാറ്ററി പാക് നിര്‍മാണ കമ്പനികള്‍: ഡല്‍ഹി-എന്‍സിആര്‍-18, ഉത്തര്‍ പ്രദേശ്-14, ഹരിയാന- 13, ഹിമാചല്‍ പ്രദേശ്-7, മഹാരാഷ്ട്ര-4. ഇതു കൂടാതെ ചാര്‍ജര്‍ അല്ലെങ്കില്‍ അഡാപ്റ്റര്‍ നിര്‍മാണത്തിനായി ഉത്തര്‍ പ്രദേശില്‍ 39 ഫാക്ടറികളും ഡൽഹിയില്‍ 24, ഹരിയാനയില്‍ 18, മഹാരാഷ്ട്രയില്‍ 12, ഉത്തരാഖണ്ഡില്‍ 10 എണ്ണവും ഉണ്ട്.

ഈ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് വലിയൊരു തുക ലാഭം നല്‍കിയിട്ടുണ്ട്. 2017-18 കാലയളവില്‍ ഏകദേശം 225 മില്ല്യന്‍ ഹാന്‍ഡ്‌സെറ്റുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുകയോ, കൂട്ടിയോജിപ്പിക്കുകയോ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത കാലത്തായി ലോകത്തെ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ നിര്‍മാണ രാജ്യമായി. വിയറ്റ്‌നാമിനെ പിന്തള്ളിയാണ് ഇന്ത്യ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. 2025 ആകുമ്പോൾ നിര്‍മാണ യൂണിറ്റുകളുടെ എണ്ണം 1,800 ആകുമെന്നും 50 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് പ്രതീക്ഷയെന്ന് ഐസിഇഎ പറയുന്നു.

എന്നാല്‍, പല വെല്ലുവിളികളും ഈ മൊബൈല്‍ ഫോണ്‍ നിര്‍മാണ കമ്പനികള്‍ ഇന്ത്യയില്‍ നേരിടുന്നുണ്ടെന്നും മൊഹിന്ദ്രൂ പറഞ്ഞു. കോര്‍പറേറ്റ് ടാക്‌സ് സിസ്റ്റം വരണം. ഓര്‍ഡര്‍ കിട്ടിയാല്‍ പെട്ടെന്നു തന്നെ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങാനുള്ള സജ്ജീകരണങ്ങള്‍ വരണം. ഈ കാര്യങ്ങളില്‍ വേണ്ട മാറ്റങ്ങള്‍ ഇന്ത്യ അതിവേഗത്തില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.