വിമാനം കടലിൽ മുങ്ങും വരെ പൈലറ്റുമാർ പോരാടി, വഴിതെറ്റിയ യന്ത്രങ്ങളോട്

ഇന്തൊനീഷ്യയിൽ തകർന്നു വീണ ലയൺ എയർ ബോയിങ് വിമാനത്തിന് ഗുരുതരമായ ക്രമക്കേടുകളുണ്ടായിരുന്നതായി ഫ്ലൈറ്റ് റെക്കോർഡറിൽ നിന്നുള്ള ഡേറ്റ. ദേശീയ സുരക്ഷ സമിതിയുടെ വ്യോമയാന വിഭാഗം മേധാവി ഹൗസ് ഓഫ് റപ്രസെന്‍റേറ്റീവ്സിലെ ജനപ്രതിനിധികൾക്കു മുൻപാകെ നൽകിയ വിവരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ദ ഓസ്ട്രേലിയൻ പത്രം റിപ്പോർട്ടു ചെയ്തു. വിമാനം കൂപ്പുകുത്താതിരിക്കാൻ അവസാന നിമിഷം വരെ പൈലറ്റ് കിണഞ്ഞു ശ്രമിച്ചിരുന്നതായും പതിവിനു വിപരീതമായി വിമാനം ആകാശത്ത് ചാഞ്ചാടി കൊണ്ടിരിക്കുമ്പോൾ വേഗം സംബന്ധിച്ച വ്യത്യസ്ത ഡേറ്റയാണ് പൈലറ്റിനും കോപൈലറ്റിനും ലഭിച്ചിരുന്നത്. പറന്നുയർന്നു നിമിഷങ്ങൾക്കം ജാവ കടലിൽ തകർന്നു വീണ വിമാനം അത്യന്തം ആപൽക്കരമായ ഒന്നായിരുന്നു എന്നു ചൂണ്ടിക്കാട്ടി നിർമാതാക്കളായ ബോയിങ്ങിനെതിരെ മരണമടഞ്ഞവരുടെ ബന്ധുക്കൾ നിയമ യുദ്ധത്തിനൊരുങ്ങുമ്പോഴാണ് പുതിയ വെളിപ്പെടുത്തൽ പുറത്തുവന്നിട്ടുള്ളത്.

വിമാനത്തിലെ പുതിയ ആന്‍റി – സ്റ്റാൾ ഉപകരണം തെറ്റായി പ്രവർത്തിച്ചതു മൂലമാകാം വിമാനത്തിന്‍റെ ഗതിയിൽ അസ്വഭാവികമായ ഉയർച്ച താഴ്ചകൾ ഉണ്ടായതെന്നും ഇത് പൂർവ്വസ്ഥിതിയിലാക്കാൻ പൈലറ്റു കിണഞ്ഞു പരിശ്രമിച്ചിരുന്നതായും വ്യോമയാന വിഭാഗം മേധാവി വിശദമാക്കി. സ്വമേധയ പ്രവർത്തിക്കുന്ന നിയന്ത്രണ സംവിധാനങ്ങളിൽ എയർ സ്പീഡ് സംബന്ധിച്ച തെറ്റായ വിവരം രേഖപ്പെടുത്തപ്പെട്ടതിനെ തുടർന്നാകാം ആന്‍റി – സ്റ്റാൾ ഉപകരണം തെറ്റായി പ്രവർത്തിച്ചതെന്നാണ് അനുമാനിക്കപ്പെടുന്നത്. വിമാനത്തിന്‍റെ മുൻഭാഗം മുകളിലേക്ക് തള്ളുകയാണെന്ന അനുമാനത്തിൽ പൈലറ്റ് ഇത് ശരിയാക്കാൻ നിയന്ത്രണ സംവിധാനങ്ങൾ ശ്രമിക്കുന്നതിന്‍റെ ഭാഗമായി വിമാനത്തിന്‍റെ ചിറകുകൾ സ്വമേധയാ താഴോട്ടു ക്രമീകരിക്കപ്പെടുകയും മൂക്ക് താഴോട്ടാകുകയും ചെയ്യുമെന്നതാണ് ഇതുകൊണ്ടു സംഭവിക്കുന്ന അപകടം. വിമാനത്തിന്‍റെ ചാഞ്ചാട്ടത്തിലേക്കാകും ഇതുവഴിവയ്ക്കുക. 

വിമാനം നിന്നുപോയേക്കാമെന്ന ആശങ്കയിൽ സ്വമേധയ നടക്കുന്ന പ്രവർത്തനങ്ങൾ വിമാനം നിശ്ചലമാകുന്ന അവസ്ഥ സംജാതമാക്കിയിരിക്കാനാണ് സാധ്യത. വിമാനം 5000 അടി ഉയരത്തിലായിരിക്കുമ്പോൾ ഏറ്റവും സുരക്ഷിതമായ മാർഗം സ്വമേധയാ താഴോട്ടിറങ്ങുകയാണെന്നും വിമാനത്തിന്‍റെ മുൻഭാഗം (മൂക്ക്) താഴോട്ടാക്കുന്ന സിസ്റ്റമാണ് പ്രവർത്തിക്കുകയെന്നും വിശദീകരണത്തിൽ വ്യോമയാന വിഭാഗം മേധാവി വ്യക്തമാക്കി. വിമാനം പൂർവ്വദിശയിലാക്കാനായി പരിശ്രമിക്കുന്ന പൈലറ്റ്, നടത്തുന്ന നീക്കങ്ങൾ സ്വമേധയാ ഉള്ള ഈ നീക്കങ്ങൾക്കു എതിരായിരുന്നു. ഇത്തരത്തിൽ വിമാനം സ്വമേധയാ താഴോട്ടു വരാൻ ശ്രമിക്കുമ്പോൾ പൈലറ്റിന്‍റെ പരിശ്രമ ഫലമായി മുകളിലെ പാതയിലേക്കു തള്ളപ്പെടുകയും ഈ പ്രക്രിയ തകർന്നു വീണതുവരെ തുടരുകയും ചെയ്തതായാണ് നിരീക്ഷണം. 

അസാധാരണ സന്ദർഭങ്ങളിൽ വിമാനത്തിന്‍റെ മുൻവശം (മൂക്ക്) അപ്രതീക്ഷിതമായി താഴോട്ടു പോകാനും വൈമാനികർക്കു ഇതു നിയന്ത്രിക്കാൻ സാധിക്കാതെ വരികയും ചെയ്തേക്കാവുന്ന പിഴവ് പുതിയ ആന്‍റി – സറ്റാള്‍ സംവിധാനത്തിനു ഉണ്ടാകാനിടയുണ്ടെന്ന് ബോയിങ് തന്നെ മുന്നറിയിപ്പു നല്‍കിയിരുന്നതായി വാൾ സ്ട്രീറ്റ് ജേര്‍ണൽ റിപ്പോർട്ടു ചെയ്തിരുന്നു. ലയൺ എയർ വിമാനം തകർന്നതിനു ശേഷമായിരുന്നു നിർമാതാക്കളുടെ ഈ മുന്നറിയിപ്പ്. 

പൈലറ്റുമാർ അറിഞ്ഞിരുന്നില്ല ആ ‘ഫീച്ചർ’

ഇന്തൊനീഷ്യന്‍ കമ്പനി ലയണ്‍ എയറിന്റെ വിമാനം തകര്‍ന്നതിന്റെ കാരണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് അന്വേഷണ സംഘം. ലയണ്‍ എയര്‍ 610 വിമാനത്തിന്റെ (ബോയിങ് 737 MAX 8) പൈലറ്റും കോ പൈലറ്റും ചേര്‍ന്നാല്‍ ഏകദേശം 11,000 മണിക്കൂര്‍ വിമാനം പറപ്പിച്ച പരിചയം അവര്‍ക്കിടിയിലുണ്ടെന്നു കാണാം. കാലാവസ്ഥയും പ്രതികൂലമായിരുന്നില്ല. അങ്ങനെയിരിക്കേ പറന്നു പൊങ്ങി കേവലം 13 മിനിറ്റിനുള്ളില്‍ ഏറ്റവും പുതിയ വിമാനം ജാവാ കടലില്‍ പതിക്കാന്‍ കാരണമെന്തെന്ന് അന്വേഷിച്ചു തലപുകയ്ക്കുകയാണ് വ്യോമയാന സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരും വിമാന യാത്രക്കാരും.

വിമാനം തകർന്നിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും കൃത്യമായ വിവരങ്ങള്‍ കിട്ടിയിട്ടില്ലെന്നു തന്നെ പറയാം. എന്നാല്‍, ഇപ്പോഴത്തെ ശ്രദ്ധ വിമാനം നിര്‍മിച്ച കമ്പനിയായ ബോയിങ്ങിലേക്കു തിരിഞ്ഞിരിക്കുകയാണ്. വിമാനത്തിന്റെ പതനത്തിനു പിന്നില്‍ പൈലറ്റുമാര്‍ക്ക് അത്ര പരിചയമില്ലാത്ത സാങ്കേതിക ഫീച്ചറാണോ എന്നാണ് സംശയമുയര്‍ന്നിരിക്കുന്നത്. ഇതേപ്പറ്റി പൈലറ്റിന് അറിയാമായിരുന്നെങ്കില്‍ 189 പേരുടെയും ജീവന്‍ രക്ഷിക്കാനാകുമായിരുന്നു എന്നാണ് വ്യോമഗതാഗത വിദഗ്ധര്‍ പറയുന്നത്.

അപകടത്തില്‍ മരിച്ചവരുടെ മാതാപിതാക്കള്‍ ബോയിങ്ങിനെതിരെ കേസും കൊടുത്തു കഴിഞ്ഞു. വിമാനത്തിന് സുരക്ഷിതമല്ലാത്ത ഡിസൈന്‍ ആയിരുന്നുവെന്നാണ് അവര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. മുന്‍ തലമുറയിലുള്ള ബോയിങ് 737 വിമാനങ്ങള്‍ക്കില്ലാത്ത സുരക്ഷാ ഫീച്ചര്‍ തകര്‍ന്ന 737 MAX 8 മോഡലിനുണ്ടായിരുന്നുവെന്നും അത് പൈലറ്റുമാര്‍ക്ക് അറിയില്ലായിരുന്നുവെന്നും കരുതുന്നു. എന്നാല്‍, ബോയിങ് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഡെന്നിസ് ( Dennis Muilenburg) പറയുന്നത് ഈ വിവരം വിമാനത്തെ പരിചയപ്പെടുത്തുന്ന പുസ്തകത്തില്‍ ഉണ്ടായിരുന്നുവെന്നാണ്. ബോയിങ് കമ്പനിയുടെ മറ്റൊരു വക്താവു പറഞ്ഞത് അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നാണ്. പക്ഷേ, ഇത്തരം സാഹചര്യങ്ങളില്‍ എന്താണു ചെയ്യേണ്ടത് എന്നതിനെപ്പറ്റി ലോകത്ത് അവരുടെ വിമാനം ഉപയോഗിക്കുന്ന കമ്പനികള്‍ക്കെല്ലാം രണ്ടു തവണ വിവരങ്ങള്‍ കൈമാറിയിരുന്നുവെന്നും വക്താവു വെളിപ്പെടുത്തി. 737 മാക്സിന്റെ സുരക്ഷയെക്കുറിച്ച് തങ്ങള്‍ക്കൊരു പേടിയുമില്ലെന്നും അദ്ദേഹം പറഞ്ഞു