Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

47 വർഷം അമേരിക്കയെ വട്ടംകറക്കിയ വിമാനറാഞ്ചൽ, നിഗൂഢതകൾ തുടരുന്നു

boeing-cooper

47 വർഷങ്ങൾക്ക് മുൻപ് ഇതു പോലൊരു ദിവസമാണ് ഏറെ നിഗൂഡതകളുള്ള ആ സംഭവം നടന്നത്. 1971 നവംബർ 24 ബുധൻ. അന്നാണ് ബോയിങ് 727–100 വിമാനം റാഞ്ചിയത്, അതും അ‍ജ്ഞാതൻ. ആരായിരുന്നു അദ്ദേഹം, എവിടേക്കാണ്  അദ്ദേഹം മറഞ്ഞത്, ലക്ഷ്യമെന്തായിരുന്നു? ഒന്നും ഇന്നും വ്യക്തമല്ല. അമേരിക്കൻ അന്വേഷണ ഏജൻസി എഫ്ബിഐയും മറ്റു അന്വേഷണ സംഘങ്ങളും രാപകൽ അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്തിയില്ല. എഫ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റിൽ രണ്ടു വർഷം മുൻപ് പോസ്റ്റ് ചെയ്ത കുറിപ്പിലും 47 വർഷം മുൻപ് നടന്ന വിമാന റാഞ്ചലിന്റെ കഥ വ്യക്തമായി പറയുന്നുണ്ട്. അമേരിക്കൻ വ്യോമയാന ചരിത്രത്തിലെ ഇന്നും തെളിയാത്ത ഒരു സംഭവമാണ‌ിത്.

1971 നവംബർ 24 ബുധൻ: സമയം 1.30

അന്നൊരു താങ്ക്സ്ഗിവിങ് ദിനമായിരുന്നു. സ്ഥലം ഒറിഗോണിലെ പോർട്ട് ലാൻഡ് രാജ്യാന്തര വിമാനത്താവളം. ഇരുണ്ട സ്യൂട്ടും കോട്ടും ധരിച്ച 45 വയസ്സ് തോന്നിക്കുന്ന ഒരാൾ നോർത്ത്‌വെസ്റ്റ് ഓറിയന്റ് എയർലെൻസിന്റെ ടിക്കറ്റ് കൗണ്ടറിലെത്തി. കൈയ്യിൽ തുകലിന്റെ കറുത്ത ബാഗുമുണ്ടായിരുന്നു. ഡാൻ കൂപ്പർ, അതാണ് അയാൾ ടിക്കറ്റ് കൗണ്ടറിൽ പരിചയപ്പെടുത്തിയ പേര്. ഫ്ലൈറ്റ് 305 ൽ വാഷിംങ്ടണിലെ സീറ്റിലേക്കുള്ള വൺവെ ടിക്കറ്റാണ് കൂപ്പർ ചോദിച്ചത്.

ടിക്കറ്റ് സ്വന്തമാക്കിയ കൂപ്പർ ബോയിങ് 727–100 വിമാനത്തിന്റെ പിൻവശത്തെ 18 സി സീറ്റാണ് സ്വന്തമാക്കിയത്. കൂപ്പറുടെ നീക്കങ്ങളെല്ലാം ഹോളിവുഡ് സിനിമ നായകൻമാരെ പോലെയായിരുന്നു. ആറടിയോളം പൊക്കമുള്ള ഏകദേശം 45 വയസ്സ് തോന്നിക്കുന്ന ഒരാളായിരുന്നു കൂപ്പറെന്നാണ് യാത്രക്കാരിൽ ചിലർ പറഞ്ഞത്. ഫ്ലൈറ്റ് 305 ന്റെ ആ യാത്രത്തിൽ മുക്കാൽ ഭാഗം സീറ്റുകളും ബുക്ക് ചെയ്തിരുന്നു.

സമയം: ഉച്ചയ്ക്ക് 2.50

വിമാനം പോർട്‌ലാൻഡിൽ നിന്ന് കൃത്യസമയത്തിന് ടേക്ക് ഓഫ് ചെയ്തു. യാത്രക്കാരെല്ലാം കേവലം 30 മിനിറ്റ് യാത്ര ആസ്വദിക്കാനുള്ള തയാറെടുപ്പിലാണ്. ഇതിനിടെയാണ് വിമാനത്തിലെ ജീവനക്കാരിക്ക് ഡാൻ കൂപ്പർ ഒരു കുറിപ്പ് കൈമാറുന്നത്. ഒന്നും നോക്കാതെ അവരത് പോക്കറ്റിൽ ഇടുകയും ചെയ്തു. സാധാരണയായി പണക്കാരും സെലിബ്രിറ്റികളും അവരുടെ ഫോൺ നമ്പറുകളും വിലാസവും നൽകുന്ന പതിവുണ്ട്. അത്ര മാത്രമാണ് അവർ കരുതിയത്. 

അടുത്ത നിമിഷം കൂപ്പർ അവർക്കു നേരെ തിരിഞ്ഞു, ‘പെണ്ണെ നീ ആ കുറിപ്പിലേക്ക് സൂക്ഷിച്ചു നോക്ക്, എന്റെ കൈയ്യിൽ ബോംബുണ്ട്’. ഫെൽറ്റ് പേന കൊണ്ട് വൃത്തിയായി എഴുതിയിരുന്ന കുറിപ്പ് കണ്ട് ജീവനക്കാരി ഒന്നു ഭയന്നു, ‘എന്റെ ബ്രീഫ് കെയ്സിൽ ബോംബുണ്ട്. അത്യാവശ്യം വന്നാല്‍ ഞാനത് പ്രയോഗിക്കും. എന്റെ കൂടെ നിൽക്കുന്നതാണ് നല്ലത്’.

cooper

വിമാനം റാഞ്ചിയ വിവരം പൈലറ്റുമാരെയും മറ്റു ജീവനക്കാരെയും അറിയിച്ചു. എന്നാൽ യാത്രക്കാർ ഇക്കാര്യം അറിഞ്ഞിരുന്നില്ല. പെട്ടിക്കുള്ളിലെ ബോംബും കൂപ്പര്‍ കാണിച്ചു. എട്ടു സിലിണ്ടറുകൾ ഘടിപ്പിച്ച ബോംബായിരുന്നു അത്. കൂപ്പർക്ക് വേണ്ടത് രണ്ടു ലക്ഷം ഡോളറും നാലു പാരച്യൂട്ടുകളുമായിരുന്നു. കൂടാതെ സീറ്റിലിൽ ലാൻഡ് ചെയ്യുമ്പോൾ വിമാനത്തിൽ ഇന്ധനം നിറയ്ക്കാൻ വേണ്ട സംവിധാനവും.

കൂപ്പറുടെ ആവശ്യങ്ങളെല്ലാം വിമാനത്തിലെ ജീവനക്കാർ അംഗീകരിച്ചു, വിമാനം റാഞ്ചിയ കാര്യം കോക്പിറ്റിൽ ചെന്ന് പൈലറ്റിനെയും അറിയിച്ചു. എന്നാൽ യാത്രക്കാരൊന്നും കൂപ്പറുടെ നീക്കങ്ങൾ അറിയുന്നുണ്ടായിരുന്നില്ല. ഇതിനിടെ കൂപ്പർ കറുത്ത കണ്ണട ധരിച്ചിറങ്ങി. പൈലറ്റ് വില്യം സ്കോട്ട് സീറ്റിലിലെ എയർ ട്രോഫിക് കണ്‍ട്രോൾ സംഘത്തെ വിമാനം റാഞ്ചിയ കാര്യം അറിയിച്ചു. എയർ ട്രാഫിക് കൺട്രോൾ ടീം രഹസ്യാന്വേഷണ ഏജൻസികളുമായി ബന്ധപ്പെട്ടു കാര്യങ്ങൾ വേഗത്തിലാക്കി.

വിമാനത്തിലെ യാത്രക്കാരോടെല്ലാം സമാധാനപരമായാണ് കൂപ്പർ നേരിട്ടത്. വിമാനത്തിനു ലാൻഡ് ചെയ്യാൻ ചെറിയ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നും സീറ്റിലിൽ ഇറങ്ങാൻ താമസം നേരിടുമെന്നും കോക്പിറ്റിൽ നിന്ന് സന്ദേശം വന്നു. അപ്പോഴും വിമാനം റാഞ്ചിയ കാര്യം വെളിപ്പെടുത്തിയില്ല. ആവശ്യപ്പെട്ട പണം നോർത്ത്‌വെസ്റ്റ് ഓറിയന്റിന്റെ പ്രസിഡന്റ് ഒരുക്കിവയ്ക്കാനും ഹൈജാക്കിനോടു സഹരിക്കണമെന്നും കൂപ്പർ പറഞ്ഞു. ഇതിനായി രണ്ടു മണിക്കൂർ സമയമാണ് നൽകിയത്. ഇതിനിടെ വിമാനം രണ്ടു മണിക്കൂർ സമയം വാഷിങ്ടന്നിന്റെ വടക്കു പടിഞ്ഞാറൻ തീരത്തിനു മുകളിൽ പറന്നു. കൂപ്പറിനു വേണ്ട പാരച്യൂട്ടുകൾ, പണം മറ്റും ശരിയാക്കി വെക്കാൻ വേണ്ടിയാണ് 30 മിനിറ്റ് യാത്രയിൽ രണ്ടു മണിക്കൂർ വട്ടമിട്ട് പറക്കേണ്ടി വന്നത്.

കൂപ്പർ ഒരിക്കലും ക്രൂരനെ പോലെ സംസാരിച്ചില്ല. മുഖത്ത് ഭയം തീരെ ഇല്ലായിരുന്നു. ആ പ്രദേശത്തെ കുറിച്ച് വ്യക്തമായി അറിയുന്ന വ്യക്തിയായിരുന്നു കൂപ്പർ. ഇക്കാര്യം യാത്രക്കാരിൽ ചിലരോടു സംസാരിക്കുന്നതിനിടെ മനസ്സിലാക്കാനായി. ഇതിനിടെ കൂപ്പർ രണ്ടാമതും സോഡയും വെള്ളവും വിമാനജീവനക്കാരോട് ആവശ്യപ്പെട്ടു. ഇതിനുള്ള പണവും നൽകി ബാക്കി തുക ടിപ്പായി എടുത്തോളാനും കൂപ്പർ പറഞ്ഞു.

സീറ്റിലിൽ വിമാനം ലാൻഡ് ചെയ്യാൻ നേരം കൂപ്പർ ഭക്ഷണവും ഓർഡർ ചെയ്തിരുന്നു. വിമാനം വട്ടമിട്ട് പറക്കുമ്പോഴും എഫ്ബിഐ അധികൃതർ കൂപ്പർക്കുള്ള പണം സ്വരൂപിക്കാൻ നെട്ടോട്ടം ഓടുകയായിരുന്നു. സീറ്റിലിലെ നിരവധി ബാങ്കുകളിൽ നിന്നായി 20 ഡോളറിന്റെ ഒരു ലക്ഷം കറൻസികളാണ് സ്വരൂപിച്ചത്. ഫെഡറൽ റിസര്‍വ് ബാങ്ക് ഓഫ് സാൻ ഫ്രാൻസിസ്കോ അടിച്ചിറക്കിയ എൽ സിരീസിലുള്ള നോട്ടുകളായിരുന്നു അത്.

എന്നാൽ എഫ്ബിഐ വാഗ്ദാനം ചെയ്ത മിലിറ്ററി പാരച്യൂട്ടുകൾ കൂപ്പർ സ്വീകരിക്കാൻ തയാറായില്ല. ഇതിനു പകരമായി സിവിലിയൻ പാരച്യൂട്ടുകളാണ് കൂപ്പർ എത്തിക്കാൻ പറഞ്ഞത്. മിലിറ്ററി പാരച്യൂട്ടുകൾ ചതിക്കുമെന്ന ഭീതിയായിരിക്കാം ഉപേക്ഷിക്കാൻ കാരണമെന്നാണ് കരുതുന്നത്. അവസാനം അടുത്തുള്ള സ്കൈ ഡൈവിങ് സ്കൂളിൽ നിന്നാണ് സിവിലിയൻ പാരച്യൂട്ടുകൾ സ്വന്തമാക്കിയത്.

സമയം: വൈകീട്ട് 5.24

പണവും പാരച്യൂട്ടുകളും റെഡിയെന്ന് കൂപ്പറെ അറിയിച്ചു. വിമാനം ലാൻഡ് ചെയ്യാനുള്ള എല്ലാം സജ്ജീകരിച്ചു. മുഖത്ത് ഒരു ഭയവും കൂടാതെ കൂപ്പർ യാത്രക്കാർക്കിടയിലൂടെ നടന്നു.

സമയം: വൈകീട്ട് 5.39

സീറ്റിലെ ടാക്കോമ എയർപോർട്ടിൽ ഹൈജാക്ക് ചെയ്ത വിമാനം ലാൻഡ് ചെയ്യുന്നു. വിമാനത്താവളത്തിനു പുറത്തും അകത്തും സുരക്ഷ ശക്തമാക്കി. എഫ്ബിഐയുടെ മുൻനിര ഉദ്യോഗസ്ഥര്‍മാരെല്ലാം എയർപോർട്ടിലെത്തി. ലാൻഡ് ചെയ്ത വിമാനം വെളിച്ചമുള്ള സ്ഥലത്തേക്ക് നീക്കാനാണ് കൂപ്പർ ആവശ്യപ്പെട്ടത്. എന്നാൽ കാബിനുള്ളിലെ വെളിച്ചം ഓഫ് ചെയ്യാനും പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരിൽ കൃത്യമായി ഷൂട്ട് ചെയ്ത് എതിരാളികളെ വീഴ്ത്താറുണ്ട്. ഇതെല്ലാം മുന്നിൽകണ്ടാണ് കൂപ്പർ ഓരോ നീക്കവും നടത്തിയത്.

നോർത്ത്‌വെസ്റ്റ് ഓറിയന്റിന്റെ സീറ്റിലിലെ ഓപ്പറേഷൻ മാനേജർ അൽ ലീ സാധാരണ വേഷത്തിലാണ് വിമാനത്തിനടുത്തേക്ക് വന്നത്. യൂണിഫോമിൽ വന്നാൽ കൂപ്പർ എന്തെങ്കിലും ചെയ്തേക്കുമോ എന്ന ഭയമുണ്ടായിരുന്നു. പണം നിറച്ച നാലു കെട്ടുകളും പാരച്യൂട്ടുകളും മക്ലോവ് വഴി കൂപ്പർക്ക് കൈമാറി. എല്ലാം കൃത്യമാണെന്ന് തിട്ടപ്പെടുത്തിയ കൂപ്പർ യാത്രക്കാരെ എല്ലാം ഇറക്കി വിട്ടു. ഒപ്പം വിമാനത്തിലെ കുറച്ചു ജീവനക്കാരെയും. 

അടുത്ത യാത്രയ്ക്കുള്ള ഇന്ധനം നിറക്കുന്നതിനിടെ പൈലറ്റുമാരുമായി കൂപ്പർ ചർച്ച നടത്തി. 10,000 അടി ഉയരത്തിൽ മണിക്കൂറിൽ 185 കിലോമീറ്റർ വേഗത്തിലാണ് വിമാനം പറത്തേണ്ടത്, കൂപ്പർ പൈലറ്റുമാർക്ക് നിർദ്ദേശം നൽകി. വിമാനത്തിന്റെ ലാൻഡിങ് ഗിയര്‍ ടേക്ക് ഓഫ്, ലാൻഡിങ് സമയത്തെ പോലെ വിന്യസിക്കണമെന്നും വിങ് ഫ്ലാപ്പുകൾ 15 ഡിഗ്രി താഴ്ത്തണമെന്നും ക്യാബിൻ മർദ്ദ രഹിതമാക്കാനും വിമാനത്തിന്റെ ഫീച്ചറുകളെ കുറിച്ച് കൃത്യമായ വിവരമുള്ളവരെ പോലെ കൂപ്പര്‍ ആവശ്യപ്പെട്ടു.

എന്നാൽ കൂപ്പർ പറഞ്ഞ മെക്സികോയിലെ സ്ഥലത്തേക്ക് പറന്നെത്താൻ ഏകദേശം 1,600 കിലോമീറ്റർ താണ്ടേതുണ്ടായിരുന്നു. മെക്സികോയ്ക്ക് എത്തുന്നതിന് മുൻപ് എവിടെയെങ്കിലും ലാൻഡ് ചെയ്ത് ഇന്ധം നിറച്ചാലെ 1,600 കിലോമീറ്റർ പറക്കാനാകൂവെന്ന് പൈലറ്റ് കോ പൈല്റ്റ് വില്യം റാടാസ്ക് കൂപ്പറോടു പറഞ്ഞു. അവസാനം യാത്രക്കിടെ നെവാഡയിലെ റെനോ എയർപോർട്ടിൽ ഇന്ധനം നിറയ്ക്കാനിറങ്ങി. അവിടെ നിന്നു ഇന്ധനം നിറച്ച് ടേക്ക് ഓഫ് ചെയ്യുമ്പോൾ പിൻഭാഗത്തെ ഡോർ തുറന്ന നിലയിൽ സ്റ്റെയർ കെയ്സ് പുറത്തേക്കായ വിധത്തിൽ സജ്ജീകരിക്കാൻ കൂപ്പർ പറഞ്ഞു. 

എന്നാൽ പിൻഭാഗത്തെ സ്റ്റെയർകെയ്സ് നിലനിർത്തി ടേക്ക് ഓഫ് ചെയ്താൽ വിമാനം അപകടത്തിലാകുമെന്ന് വിമാന എൻജിനീയർമാർ പറഞ്ഞു. ഇതിനിടെ കൂപ്പറുമായി മുഖാമുഖം സംസാരിക്കാൻ തയാറായി ചിലർ ബന്ധപ്പെട്ടെങ്കിലും നടന്നില്ല. ഇന്ധനം നിറക്കുന്ന ടാങ്കിന് പ്രശ്നമായതോടെ സമയം വൈകി. ഇതോടെ കൂപ്പർ തന്നെ മറ്റൊരു ടാങ്കിൽ നിന്ന് ഇന്ധനം നിറയ്ക്കാൻ ആവശ്യപ്പെട്ടു.

സമയം: വൈകീട്ട് 7.40

ബോയിങ് 727–100 വിമാനം ടേക്ക് ഓഫ് ചെയ്തു. അഞ്ചു പേരാണ് വിമാനത്തിലുണ്ടായിരുന്നത്. കൂപ്പർ, സ്കോട്ട്, മക്ലോവ്, റാടാക്സാക്, ഫ്ലൈറ്റ് എൻജിനീയർ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം ടേക്ക് ഓഫ് ചെയ്ത ഉടനെ മക്കോർഡ് വ്യോമസേന കേന്ദ്രത്തില്‍ നിന്ന് രണ്ടു എഫ്–106 പോർ വിമാനങ്ങൾ കൂടെ പറന്നു. എന്നാൽ കൂടുതൽ സമയം പറക്കാൻ കഴിയാതെ പോര്‍വിമാനങ്ങൾ തിരിച്ചു പേരേണ്ടി വന്നു.

സമയം: രാത്രി 8.00

രക്ഷപ്പെടാനുള്ള വഴിതേടുകയായിരുന്നു കൂപ്പർ. കോക്പിറ്റിൽ വാണിങ് ലൈറ്റ് ക്ലോക്ക് പ്രകാശിച്ചു. പിൻഭാഗത്തെ എയർസ്റ്റെയർ പ്രവർത്തിക്കുന്നുണ്ടെന്നതിന്റെ സൂചനയായിരുന്നു അത്. ഇതിനിടെ കൂപ്പർ ശരീരത്തിൽ എന്തോ ബന്ധിപ്പിക്കുന്നത് കാണാമായിരുന്നു. വിമാന ജീവനക്കാരുടെ സഹായമൊന്നും വേണ്ടെന്ന് കൂപ്പർ പറഞ്ഞിരുന്നു. വിമാനത്തിലെ മർദ്ദം മാറിയതും പൈലറ്റുമാര്‍ ശ്രദ്ധിച്ചു. അതെ പുറകിലത്തെ വാതിൽ തുറന്നിരിക്കുന്നു.

സമയം: രാത്രി 8.13

വിമാനത്തിനു എന്തോ സംഭവിച്ചതു പോലെ തോന്നി. കൂപ്പറെ കാണുന്നുമില്ല. പുറത്ത് നല്ല ഇരുട്ടായിരുന്നു. കൂപ്പർ പുറത്തേക്ക് ചാടിയിരിക്കുന്നു. എപ്പോൾ, എവിടെ, എങ്ങനെ ചാടിയെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. പാരച്യൂട്ട് വിടരുന്നതു പോലും വിമാനത്തിലുള്ളവർ കണ്ടില്ല. വിമാനത്തിൽ കാര്യമായ തെളിവുകൾ വെക്കാതെയാണ് കൂപ്പർ അപ്രത്യക്ഷമായത്.

boeing-cooper-

സമയം: രാത്രി 10.15

കൂപ്പർ ഹൈജാക്ക് ചെയ്ത വിമാനം റെനോ എയർപോർട്ടിൽ ലാൻഡ് ചെയ്തു. അപ്പോഴും പിൻഭാഗത്തെ എയർ സ്റ്റെയർ തുറന്നനിലയിൽ തന്നെയായിരുന്നു. എഫ്ബിഐ, പൊലീസ്, മറ്റു സുരക്ഷാ ഉദ്യോഗസ്ഥർ എല്ലാം ചേർന്ന് അരിച്ചു പെറുക്കിയെങ്കിലും വിമാനത്തിനകത്ത് ഒന്നും കണ്ടെത്താനായില്ല. 66 ഫിംഗർ പ്രിന്റുകൾ, ടൈ ക്ലിപ്പുകൾ, രണ്ടു പാരച്യൂട്ടുകൾ എന്നിവയാണ് കണ്ടെടുത്തത്.

തുടർന്ന് സംശയിക്കുന്ന ആയിരത്തോളം പേരെ ചോദ്യം ചെയ്തു. രേഖാ ചിത്രം വരച്ചു, നിരവധി പുസ്തങ്ങളും വിഡിയോകളും പുറത്തിറങ്ങി. എന്നിട്ടും കൂപ്പറെ കുറിച്ച് മാത്രം ഒന്നും കിട്ടില്ല. 2014 ൽ കാണാതായ മലേഷ്യൻ വിമാനത്തേക്കാളും നിഗൂഢതകൾ ബാക്കിവെച്ചാണ് കൂപ്പർ മടങ്ങിയത്.

രണ്ടു ലക്ഷം ഡോളർ ശരീരത്തില്‍ കെട്ടിവെച്ച് ചാടിയ കൂപ്പര്‍ രക്ഷപ്പെടാൻ സാധ്യത കുറവാണെന്നാണ് അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ പറഞ്ഞത്. ലോകത്തിലെ ഏറ്റവും വലിയ അന്വേഷണ ഏജൻസികളിൽ ഒന്നായ എഫ്ബിഐ 45 വർഷമാണ് കൂപ്പറെ തേടി അന്വേഷിച്ചത്. ഇതിനിടെ നിറംപിടിപ്പിച്ച നിരവധി കഥകൾ പുറത്തിറങ്ങി എന്നല്ലാതെ കൂപ്പറെ കുറിച്ച് ഒരു സ്കൂപ്പും ലഭിച്ചില്ല.

കൂപ്പർ പുറത്തേക്ക് ചാടുമ്പോൾ മഴയും നല്ല ഇരുട്ടുമായിരുന്നു. കറുത്ത വസ്ത്രം ധരിച്ചിരുന്ന കൂപ്പറെ ആ രാത്രി എങ്ങനെ കാണാനാണ്. കൂപ്പറിന്റെ വിമാന ഹൈജാക്കിന്റെ പുനരാവിഷ്കരണം നടത്താനും എഫ്ബിഐ തയാറായി. ഇതേ വിമാനവും പൈലറ്റിനെയും ഉപയോഗിച്ച് 91 കിലോ ഭാരമുള്ള ഡെമ്മി താഴേക്കിട്ടു പരീക്ഷിച്ചിരുന്നു.

boeing-

വിമാനം പറന്ന പ്രദേശങ്ങളിലെ നദികളിലും ജലാശയങ്ങളിലും കൂപ്പറെ തിരഞ്ഞു. മൗണ്ട് സെയിന്റ് ഹെലെൻസ്, വാഷിങ്ടനിന്റെ തെക്ക് പടിഞ്ഞാറ് ലൂയിസ് നദിയുടെ പരിസരം, മെർവിൻ തടാകം കേന്ദ്രീകരിച്ചെല്ലാം അന്വേഷിച്ചു. വ്യോമസേന, എഫ്ബിഐ എന്നിവർ ചേര്‍ന്ന് പോര്‍വിമാനങ്ങൾ, മുങ്ങിക്കപ്പലുകള്‍ എന്നിവ ഉപയോഗിച്ച് തിരച്ചിൽ നടത്തി. എന്നിട്ടും ഒന്നും കിട്ടിയില്ല.

related stories