Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

10 മിനിറ്റിൽ വിമാനം താഴേക്ക് വീണത് 26 തവണ, പിന്നാലെ കടലിലേക്ക്...

lion-air

ഒക്ടോബർ 29 ന് കടലിൽ തകർന്നു വീണ ഇന്തൊനീഷ്യൻ വിമാനത്തിന്റെ ബ്ലാക്ക്ബോക്സ് റിപ്പോർട്ട് അടിസ്ഥാനമാക്കി തയാറാക്കിയ ആദ്യ റിപ്പോർട്ട് പുറത്തുവന്നു. 189 പേർ മരിച്ച ദുരന്തത്തിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടല്ല ഇതെങ്കിലും അവസാന പത്തു മിനിറ്റിൽ സംഭവിച്ചത് എന്താണെന്ന് പറയുന്നുണ്ട്.

വിമാനം ടേക്ക് ഓഫ് ചെയ്യും മുൻപ് തന്നെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചിരുന്നില്ല. പൈലറ്റുമാർ നേരത്തെ റിപ്പോർട്ടു ചെയ്ത പ്രശ്നങ്ങൾ പോലും പരിഹരിക്കാതെയാണ് വിമാനം പറന്നുയർന്നത്. ടേക്ക് ഓഫ് ചെയ്ത് 3000 അടി ഉയരത്തിൽ എത്തിയപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയത്. വിമാനം നിയന്ത്രിക്കാനാവാതെ പൈലറ്റുമാർ ബുദ്ധിമുട്ടി.

ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റത്തിന്റെ പ്രശ്നങ്ങൾ കാരണം പത്തു മിനിറ്റിൽ 26 തവണയാണ് വിമാനം താഴേക്ക് മൂക്കുകുത്തിയത്. ഇതോടെ വിമാനത്തിന്റെ നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ടെന്നും ഓറഞ്ച് നിറത്തിലുളള ബ്ലാക്ക് ബോക്സിൽ നിന്ന് കണ്ടെത്താനായി. എന്നാൽ വോയിസ് ഫയലുകൾ പുറത്തെടുക്കാൻ ടെക് വിദഗ്ധർക്ക് കഴിഞ്ഞിട്ടില്ല.

ഓരോ തവണ വിമാനം താഴോട്ടു പോകുമ്പോഴും പാടുപെട്ടാണ് വീണ്ടും മുകളിലേക്ക് ഉയർത്തിയിരുന്നത്. എന്നാൽ തൊട്ടു മുൻപത്തെ യാത്രയിൽ പൈലറ്റുമാർക്ക് ചെയ്യാൻ കഴിഞ്ഞതു പോലെ വിമാനത്തെ നിയന്ത്രിക്കാൻ സാധിച്ചില്ല. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടതോടെ വിമാനം കടലിലേക്ക് വീഴുകയായിരുന്നു. ഇതിനു തൊട്ടുമുൻപത്തെ യാത്രയിൽ വിമാനത്തിന്റെ ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റം ഓഫ് ചെയ്താണ് സുരക്ഷിതമായി ലാൻഡ് ചെയ്തത്.

Black-box

കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്ന പ്രധാനപ്പെട്ട മൂന്നു കാര്യങ്ങളാണ്. വിമാനത്തിലെ പുതിയ ഫീച്ചറിനെ കുറിച്ച് പൈലറ്റുമാർക്ക് വേണ്ടത്ര അറിവ് ലഭിച്ചിരുന്നില്ല. വിമാനം നിർമിച്ച കമ്പനിയുടെ ഭാഗത്തു നിന്നും പുതിയ സിസ്റ്റത്തെ കുറിച്ച് പരിചയപ്പെടുത്തൽ നടന്നില്ല. രണ്ടാമത്തെ കാര്യം, വിമാനത്തിനു എന്താണ് സംഭവിക്കുന്നതെന്നോ, അടിയന്തരമായി എന്താണ് ചെയ്യേണ്ടതെന്നോ പൈലറ്റുമാർക്ക് കൃത്യമായ അറിവുണ്ടായിരുന്നില്ല. പ്രശ്നമുള്ള സിസ്റ്റം ഓഫ് ചെയ്തിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാനാകുമായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. മൂന്നാമത്തെ കാര്യം, ടേക്ക് ഓഫ് ചെയ്യും മുൻപ് വിമാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടു. തൊട്ടു മുൻപത്തെ പറക്കലിൽ വിമാനത്തിനു പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു.

related stories