പോണ്‍ വെബ്സൈറ്റ് നിരോധനത്തിനെതിരെ പ്രതിഷേധം, ജനങ്ങളെ ഉപദ്രവിക്കരുതെന്ന് പ്രൈസ്

ഇന്ത്യയിലെ അശ്ലീല വിഡിയോ വെബ്സൈറ്റുകളുടെ നിരോധനത്തിനെതിരെ മുൻനിര പോൺ വെബ്സൈറ്റ് പോൺ ഹബ് രംഗത്ത്. പോൺ വെബ്സൈറ്റ് നിരോധനം ജനങ്ങളെ ഉപദ്രവിക്കുന്നതിന് തുല്യമാണ്. നിരോധനം ഏർപ്പെടുത്തുന്നതോടെ പോൺ ലഭിക്കാൻ ജനങ്ങൾ മറ്റു വഴികള്‍ തേടുമെന്നും ഇത് സമൂഹത്തെ അപകടകരമായ വെബ്സൈറ്റുകളിലേക്ക് നയിക്കുമെന്നും പോൺ ഹബ് വെബ്സൈറ്റിന്റെ വൈസ് പ്രസിഡന്റ് കോറെ പ്രൈസ് പറഞ്ഞു.

പോൺ വെബ്സൈറ്റ് നിരോധനം കൊണ്ട് എന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയില്ല. പോൺ ഹബിലേക്ക് നേരിട്ടുള്ള സന്ദര്‍ശകരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. വിവിഎൻ സംവിധാനം ഉപയോഗിച്ച് നിരവധി പേർ പോൺഹബ് സന്ദർശിക്കുന്നുണ്ട്. എന്നാൽ കൃത്യമായ കണക്കുകൾ ലഭ്യമല്ലെന്നും പ്രൈസ് പറഞ്ഞു. അതേസമയം, പോൺ ഹബിന്റെ തന്നെ മിറർ വെബ്സൈറ്റുകള്‍ ഇന്ത്യയിൽ ഇപ്പോഴും ലഭിക്കുന്നുണ്ട്.

സ്വകാര്യമായി പോൺ കാണുന്നത് വിലക്കാൻ ഇന്ത്യയില്‍ നിയമമില്ല. രാജ്യം നേരിടുന്ന മറ്റുപ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്തതിന് പോൺ വെബ്സൈറ്റുകൾ നിരോധിക്കുകയാണെന്നും പ്രൈസ് കുറ്റപ്പെടുത്തി.

ഇന്ത്യയിൽ 4 കോടി പോൺ വെബ്സൈറ്റുകൾ, പൂട്ടിയത് 827; എന്തിനായിരുന്നു ഇത്?

രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ലൈംഗിക ചൂഷണങ്ങളും അതിക്രമങ്ങളും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെലികോം കമ്പനികള്‍ പോണ്‍ വെബ്സൈറ്റുകള്‍ നിരോധിച്ചത്. കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെയും കോടതി ഉത്തരവുകളുടെയും പിൻബലത്തോടെ പുതിയ തീരുമാനം നടപ്പിലാക്കിയിട്ട് രണ്ടാഴ്ച പിന്നിട്ടു. ഇതിനിടെ സംഭവിച്ചതെന്ത്? പോൺ വെബ്സൈറ്റുകൾ കാണുന്നവരുടെ എണ്ണം കുറഞ്ഞോ?

ലഭ്യമായ കണക്കുകൾ പ്രകാരം രാജ്യത്ത് ഏകദേശം നാലു കോടി പോൺവെബ്സൈറ്റുകളും ബ്ലോഗുകളും ലഭിക്കുന്നുണ്ടെന്നാണ്. എല്ലാം വിദേശരാജ്യങ്ങളിൽ നിന്ന് നിയന്ത്രിക്കുന്നതാണ്. എന്നാൽ പുതിയ നടപടിയുടെ ഭാഗമായി വിലക്കിയത് കേവലം 827 വെബ്സൈറ്റുകൾ മാത്രം. ഇതിൽ തന്നെ മുന്‍നിര വെബ്സൈറ്റായ പോൺഹബ് തന്നെ മിറർ വെബ്സൈറ്റും അവതരിപ്പിച്ചു ബ്ലോക്കിനെ മറികടന്നു. ഒരു മാറ്റവും സംഭവിക്കാതെ എല്ലാ വിഡിയോകളും ചിത്രങ്ങളും പുതിയ മിറർ വെബ്സൈറ്റിലും പോൺഹബ് ലഭ്യമാക്കുന്നു. 

ശരിക്കും ആരുടെ കണ്ണിൽ പൊടിയിടാനായിരുന്നു ഇന്ത്യയിലെ പോൺ വെബ്സൈറ്റ് നിരോധനം. കഴിഞ്ഞ രണ്ടാഴ്ചത്തെ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് പോൺ കാണുന്നവരില്‍ ഒരു കുറവും വന്നിട്ടില്ലെന്നാണ് അറിയുന്നത്. പൂർണമായ ഒരു നിരോധനത്തിന് ടെലികോം കമ്പനികളും മുന്നിട്ടിറങ്ങില്ല. കാരണം രാജ്യത്തെ പോൺവെബ്സൈറ്റുകൾ പൂർണ്ണമായും വിലക്കിയാൽ ഡേറ്റാ ഉപയോഗം കുത്തനെ കുറയും. ഇതോടെ വരുമാനത്തിൽ വലിയ ഇടിവു നേരിടുമെന്ന് അവർക്ക് ശരിക്കുമറിയാം.

ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലായിരുന്നു ഇപ്പോഴത്തെ നീക്കം. ഉത്തരാഖണ്ഡില്‍ വിദ്യാര്‍ഥിനിയെ സഹപാഠികള്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയ കേസ് പരിഗണിക്കവെയാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി സമ്പൂര്‍ണ നിരോധനം ആവശ്യപ്പെട്ടത്. എന്നാൽ പോൺവെബ്സൈറ്റ് നിരോധിക്കാൻ ആദ്യം മുന്നിട്ടിറങ്ങിയത് ജിയോ തന്നെയായിരുന്നു. പിന്നാലെ മറ്റു കമ്പനികളും രംഗത്തെത്തി.

857 സൈറ്റുകള്‍ പൂട്ടാനായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതി നിര്‍ദേശിച്ചത്. ഇതില്‍ 30 സൈറ്റുകളില്‍ പോണ്‍ ദൃശ്യങ്ങളോ വിഡിയോകളോ ഇല്ലായിരുന്നു. ഇതേതുടര്‍ന്ന് ഈ സൈറ്റുകള്‍ ഒഴിവാക്കി ബാക്കിയുള്ള 827 സൈറ്റുകള്‍ നിരോധിക്കുന്നതിന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. സെപ്റ്റംബര്‍ 27നാണ് കോടതി ഉത്തരവ് വന്നത്. ഈ നിര്‍ദേശം ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന് ഒക്ടോബര്‍ എട്ടിന് രേഖാ മൂലം കോടതിയില്‍ നിന്നും ലഭിച്ചതോടെ ഇതു സംബന്ധിച്ച നടപടികള്‍ മന്ത്രാലയം ഊര്‍ജ്ജിതമാക്കിരുന്നു.

എന്നാൽ ഈ നിരോധനം ഫലപ്രദമായില്ലന്നാണ് പ്രഥമ കണക്കുകൾ തെളിയിക്കുന്നത്. 827 വെബ്‌സൈറ്റുകള്‍ നിരോധിച്ചത് കൊണ്ട് മാത്രം രാജ്യത്ത് പോൺ നിരോധനം സാധ്യമല്ലെന്നാണ് ഐടി വിദഗ്ധരുടെ അഭിപ്രായം. ഇതിനെ മറിക്കടക്കാനുള്ള മറ്റ് മാർഗങ്ങളും ഓൺലൈൻ ലഭ്യമാണ്.