വിവാദ പദ്ധതിക്ക് പിന്നിൽ പിച്ചൈ? ചൈനയ്ക്ക് കീഴടങ്ങിയത് മേധാവികൾ അറിഞ്ഞില്ല

ഗൂഗിളിന്റെ സഹസ്ഥാപകനും ലോകത്തിലെ ഒൻപതാമത്തെ വലിയ ധനികനുമായ സെര്‍ഗായ് ബ്രിനിന് ചൈനയ്ക്കായി നിര്‍മിക്കുന്ന സേര്‍ച് പ്രൊജക്ടിനെക്കുറിച്ച് എന്താണ് അഭിപ്രായം? അദ്ദേഹത്തിന്റെ മുന്‍കാല നിലപാട് ചൈനയിലേക്ക് ഗൂഗിള്‍ പോകേണ്ട കാര്യമില്ലെന്നതായിരുന്നു. ചൈനയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഗൂഗിള്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും നെഞ്ചിലൊതുക്കണമെന്നതായിരുന്നു അദ്ദേഹത്തിന് വിഷമമുണ്ടാക്കിയ കാര്യം.

എന്നാല്‍, ഗൂഗിള്‍ ഇപ്പോള്‍ ചൈനയ്ക്കായി നിര്‍മിച്ചുകൊണ്ടിരിക്കുന്ന ഡ്രാഗണ്‍ഫ്‌ളൈ എന്ന കോഡു നാമമുള്ള സേര്‍ച് എൻജിൻ ചെയ്യുന്നത് അതുതന്നെയാണ്. ഈ സേര്‍ച് ഉപയോഗിച്ച് ചൈനക്കാര്‍ നടത്തുന്ന സേര്‍ച്ചുകള്‍ ചൈന സർക്കാരിനും കാണാം. കൂടാതെ മനുഷ്യവാകാശം തുടങ്ങിയ പദങ്ങള്‍ സേര്‍ച്ചു ചെയ്താല്‍ റിസള്‍ട്ടു കാണിക്കുകയുമില്ല. ഇത്തരം ഒരു സേര്‍ച് എൻജിന്‍ മനുഷ്യവകാശ ലംഘനമാണെന്നു പറഞ്ഞ് ഗൂഗിളിലെ തന്നെ ഉദ്യോഗസ്ഥരും മറ്റു ടെക്‌നോളജി വിദഗ്ധരും രംഗത്തെത്തിയിരുന്നു. പക്ഷേ, ഗൂഗിള്‍ പ്രൊജക്ടുമായി മുന്നോട്ടു പോകുകയാണ്. ഇതിനിടയിലാണ് പുതിയ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.

പുതിയ സേര്‍ച് എൻജിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് കാര്യമായി ഒന്നും തന്നെ ബ്രിന്നിനെ ധരിപ്പിക്കാതെയാണ് കമ്പനിക്കുള്ളിലെ ചിലര്‍ പ്രൊജക്ടുമായി നീങ്ങിയതെന്നാണ് ആരോപണം. കമ്പനിയുടെ വൈസ് പ്രസിഡന്റായ സ്‌കോട്ട് ബോമോണ്‍റ്റിനെ പോലെയുള്ള (Scott Beaumont) ചിലര്‍ ബ്രിന്നിന് കാര്യമായി ഒന്നും അറിയില്ലെന്ന് ഉറപ്പു വരുത്തിയിരുന്നുവെന്നാണ് ആരോപണം.

ദി ഇന്റര്‍സെപ്റ്റ് (The Intercept) പ്രസിദ്ധീകരിച്ച ലേഖനം പറയുന്നത് സ്ഥാപകാംഗങ്ങള്‍ തന്നെ നിയന്ത്രിക്കുന്ന കമ്പനികളില്‍ പോലും പലപ്പോഴും അധികാര വികേന്ദ്രീകരണം നടക്കുന്നുവെന്നാണ്. പല എക്‌സിക്യൂട്ടീവുകള്‍ക്കും പലതരം ആശയങ്ങളും താത്പര്യങ്ങളും ഉണ്ടാകും. ഗൂഗിളിന്റെ പ്രധാന മീറ്റിങ്ങുകളില്‍ ബ്രിന്നിന്റെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും ദൈനംദിന തീരുമാനങ്ങളെടുക്കുന്നതില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുകയായിരുന്നു.

ഗൂഗിളിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറായ സുന്ദര്‍ പിച്ചൈ ഡ്രാഗണ്‍ഫ്‌ളൈ എന്ന ആശയവുമായി മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്ന ആള്‍ക്കാരിൽ ഒരാളാണത്രെ. അദ്ദേഹമാണ് ഗൂഗിളിന്റെ കാര്യങ്ങളിലെ അവസാന വാക്കെന്നും പറയുന്നു. പിച്ചൈയും കുറച്ച് ഉദ്യോഗസ്ഥരും ഡ്രാഗണ്‍ഫ്‌ളൈ പോലത്തെ ഒരു ആശയം പ്രാവര്‍ത്തികമാക്കണമെന്നു പറഞ്ഞാല്‍ ബ്രിന്നിന് അത് അവഗണിക്കാനാവില്ല എന്നാണ് പറയുന്നത്.

വമ്പന്‍ കമ്പനികളിലെല്ലാം ഈ പ്രതിസന്ധിയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത് പല മാധ്യമപ്രവര്‍ത്തകരും മനസിലാക്കുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരാശയം കമ്പനിയുടേതെന്നു പറയുമ്പോള്‍ മറന്നു കളയുന്നത് ആയിരക്കണക്കിന് പേരുടെ ആശയങ്ങളാണ്. ഇവിടെ പലരും വിരുദ്ധ നിലപാടുകളുള്ളവരുണ്ടാകാം. പക്ഷേ, ചില കാര്യങ്ങളില്‍ വിട്ടുവീഴ്ചകള്‍ നടത്തേണ്ടി വരും. പലപ്പോഴും കൃത്യമായി ആരാണ് ഓരോ തീരുമാനത്തിനും പിന്നിലെന്നു പോലും പറയാനാവില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഫെയ്‌സബുക്കിന്റെ പ്രശ്‌നങ്ങള്‍ക്കു കാരണം ഷെറില്‍ സാന്‍ഡ്ബര്‍ഗ് ആണെന്നു ചിലര്‍ വിശ്വസിക്കുന്നു. മറ്റു ചിലര്‍ വിശ്വസിക്കുന്നത് അതിനു പിന്നില്‍ കമ്പനി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണെന്നാണ്. വമ്പന്‍ ടെക്‌നോളജി കമ്പനികളില്‍ ജനാധിപത്യമില്ലെന്നും വാദമുണ്ട്. കമ്പനിയുടെ സ്ഥാപകാംഗങ്ങള്‍ക്ക് നിരന്തരം അവരുടെ ഉദ്യോഗസ്ഥരെടുക്കുന്ന തീരുമാനങ്ങള്‍ തിരുത്തിക്കൊണ്ടിരിക്കാനാവില്ല. തങ്ങള്‍ കമ്പനി ഓടിക്കുന്നത് ഹിതപരിശോധന നടത്തിയിട്ടല്ലെന്ന് പിച്ചൈ തന്നെ പറഞ്ഞിട്ടുമുണ്ട്.