ഫോൺ ചാർജിലിട്ട് ഹെഡ്ഫോൺ ഉപയോഗിച്ചു, 16 കാരന് ദാരുണാന്ത്യം

ചാർജിലിരിക്കെ ഉപയോഗിക്കരുതെന്നത് മൊബൈൽ ഫോണിന്റെ ബാലപാഠങ്ങളിലൊന്നാണ്. എന്നാൽ പലരും ഇതിന് കാര്യമായ ഗൗരവം കൊടുക്കാറില്ല. ചാർജിലിരിക്കെ സംസാരിച്ചു കൊണ്ടിരുന്ന ഫോൺ പൊട്ടിത്തെറിച്ച് ഉപയോക്താവ് മരിച്ച നിരവധി സംഭവങ്ങൾ ആഗോളതലത്തിൽ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഈ പട്ടികയിലെ ഒടുവിലത്തെ ഇരയായിരിക്കുകയാണ് പതിനാറുകാരനായ മുഹമ്മദ് എയ്ദി അസ്ഹർ സഹറിൻ എന്ന മലേഷ്യൻ ബാലൻ.

ചാർജിലിട്ട ഫോണിൽ നിന്നും ഹെ‍ഡ്ഫോണിലൂടെ പാട്ടു കേട്ടതാണ് മുഹമ്മദിനു വിനയായത്. വീടിനുള്ളിൽ തണുത്തു മരവിച്ച ചലനമറ്റു കിടക്കുന്ന രീതിയിലാണ് മുഹമ്മദിനെ മാതാവ് കണ്ടെത്തിയത്. ചെവിയിൽ നിന്നും രക്തം വാർന്നൊഴുകിയ നിലയിലായിരുന്നു. ചാർജറിലെ അപാകതയാണ് വൈദ്യുതാഘാതത്തിനു വഴിവച്ചതെന്നാണ് അനുമാനം. ചെവിയിൽ പൊള്ളലേറ്റ പാടുകളല്ലാതെ മുഹമ്മദിന്‍റെ ദേഹത്ത് ബാഹ്യമായി മറ്റു പരിക്കുകളൊന്നും തന്നെ ഉണ്ടായിരുന്നില്ല.

ഈ വർഷം സമാനരീതിയിൽ റിപ്പോർട്ടു ചെയ്യുന്ന നാലാമത്തെ മരണമാണിത്. ഫെബ്രുവരിയിൽ ബ്രസീൽകാരിയായ 17കാരിയെയും സമാന രീതിയിൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വലിയ തോതിലുള്ള വൈദ്യുതി പ്രവാഹം ഫോണിലൂടെ പ്രവഹിച്ച് ഹെഡ്ഫോൺ ചെവിക്കുള്ളിൽ ഉരുകിയ നിലയിലായിരുന്നു. ചാർജിലായിരുന്ന ഫോൺ ഉരുകിയ നിലയിലായിരുന്നു.

അവശേഷിക്കുന്ന രണ്ടു മരണങ്ങളും നടന്നത് ഇന്ത്യയിലാണ്. പാട്ടുകേട്ടു കിടക്കുകയായിരുന്ന 46കാരിയും 22 കാരനുമാണ് മെയ്, ജൂൺ മാസങ്ങളിലായി ഷോക്കേറ്റു മരിച്ചത്. ചാർജറുകളുടെ ഗുണനിലവാരമില്ലായ്മയാണ് പലപ്പോഴും വൈദ്യുതാഘാതത്തിനു കാരണമാകുന്നത്.