യുവതികളുടെ രഹസ്യ ചിത്രങ്ങൾ പോൺ സൈറ്റിൽ, ചതിച്ചത് ആപ്പുകൾ

Representative Image

തന്റെ സ്മാര്‍ട് ഫോണില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന ഫോട്ടോകള്‍ ആരുടെയോ കൈയ്യിലെത്തിയെന്നറിഞ്ഞ ഗുരുഗ്രാംകാരി പെണ്‍കുട്ടി ഞെട്ടിപ്പോയി. പാസ്‌വേഡുളള പ്രൈവറ്റ് ഫോള്‍ഡറില്‍ സൂക്ഷിച്ചിരുന്നവയാണ് ഫോട്ടോകളാണ് അപരിചിതനായ ഒരാളുടെ കൈയ്യിലെത്തിയിരിക്കുന്നത്. അയാളാകട്ടെ അത് പോൺവെബ്സൈറ്റിലും സോഷ്യൽമീഡിയകളിലും പബ്ലിഷ് ചെയ്യുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. അപകടം മണത്ത പെൺകുട്ടി എത്രയും വേഗം സൈബര്‍ ക്രിമിനലുകളെ കൈകാര്യം ചെയ്യുന്ന വിദഗ്ധരെ സമീപിക്കുകയായിരുന്നു.

തുടര്‍ന്നു നടത്തിയ അന്വേഷണങ്ങള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നത്. പെൺകുട്ടിയുടെ മൊബൈലിലുള്ള ആപ്ലിക്കേഷന്‍ ഫോണിലുളള ധാരാളം സ്വകാര്യ ഡേറ്റ പുറത്തേക്ക് അയയ്ക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഇത്തരം ഡേറ്റയ്ക്ക് ഇന്ത്യയിലും ഒരു അനൗദ്യോഗിക വിപണിയുണ്ട്. ഇവിടെയാണ് ഇതു വിറ്റിരുന്നത്.

തുടര്‍ന്ന് പരാതിയുമായി എത്തിയത് ഡല്‍ഹിയില്‍ നിന്നുള്ള ഒരു 23കാരിയായ യുവതിയാണ്. എന്‍ജിഒയ്ക്കു വേണ്ടി ജോലിചെയ്യുന്ന യുവതി തന്റെ ഫോണില്‍ സൂക്ഷിച്ചിരുന്ന ഫോട്ടോകള്‍ പോണ്‍ വെബ്സൈറ്റ് വിഡിയോകളില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് അവര്‍ ഡല്‍ഹി പൊലീസിനെ സമീപിച്ചു. ആപ്പുകള്‍ ഫോട്ടോ ചോർത്തുന്നത് വലിയ ഭീഷണിയുളള കാര്യമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. വിഡിയോ അപ്‌ലോഡു ചെയ്തയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ഇവ ഒറ്റപ്പെട്ട സംഭവങ്ങളല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ മാസങ്ങളില്‍ ഡല്‍ഹിയില്‍ നിരവധി യുവതീയുവാക്കളുടെ സെല്‍ഫോണുകളില്‍ നിന്ന് സ്വകാര്യ ഡേറ്റ ചോര്‍ത്തിയതായി കണ്ടെത്തിയിരിക്കുകയാണ്. അവരുടെ ഡേറ്റ, ചില ആപ് നിര്‍മാതാക്കളുടെ കൈയ്യിലും ഡേറ്റാ ദുരുപയോഗം ചെയ്യാനായി ചോർത്തുന്നവരുടെ കൈയ്യിലും എത്തപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ അതിവേഗം വളരുന്ന ഒരു ബിസിനാണ് ഡേറ്റാ ചോർത്തലും വില്‍പ്പനയുമെന്ന് പൊലീസും സൈബര്‍കുറ്റങ്ങളെക്കുറിച്ചു പഠിക്കുന്ന വിദഗ്ധരും പറഞ്ഞു.

ധാരാളമായി സംഭരിക്കാന്‍ സ്വന്തമല്ലാത്ത (third-party) ലൈബ്രറികളാണ് ഡേറ്റാ ചോർത്തലിന് ഉപയോഗിക്കുന്നതെന്നു പറയുന്നു. ഇതു പിന്നീട് ഗ്രേമാർക്കറ്റില്‍ വില്‍ക്കുയാണ് ചെയ്യുന്നത്. പലപ്പോഴും ഗ്രേമാര്‍ക്കറ്റ് ഇടപാടുകള്‍ നടക്കുന്നത് ക്രിപ്‌റ്റോ കറന്‍സി ഉപയോഗിച്ചാണെന്നാണ് വാര്‍ത്തകള്‍. ഒരു ഫോട്ടോയ്ക്കും കോണ്ടാക്ടിനും മെസേജിനുമൊക്കെ ഇപ്പോള്‍ വില 40 പൈസയാണ്. ഒരു പ്രത്യേക സ്ഥലത്തെത്തി ഡേറ്റ വാങ്ങലല്ല നടക്കുന്നത്. എല്ലാം ഓണ്‍ലൈനായിട്ടാണ് നടക്കുന്നത്.

എന്താണ് സംഭവിക്കുന്നത്? 

ആന്‍ഡ്രോയിഡ് ഫോണുകളിലും ടാബുകളിലും ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യുമ്പോള്‍ അവ ഉപയോക്താവിന്റെ കോണ്‍ട്കാട്‌സിലും ഗ്യാലറിയിലും സ്‌ക്രീന്‍ ഷോട്‌സിലുമൊക്കെ കടക്കാന്‍ അനുവാദം വാങ്ങുന്നുണ്ട്. ഇത് അവയുടെ സുഗമമായ പ്രവര്‍ത്തനത്തിനു വേണ്ടിയാണെന്നാണ് വയ്പ്പ്. ഒരു ഫോട്ടോ എഡിറ്റിങ് ആപ് ഗ്യാലറിയില്‍ കടക്കണമെന്നു പറയുന്നത് മനസ്സിലാക്കാം. പക്ഷേ, ഫോട്ടോയുമായി ഒരു ബന്ധവുമില്ലാത്ത ആപ് ഗ്യാലറിയില്‍ കടക്കണമെന്നു പറയുന്നത് പേടിപ്പിക്കേണ്ട കാര്യമാണ്. ഒരു ചാറ്റ് ആപ് ലൊക്കേഷന്‍ വേണമെന്നു പറയുന്നതും അതു പോലെ അനാവശ്യമാണ്. ഗെയ്മിങ് ആപ്പിന് കോള്‍ ഹിസ്റ്ററി പരിശോധിക്കേണ്ട കാര്യമോ, മെസേജ് വായിക്കേണ്ട കാര്യമോ ഇല്ലെന്നും സൈബര്‍ വിദഗ്ധന്‍ പറയുന്നു.

പ്രശ്‌നത്തിന്റെ പങ്ക് ഉപയോക്താക്കള്‍ തന്നെ വരുത്തിവയ്ക്കുന്നതാണെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. നെടുങ്കന്‍ ടേംസ് ആന്‍ഡ് കണ്‍ഡിഷന്‍സ് വായിക്കാന്‍ ആരും സമയം കണ്ടെത്താറില്ല. ആപ്പ് ഉപയോഗിക്കാനുള്ള ധൃതിക്ക് തങ്ങള്‍ എന്തിനൊക്കെയാണ് അനുമതി നല്‍കുന്നതെന്ന് ആരും പരിശോധിക്കാറില്ല. ആപ്പുകളില്‍ പൂര്‍ണ്ണമായി വിശ്വാസമര്‍പ്പിക്കുന്ന ഉപയോക്താക്കള്‍ സ്വയം കുഴപ്പത്തില്‍ ചാടുകയാണ്. ചില ആപ്പുകള്‍ ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങള്‍ അടങ്ങുന്ന എസ്എംഎസ് വരെ കടത്തും. വണ്‍-ടൈം പാസ്‌വേഡുകളും പൊക്കും. ചില ആപ്പുകളാകട്ടെ ആളുകളുടെ ശരീര ചലനങ്ങള്‍ വരെ രേഖപ്പെടുത്തും.

ഡല്‍ഹി പൊലിസുമൊത്തു പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ഇന്ത്യന്‍ സൈബര്‍ ആര്‍മിയുടെ ചെയര്‍മാന്‍ കിസ്‌ലെ ചൗധരി പറയുന്നത് ഉപയോക്താക്കളെക്കുറിച്ചുള്ള എല്ലാത്തരം വിവരങ്ങളും വില്‍പ്പനയ്‌ക്കെത്തുന്നുണ്ടെന്നാണ്. ഇത്തരം കേസുകളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്നു. ഉപയോക്താക്കളുടെ ഫോട്ടോകളിലും വിഡിയോയിലും കണ്ണുവയ്ക്കുന്ന ആപ്പുകളുടെ എണ്ണം വര്‍ധിക്കുകയാണ്. ഗ്രേ മാര്‍ക്കറ്റില്‍ ഫോട്ടോകള്‍ക്ക് വളരെ പ്രിയമാണത്രെ. സെക്സ് വിഡിയോ കിട്ടിയാല്‍ അതിന് 60,000 രൂപ വരെ ലഭിക്കുമെന്നും പറയുന്നു. സ്മാര്‍ട് ഫോണ്‍ ആപ് പ്രേമം ഉപയോക്താക്കള്‍ക്ക് ഒരു സ്വകാര്യത ഭീഷണിയായി വളരുകയാണെന്ന് ഡെല്ലി പൊലീസ് വക്താവ് മധുര്‍ വെര്‍മ പറഞ്ഞു.

ജനങ്ങൾ കൂടുതല്‍ സമയം ആപ്പുകളില്‍ ചിലവഴിക്കുന്നു. വെബ് ബ്രൗസിങ് നടത്തുന്നവരുടെ എണ്ണം കുറവാണ്. ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനു മുൻപ് അവ എന്തെല്ലാം വേണമെന്നാണ് പറയുന്നതെന്ന് വ്യക്തമായി മനസ്സിലാക്കണം. പ്രൈവസി പോളിസി ഉറപ്പായും വായിച്ചിരിക്കണമെന്നും പറയുന്നു. (ചിലരുടെ കാര്യത്തിലെങ്കിലും ഇതൊക്കെ വളരെ അപ്രായോഗികമാണ്. എത്ര പേര്‍ക്ക് ആംഗലത്തില്‍ വരുന്ന ടേംസ് ആന്‍ഡ് കണ്‍ഡിഷന്‍സ് വായിച്ചാല്‍ മനസ്സിലാകും?) മറ്റെല്ലാവരും ഇന്‍സ്റ്റാള്‍ ചെയ്യുന്നു. ഞാനും ഇന്‍സ്‌റ്റാള്‍ ചെയ്യുന്നുവെന്ന നയമാണ് പലരും പിന്തുടരുന്നത്.

നോയിഡ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സെല്‍ഫോണ്‍ ആപ് ഡവലപ്പര്‍ പറയുന്നത് സെര്‍വറുകളില്‍ എത്തുന്ന ഡേറ്റ ദുരുപോയോഗം ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ്. ഇവ തേഡ് പാര്‍ട്ടി ലൈബ്രറികളുമായി ഷെയര്‍ ചെയ്യപ്പെടാം.

ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനു മുൻപ് ഉപയോക്താവ് ടേംസ് ആന്‍ഡ് കണ്‍ഡിഷന്‍സ് വായിച്ചുവെന്ന് ഉറപ്പു വരുത്തണമെന്നാണ് എല്ലാവരും നല്‍കുന്ന ഉപദേശം. പേഴ്‌സണല്‍ ഡേറ്റയിലേക്ക് കടക്കാന്‍ അനുവദിച്ചില്ലെങ്കിലും മിക്ക ആപ്പുകളും പ്രവര്‍ത്തിക്കും. ഈ പ്രശ്‌നം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായി കേന്ദ്രവും മനസ്സിലാക്കി തുടങ്ങി. ചെറുപ്പക്കാര്‍ക്കും ടീനേജിലുള്ളവര്‍ക്കുമായി സൈബര്‍ സുരക്ഷയെക്കുറിച്ചു വിശദീകരിക്കുന്ന ബുക്‌ലെറ്റ് ഇറക്കിയതായി എംഎച്എ അധികാരികള്‍ പറഞ്ഞു. സൈബര്‍ ഗുണ്ടായിസിത്തിനെതിരെയും ഓണ്‍ലൈന്‍ ഗെയ്മിങ്ങിന്റെ സാധ്യതകളെക്കുറിച്ചും ഇ-മെയില്‍ ഫ്രോഡുകളെക്കുറിച്ചും അതില്‍ പ്രതിപാദിക്കുന്നുണ്ടെന്നും പറഞ്ഞു.