മരിച്ചെന്ന് ഗൂഗിള്‍; മരിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി, തെറ്റുതിരുത്തി സേർച്ച് എൻജിൻ

ടെക് ലോകത്തെ ഏറ്റവും വലിയ സേർച്ച് എൻജിൻ ഗൂഗിളിന് പിഴവ് സംഭവിക്കുന്നത് പതിവാകുകയാണ്. കഴിഞ്ഞ ദിവസം വന്ന വിവാദം കേന്ദ്ര  മന്ത്രി മരിച്ചുവെന്നായിരുന്നു. നരേന്ദ്ര മോദി, ഡോണൾഡ് ട്രംപ് എന്നിവർക്ക് പണികൊടുത്തിട്ടുള്ള ഗൂഗിൾ സേർച്ച് കേന്ദ്രമന്ത്രി ബാബുൾ സുപ്രിയോ മരിച്ചുവെന്നാണ് കാണിച്ചിരുന്നത്. എന്നാൽ തെറ്റുമനസ്സിലായതോടെ ഗൂഗിൾ ഇക്കാര്യം തിരുത്തി.

താൻ മരിച്ചെന്ന് രേഖപ്പെടുത്തിയ ഗൂഗിളിനെ ജീവിച്ചിരിക്കുന്നുണ്ടെന്ന് തെളിയിക്കാനൊരുങ്ങുകയായിരുന്നു കേന്ദ്രമന്ത്രി ബാബുൾ സുപ്രിയോ. 2011 ഡിസംബർ 30ന് ബാബുൾ സുപ്രിയോ കൊൽക്കത്തയിൽ മരിച്ചെന്നാണ് ഗൂഗിൾ സേർച്ചിൽ കാണിച്ചിരുന്നത്. ഇത് കണ്ട് ഞെട്ടിയ മന്ത്രി ഇത് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഗൂഗിൾ ഇന്ത്യയെ സമീപിച്ചു. ഇതോടെയാണ് തെറ്റുതിരുത്തിയത്.

ജീവിതം മനോഹരമാണെന്നും ഇനിയും ജീവിക്കണമെന്നും ബാബുൽ ട്വിറ്ററിൽ കുറിച്ചിരുന്നു. ജീവിച്ചിരിക്കുന്നുണ്ടെന്നതിന് തെളിവ് നൽകാമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമബംഗാളിലെ അൻസോളിൽ നിന്നുള്ള എംപിയാണ് ബാബുള്‍ സുപ്രിയോ. പിന്നണി ഗായകനും ടെലിവിഷൻ അവതാരകനും കൂടിയാണ് അദ്ദേഹം. മരിച്ച തീയതി ഗൂഗിളിൽ എങ്ങനെ വന്നെന്ന കാര്യത്തിൽ വ്യക്തതയില്ല.

മരണം തിരുത്തിയതിന് ശേഷം ബാബുൾ സുപ്രിയോയുടെ കൂടുതൽ വിവരങ്ങളും ഗൂഗിൾ ഉൾപ്പെടുത്തി. എന്നാൽ നേരത്തെയുള്ള ഡേറ്റയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഒഴിവാക്കി. ഭാര്യമാരുടെ പേരുവിവരങ്ങൾ, അദ്ദേഹത്തിന്റെ പാട്ടുകൾ, സിനിമകൾ തുടങ്ങി വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.