നിയന്ത്രണംവിട്ട വിമാനങ്ങൾ സമുദ്രത്തിൽ ലാൻഡ് ചെയ്തിട്ടുണ്ട്, അന്ന് സംഭവിച്ചതെന്ത്?

സാധാരണക്കാര്‍ക്ക് മാത്രമല്ല വിമാനത്തില്‍ യാത്ര ചെയ്യുന്ന ഭൂരിഭാഗത്തിനും വിമാനം എങ്ങനെ പറക്കുന്നുവെന്നോ? അപകടസാധ്യതകള്‍ എന്തെല്ലാമാണെന്നോ വലിയ ധാരണയൊന്നുമില്ല. അടിയന്തരമായി വിമാനം നിലത്തിറക്കേണ്ട സാഹചര്യമുണ്ടാവുകയും സമുദ്രത്തിന് മുകളിലാണ് വിമാനം പറക്കുകയും ചെയ്യുന്നതെങ്കില്‍ എന്തുചെയ്യും? സാധാരണ വിമാനങ്ങള്‍ വെള്ളത്തിന് മുകളിൽ ലാൻഡ് ചെയ്യാനാകുമോ? അതിനുള്ള ഉത്തരമാണ് ഒരു പൈലറ്റ് നല്‍കുന്നത്.

ആശ്വാസകരമായ കാര്യം ആധുനിക വിമാനങ്ങള്‍ അത്യാവശ്യഘട്ടത്തില്‍ വെള്ളത്തിലും ഇറക്കാനാകുമെന്നതാണ്. എന്നാല്‍ വെള്ളത്തിലിറക്കാനല്ല നിര്‍മിച്ചിരിക്കുന്നത് എന്നതിനാല്‍ തന്നെ വിമാനം സുരക്ഷിതമായി സമുദ്രത്തിലിറക്കുന്നത് നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും. വിമാനങ്ങൾ നിർമിച്ച് പരീക്ഷണ പറക്കൽ നടത്തുമ്പോൾ ഒരിക്കലും വെള്ളത്തിലിറക്കിയുള്ള ലാൻഡിങ് പരിശോധിക്കാറില്ല. എന്നാൽ അടിയന്തര ഘട്ടങ്ങളിൽ വെള്ളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യാനുള്ള ഫീച്ചറുകൾ ആധുനിക യാത്രാവിമാനങ്ങളിൽ ഉണ്ടെന്നാണ് അറിയുന്നത്.

വെള്ളത്തിലേക്ക് വിമാനം ഇറക്കുകയാണെങ്കില്‍ പൈലറ്റ് കോപ്കിറ്റിന് താഴെയുള്ള എയര്‍ വാല്‍വുകള്‍ അടക്കേണ്ടതുണ്ട്. എത്ര ഉയരത്തില്‍ എത്ര വേഗത്തിലാണ് വിമാനം പറക്കുന്നതെന്നതും വെള്ളം ശാന്തമാണോ എന്നതും ഈ സാഹസിക ലാന്റിങ്ങിനെ ബാധിക്കുന്ന കാര്യങ്ങളാണ്. ഇനി അപകടമേതുമില്ലാതെ വെള്ളത്തിന് മുകളില്‍ ഇറങ്ങിയാല്‍ തന്നെ യാത്രക്കാരില്‍ ഭൂരിഭാഗവും രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്നതാണ് മറ്റൊരു വസ്തുത.

ലൈഫ് ജാക്കറ്റുകളും സീറ്റ് ബെല്‍റ്റുകളുമാണ് പലപ്പോഴും യാത്രികരുടെ അന്തകരാകാറ്. വിമാനത്തിനുള്ളില്‍ വെള്ളം കയറുന്നതിനനുസരിച്ച് ജാക്കറ്റിട്ട യാത്രികര്‍ പൊങ്ങിപോവുകയും പുറത്തേക്കിറങ്ങാനാകാത്തവിധം കുടുങ്ങിപോവുകയും ചെയ്യാറുണ്ട്. മാത്രമല്ല പുറത്തേക്ക് പോകാനുള്ള ശ്രമത്തിനിടെ ജാക്കറ്റുകള്‍ കീറിപ്പോകാനും വെള്ളം നിറഞ്ഞ് യാത്രികരെ തന്നെ മുക്കാനും സാധ്യതയുണ്ട്.

1996 നവംബര്‍ 23ന് എതോപ്യന്‍ എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റ് 961 വിമാനം റാഞ്ചിയിരുന്നു. ഒടുവില്‍ ഇ വിമാനം സമുദ്രത്തില്‍ ഇറക്കുകയാണ് ചെയ്തത്. ആ വിമാനത്തിലുണ്ടായിരുന്ന 175 പേരില്‍ 125 പേര്‍ക്കും ജീവന്‍ നഷ്ടമായി. ഇത്തരം സാഹചര്യങ്ങളില്‍ വിമാനത്തിലെ ജീവനക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി അനുസരിക്കുക മാത്രമാണ് ജീവന്‍ രക്ഷപ്പെടാനുള്ള ഏക സാധ്യതയെന്നും പൈലറ്റ് ഓര്‍മിപ്പിക്കുന്നു.