ബ്ലോക്ക്, അൺസബ്‌സ്‌ക്രൈബ് സംവിധാനങ്ങളുമായി ജിമെയിൽ

സ്‌ഥിരം ശല്യക്കാരെയും പരസ്യക്കാരെയും പാടെ ഒഴിവാക്കാൻ സഹായിക്കുന്ന രണ്ടു സംവിധാനങ്ങളുമായി ജിമെയിലിനു പുതിയ അപ്‌ഡേറ്റ്. ബ്ലോക്ക്, അൺസബ്‌സക്രൈബ് എന്നീ പുതിയ സവിശേഷതകൾ വഴി ജിമെയിൽ ഇൻബോക്‌സിൽ അനാവശ്യമായ മെയിലുകൾ വന്നു നിറയുന്നത് ഒഴിവാക്കാം.

ആവശ്യമില്ലാത്ത മെയിലുകൾ സ്ഥിരമായി ബ്ലോക്ക് ചെയ്യാനുള്ളതാണ് ബ്ലോക്ക് സംവിധാനം. ഒരു ഇമെയിൽ വിലാസം ബ്ലോക്ക് ചെയ്താൽ ആ വിലാസത്തിൽ നിന്നു പിന്നീടെത്തുന്ന എല്ലാ മെയിലുകളും നേരെ സ്പാം ഫോൾഡറിലേക്കു പോകും. ജിമെയിലിൽ വലതുവശത്തുള്ള ത്രി ഡോട്ട് മെനുവിൽ നിന്നും ഇത് ഉപയോഗിക്കാം. സ്പാം മെയിലുകൾ സ്വയം കണ്ടെത്തി സ്പാമിലേക്കയക്കുന്ന സംവിധാനമാണ് നിലവിൽ ജിമെയിലിനുള്ളത്. ഇതിനു പുറമേ ഉപയോക്താക്കൾക്ക് ഇമെയിൽ വിലാസങ്ങളെ സ്പാം പട്ടികയിൽപ്പെടുത്തുന്നതിനായി റിപ്പോർട്ട് സ്പാം ബട്ടണുമുണ്ട്. ഇതു രണ്ടും ഗൂഗിളിന്റെ സ്പാം പട്ടികയിലുള്ള ഇമെയിൽ വിലാസങ്ങളെ മാത്രമേ സ്പാമിലേക്കയയ്ക്കൂ.

എന്നാൽ, എന്തെങ്കിലും കാരണത്താൽ, ഏതെങ്കിലും തരത്തിലുള്ള മെയിലുകൾ ബ്ലോക്ക് ചെയ്യണമെന്നുള്ളവർക്ക് പുതിയ ബ്ലോക്ക് ബട്ടൻ ഉപയോഗിക്കാം. ഗൂഗിളിന്റെ സ്പാം പട്ടികയുമായി ബന്ധമില്ലാത്ത ഈ സംവിധാനം തീർത്തും വ്യക്തിഗതമാണ്. അൺബ്ലോക്ക് ചെയ്യണമെന്നു തോന്നുമ്പോൾ അതിനും അവസരമുണ്ട്. മെയിലുകൾ തുടർന്ന് ഇൻബോക്‌സിൽ തന്നെ ലഭിക്കും. ജിമെയിൽ വെബ് വേർഷനിൽ ലഭിച്ചു തുടങ്ങിയിരിക്കുന്ന ബ്ലോക്ക് സംവിധാനം അടുത്തയാഴ്ചയോടെ ജിമെയിൽ മൊബൈൽ ആപ്പുകളിൽ ലഭിക്കും.

ഗൂഗിൾ വെബ് വേർഷനിൽ ഏതാനും നാളുകൾക്കു മുൻപ് അവതരിപ്പിച്ച അൺസബ്‌സ്‌ക്രൈബ് സംവിധാനം സ്ഥിരം ശല്യമെയിലുകളിൽ നിന്ന് ഒറ്റ ക്ലിക്കിൽ ഒഴിവാകാൻ സഹായിക്കും. പരസ്യങ്ങളും ന്യൂസ്‌ലെറ്ററുകളുമുൾപ്പെടെയുള്ള അനേകം സബ്‌സ്‌ക്രൈബ്ഡ് മെയിലുകളിൽ നിന്ന് ഒറ്റക്ലിക്കിൽ ഒഴിവാകാൻ ഈ സംവിധാനം സഹായകമാണ്. അൺസബ്‌സ്‌ക്രൈബും ജിമെയിൽ മൊബൈൽ ആപ്ലിക്േഷനിലെ അടുത്ത അപ്‌ഡേറ്റിലൂടെ ലഭിക്കും.