യുഎസ് കമ്പനി രഹസ്യം ചോർത്താൻ ചൈനയുടെ സൈബർ ചാരവൃത്തി

അമേരിക്കൻ വ്യാവസായിക മേഖലയിലെ രഹസ്യങ്ങൾ ചോർത്താൻ ചൈനയുടെ സൈബർ ചാരവൃത്തി തുടരുന്നതായി യുഎസ് അധികൃതർ. വ്യാവസായിക മേഖലയിൽ പരസ്പരം സൈബർ ചാരവൃത്തി ഒഴിവാക്കുമെന്ന് ഇരുരാജ്യങ്ങളും തമ്മിൽ കരാറുണ്ടെങ്കിലും ഇതു ഫലപ്രദമായിട്ടില്ലെന്നാണു യുഎസ് ആരോപണം.

കരാർ ലംഘിച്ചാൽ ചൈനയ്ക്കെതിരെ ക്രിമിനൽ നടപടികൾ പരിഗണിക്കാൻ വകുപ്പുണ്ടെന്നും യുഎസ് നിയമവിദഗ്ധർ അവകാശപ്പെടുന്നു. പരസ്പരം വ്യാവസായിക രഹസ്യങ്ങൾ ചോർത്തുന്ന സൈബർ ചാരവൃത്തിയും സൈബർ നുഴഞ്ഞുകയറ്റവും തടയുമെന്നു കഴിഞ്ഞ സെപ്റ്റംബറിൽ യുഎസും ചൈനയും കരാറായിരുന്നു.

എന്നാൽ യുഎസ് അധികൃതരുടെ വെളിപ്പെടുത്തലിനോടു പ്രതികരിക്കാൻ ചൈന വിസമ്മതിച്ചു. സമീപകാലത്തു യുഎസ് ടെക്നോളജി–ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കെതിരെ ഏഴു ചൈനീസ് സൈബർ ആക്രമണമുണ്ടായതായി കലിഫോണിയ ആസ്ഥാനമായ സൈബർ നിരീക്ഷണ ഏജൻസി കണ്ടെത്തിയിരുന്നു. അതേസമയം ദേശീയ സുരക്ഷയ്ക്കു വേണ്ടിയുള്ള സൈബർ ചാരവൃത്തിയെ കരാർ വിലക്കിയിട്ടുമില്ല.

നേരത്തേ സോണി പിക്ചേഴ്സ് എന്റർടെയ്ൻമെന്റിനെതിരെ സൈബർ ആക്രമണം നടത്തി സെർവറുകൾ തകർത്തതിന് ഉത്തര കൊറിയയ്ക്കെതിരെ യുഎസ് വാണിജ്യ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണു ചൈനയുമായി കരാറുണ്ടാക്കിയത്.