ഇന്ത്യയുടെ റെക്കോർഡ് നേട്ടത്തെ പുകഴ്ത്തിയും ഇകഴ്ത്തിയും ചൈനീസ് മാധ്യമങ്ങൾ

ഇനി അഭിമാനത്തോടെ പറയാം... ലോകശക്തികൾ പോലും അംഗീകരിച്ച ബഹിരാകാശ ഏജൻസി ഐഎസ്ആർഒയുടെ സ്വന്തം ഇന്ത്യയാണെന്ന്. അയൽ രാജ്യമായ ചൈനയിലെ ചില മാധ്യമങ്ങൾ പോലും ഇന്ത്യയുടെ റെക്കോർഡ് നേട്ടത്തെ വാനോളം പുകഴ്ത്തി. ഇന്ത്യയുടെ ബഹിരാകാശ 104 സാറ്റലൈറ്റുകള്‍ ബഹിരാകാശത്തെത്തിച്ച ഐഎസ്ആര്‍ഒ അഭിനന്ദനം അര്‍ഹിക്കുന്നെന്നാണ് ചൈനീസ് പത്രം റിപ്പോർട്ട് ചെയ്തത്. എന്നാൽ ചില മാധ്യമങ്ങൾ പരിഹസിക്കുകയും ചെയ്തു.

ബഹിരാകാശ നേട്ടങ്ങളില്‍ ചൈനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യ ഏറെ പിന്നിലാണെങ്കിലും ശ്രദ്ധേയമായ നേട്ടമാണ് ഇന്ത്യ ഇത്തവണ കൈവരിച്ചതെന്നാണ് ചൈനീസ് പത്രം പറയുന്നത്. മുഖപ്രസംഗം തന്നെ എഴുതി അര്‍ഹിക്കുന്ന പ്രാധാന്യത്തിലാണ് ചൈനയിലെ ഗ്ലോബല്‍ ടൈംസ് പത്രം ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞരുടെ നേട്ടത്തെ പുകഴ്ത്തിയിരിക്കുന്നത്.

2014ല്‍ ഒറ്റ വിക്ഷേപണത്തില്‍ 37 ഉപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിച്ച റഷ്യയുടെ റെക്കോഡാണ് ഇന്ത്യ തിരുത്തിയത്. മറ്റു രാജ്യങ്ങളുടെ ബഹിരാകാശ ചിന്തകൾക്ക് ഊർജ്ജം നല്‍കുകയായിരുന്നു ഈ സെഞ്ചുറികടന്ന പ്രകടനത്തിലൂടെ ഐഎസ്ആർഒ ചെയ്തതെന്നും ചൈനീസ് പത്രം പറയുന്നു. രാജ്യാന്തര തലത്തില്‍ തന്നെ ഏറെ പ്രശംസ പിടിച്ചുപറ്റിയ ഇന്ത്യയുടെ ബഹിരാകാശ ഉദ്യമമാണ് വിജയിച്ചതെന്ന് പറയുന്ന പത്രം ഇത് ഓരോ ഇന്ത്യക്കാരുടേയും അഭിമാന നിമിഷമാണെന്നും ഓര്‍മ്മിപ്പിക്കുന്നു.

'ഒരൊറ്റ വിക്ഷേപണത്തില്‍ എത്ര സാറ്റലൈറ്റുകള്‍ ബഹിരാകാശത്തെത്തിച്ചു എന്നത് മാത്രമല്ല ബഹിരാകാശ മേഖലയിലെ നേട്ടത്തിന്റെ മാനദണ്ഡം. ആ നിലയില്‍ വിശാലമായ അര്‍ഥത്തില്‍ ഇന്ത്യയുടെ നേട്ടത്തിന്റെ സാധ്യതകള്‍ പരിമിതമാണ്. എന്നാല്‍ വളരെ ചുരുങ്ങിയ ചെലവിലാണ് ഇന്ത്യ ഇത്രയും നേട്ടങ്ങള്‍ സ്വന്തമാക്കിയത് എന്നത് ഇതിനിടയിലും ശ്രദ്ധേയമാണ്'

'2008ലാണ് ഇന്ത്യയുടെ ചാന്ദ്രയാന്‍ വിക്ഷേപിച്ചത്. 2013ല്‍ ചൊവ്വയിലേക്ക് ആളില്ലാ പേടകം വിക്ഷേപിച്ച് ഇന്ത്യ വീണ്ടും ലോകത്തെ ഞെട്ടിച്ചു. 2013ല്‍ അമേരിക്ക 39.3 ബില്യണ്‍ ഡോളറും ചൈന 6.1 ബില്യണ്‍ ഡോളറും റഷ്യ 5.3 ബില്യണ്‍ ഡോളറും ജപ്പാന്‍ 3.6 ബില്യണ്‍ ഡോളറുമാണ് ചെലവിട്ടത്. ഇതേ സ്ഥാനത്ത് ഇന്ത്യ ചെലവിട്ടതാകട്ടെ 1.2 ബില്യണ്‍ ഡോളര്‍ മാത്രം. എന്നാല്‍ ഇന്ത്യയുടേയും ചൈനയുടേയും ജിഡിപി വെച്ച് കണക്കാക്കിയാല്‍ ചെലവിടുന്ന തുക ഏകദേശം തുല്യമാണെന്നതും ശ്രദ്ധേയമാണ്'

ഇതിനൊപ്പം മറ്റൊരു കാര്യം കൂടി സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നുവെന്ന് പത്രം പറയുന്നു. ഇന്ത്യയുടെ പ്രതിരോധ ബജറ്റ് ചൈനയുടേതിന്റെ മൂന്നിലൊന്ന് മാത്രമാണ്. എന്നാല്‍ ജിഡിപി വെച്ച് കണക്കാക്കിയാല്‍ ചൈനയേക്കാള്‍ മുന്നില്‍ ഇന്ത്യയാണ്. ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങള്‍ക്കൊപ്പം ഇതുകൂടി കൂട്ടിവായിക്കണം. കാരണം ബഹിരാകാശ ശാസ്ത്രത്തിന് പ്രതിരോധ മേഖലയുമായി അഭേദ്യമായ ബന്ധമുണ്ട്. എങ്കിലും അമേരിക്കയേയും ചൈനയേയും അപേക്ഷിച്ച് ഇന്ത്യ ബഹിരാകാശ മേഖലയില്‍ ഏറെ പിന്നിലാണ്. ഒരു ഇന്ത്യക്കാരന്‍ പോലും ഇപ്പോള്‍ ബഹിരാകാശത്തില്ല. ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിനെക്കുറിച്ച് ഇന്ത്യ ചിന്തിച്ചു തുടങ്ങിയിട്ട് പോലുമില്ലെന്നും പത്രം ഓര്‍മ്മിപ്പിക്കുന്നു.