ഓപ്പോയ്ക്ക് ഇരട്ടി നേട്ടം, ഐഫോണിനു വൻ തിരിച്ചടി, ഷവോമിയും താഴേക്ക്

ലോകത്തെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ വിപണിയാണ് ചൈന. നിലവിലെ ഒട്ടുമിക്ക സ്മാർട്ട്ഫോണുകളും ഇറക്കുന്നത് ചൈനീസ് കമ്പനികളാണ്. എന്നാൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ ചൈനീസ് കമ്പനികൾ വൻ മുന്നേറ്റം നടത്തിയതോടെ തിരിച്ചടി നേരിട്ടത് ആപ്പിൾ ഐഫോണുകൾക്കാണ്. ഏറ്റവും കൂടുതൽ ഐഫോൺ വിറ്റിരുന്ന ചൈനീസ് വിപണി അവിടത്തെ തന്നെ ചെറുകിട കമ്പനികൾ പിടിച്ചെടുത്തിരിക്കുന്നു.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ചൈനീസ് വിപണിയിൽ ഓപ്പോയാണ് ഒന്നാം സ്ഥാനത്ത്. ആപ്പിൾ ബ്രാൻ‍ഡ് നാലാം സ്ഥാനത്താണ്. അതേസമയം മറ്റൊരു ചൈനീസ് കമ്പനി ഷവോമിയും താഴോട്ടു പോയി. 'ചൈനീസ് ആപ്പിള്‍' എന്ന് അറിയപ്പെടുന്ന ഷവോമി ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്. മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഡേറ്റ കോര്‍പ്പറേഷനാണ് (IDC) പുതിയ കണക്കുകൾ വെളിപ്പെടുത്തിയത്.

മൊബൈല്‍ഫോണ്‍ ട്രാക്കര്‍ റിപ്പോര്‍ട്ട് പ്രകാരം ആപ്പിള്‍ 58.4 ദശലക്ഷം ഐഫോണുകളും ഷവോമി 64 ദശലക്ഷം എംഐ ഫോണുകളും ആയിരുന്നു 2015ല്‍ വിറ്റഴിച്ചത്. എന്നാൽ 2016 ൽ ഇത് 44.9 ദശലക്ഷം, 41.5 ദശലക്ഷം എന്നിങ്ങനെയായി കുറഞ്ഞു. ആപ്പിളിനു 23 ശതമാനവും ഷവോമിക്ക് 36 ശതമാനവും നഷ്ടമാണ് നേരിട്ടത്.

ഒപ്പോ പോലെയുള്ള കമ്പനികള്‍ കടന്നുകയറ്റം നടത്തിയ വര്‍ഷമായിരുന്നു 2016. 2015 ല്‍ 35.4 ദശലക്ഷം ഫോണുകള്‍ വിറ്റ ഓപ്പോ 2016 ൽ വിൽപന നടത്തിയത് 78.4 ദശലക്ഷം ഹാൻഡ്സെറ്റുകളാണ്. 122.2 ശതമാനം നേട്ടമാണ് ഓപ്പോ സ്വന്തമാക്കിയത്. ഒരു വര്‍ഷം കൊണ്ട് ഇരട്ടിയിലേറെ ലാഭം! ഇതേ ശ്രേണിയില്‍ പെടുന്ന വിവോയും ഇരട്ടി ലാഭമാണ് കൊയ്തത്. 2015ലെ 35 ദശലക്ഷത്തിൽ നിന്നും കഴിഞ്ഞ വര്‍ഷം എത്തുമ്പോള്‍ 69 ദശലക്ഷം ഹൻഡ്സെറ്റുകൾ വിതരണം ചെയ്ത് ഇവരുടെ വളര്‍ച്ച കുതിച്ചു കയറി.

'മൊബൈല്‍ ആപ്പുകളുടെ ഉപയോഗം കൂടിയതോടെ ഉപഭോക്താക്കൾ കൂടുതല്‍ ഫോണ്‍ അപ്‌ഗ്രേഡുകള്‍ അന്വേഷിച്ചു തുടങ്ങി. 2016 ന്റെ അവസാന പാദത്തില്‍ മൊബൈല്‍ഫോണ്‍ വിപണിയില്‍ കൂടുതല്‍ വളര്‍ച്ചയുണ്ടാകാന്‍ ഇത് കാരണമായി. ഇടത്തരം സിറ്റികളുടെ അഭിരുചിക്കനുസരിച്ച് ഫോണുകള്‍ പുറത്തിറക്കുന്നതില്‍ ഒപ്പോ, വിവോ തുടങ്ങി കമ്പനികള്‍ വിജയം കണ്ടു.

എന്നാല്‍ ഈ ഫോണുകള്‍ കാരണമാണ് ഐഫോൺ വില്‍പന കുറഞ്ഞതെന്ന് ഇവര്‍ കരുതുന്നില്ല. ഈ വര്‍ഷം ആപ്പിള്‍ പുതിയ ഫോണ്‍ പുറത്തിറക്കുന്നതും കാത്തിരിക്കുകയാണ് ഉപഭോക്താക്കളെന്നാണ് ഐഡിസിയുടെ കണക്കുകൂട്ടല്‍. 2017ല്‍ ഐഫോണ്‍ വിപണി കൂടുതല്‍ ഉയരങ്ങളിലെത്തുമെന്നാണ് പ്രതീക്ഷ.

പത്തു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഐഫോണ്‍ വിപണിയില്‍ ഇനി ഇറങ്ങാന്‍ പോകുന്ന സ്മാര്‍ട്ട്ഫോണുകള്‍ ഹൈ-എന്‍ഡ് ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കളെക്കൂടി ഐഫോണ്‍ ഉപഭോക്താക്കളാക്കി മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.

'ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനം വളര്‍ച്ചയും 17 ശതമാനം പാദവര്‍ഷ വളര്‍ച്ചയുമാണ് 2016ല്‍ കണ്ടത്. 2016 വര്‍ഷം മുഴുവനും നോക്കുമ്പോള്‍ ഒൻപത് ശതമാനം വളര്‍ച്ചയാണ് വിപണിയില്‍ ഉണ്ടായത്. ഇതില്‍ പുരോഗതി കൈവരിച്ച ബ്രാന്‍ഡുകള്‍ മിക്കതും ചൈനയില്‍ നിന്നുള്ളവ തന്നെയായിരുന്നു.

നിലവില്‍ വാവെയ് ആണ് വിപണിയില്‍ ഏറ്റവും മുന്നിട്ടു നില്‍ക്കുന്ന മറ്റൊരു ചൈനീസ് കമ്പനി. Meitu പോലെയുള്ള ആപ്ലിക്കേഷനുകളുടെ സ്വാധീനം ഫോണ്‍ വിപണിയില്‍ നന്നായി പ്രതിഫലിക്കുന്നുണ്ട്. ഈ വര്‍ഷവും ക്യാമറ ഫീച്ചറുകളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കമ്പനികള്‍ മല്‍സരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.