പോക്കിമോന്റെ കളി ഇവിടെ വേണ്ട, ദേശീയ സുരക്ഷയ്ക്കു ഭീഷണി

മൊബൈൽ ഓഗ്‌മെന്റഡ് റിയാലിറ്റി ഗെയിമായ പോക്കിമോൻ ഗോ ഇന്ത്യയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു ഗുജറാത്ത് ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ഡവലപ്പർമാരായ യുഎസിലെ നയാന്റിക് കമ്പനിക്കും കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്കും നോട്ടിസ്.

ഗെയിം മതവികാരം വ്രണപ്പെടുത്തുന്നുവെന്നും ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്നും വാദിച്ച് അജയ് ദേവ് എന്നയാളാണു കോടതിയെ സമീപിച്ചിരിക്കുന്നത്. ഗെയിം നിരീക്ഷണ സംവിധാനമായി ഉപയോഗിക്കാൻ കഴിയുമെന്നും ഇതു രാജ്യസുരക്ഷയെ ബാധിക്കുമെന്നും യുഎസിലെ മിസോറിയിൽ നടന്ന ഒരു സംഭവം ചൂണ്ടിക്കാട്ടി ഹർജിക്കാരൻ ബോധിപ്പിച്ചു.

ഗെയിമിൽ പോയിന്റ് ലഭിക്കുന്നതു ഹിന്ദു, ജെയിൻ ആരാധനാലയങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന മുട്ടയുടെ രൂപത്തിലാണെന്നും ഇതു മതവികാരം വ്രണപ്പെടുത്തുമെന്നുമാണ് മറ്റൊരു വാദം.