പ്രപഞ്ച വികാസത്തിന്റെ ആ രഹസ്യം ഐന്‍സ്റ്റീന്‍ തള്ളിക്കളഞ്ഞ സിദ്ധാന്തത്തിലോ ?

നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐന്‍സ്റ്റീന്‍ അവതരിപ്പിച്ച സിദ്ധാന്തം പൊടിതട്ടിയെടുത്ത് പ്രപഞ്ച വികാസത്തിന്റെ രഹസ്യം കണ്ടെത്താനൊരുങ്ങുകയാണ് ഒരു കൂട്ടം ഗവേഷകര്‍. എന്നാല്‍ പ്രാപഞ്ചിക സുസ്ഥിരത (Cosmological Constant) എന്ന സിദ്ധാന്തത്തെക്കുറിച്ച് ഐന്‍സ്റ്റീന് വലിയ മതിപ്പുണ്ടെന്ന് മാത്രമല്ല, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വങ്കത്തരമെന്നാണ് ഐന്‍സ്റ്റീന്‍ ഈ സിദ്ധാന്തത്തെ വിശേഷിപ്പിച്ചത്.

പ്രപഞ്ചത്തിലെ ഗുരുത്വാകര്‍ഷണത്തിന്റെ വേഗത അളന്നെടുക്കുകയാണ് ഗവേഷണ സംഘത്തിന്റെ ലക്ഷ്യം. ഇതിനായാണ് ഐന്‍സ്റ്റീന്‍ പോലും തള്ളിക്കളഞ്ഞ അദ്ദേഹത്തിന്റെ സിദ്ധാന്തത്തെ ഇവര്‍ കൂട്ടുപിടിക്കുന്നത്. രൂപമെടുത്തതിന് ശേഷം പ്രപഞ്ചം വികസിച്ചുകൊണ്ടേയിരിക്കുന്നുവെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് ഐന്‍സ്റ്റീന്‍ തന്റെ പ്രാപഞ്ചിക സുസ്ഥിരതാ സിദ്ധാന്തത്തെ തള്ളിക്കളഞ്ഞു. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ വരവോടെ സുസ്ഥിരതാ സിദ്ധാന്തത്തെ പൂര്‍ണ്ണമായും തള്ളിക്കളയേണ്ട അവസ്ഥയിലേക്ക് ഐന്‍സ്റ്റീന്‍ എത്തി.

ഗുരുത്വതരംഗങ്ങള്‍ പ്രകാശവേഗതയില്‍ സഞ്ചരിക്കുന്നുണ്ടെങ്കില്‍ പ്രപഞ്ചവികാസം ഡാര്‍ക്ക് എനര്‍ജി അഥവാ ഇരുണ്ട ഊര്‍ജ്ജം കാരണമല്ലെന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്. ഗുരുത്വതരംഗങ്ങളുടെ വേഗത കണക്കുകൂട്ടുകയാണ് ഗവേഷകരുടെ ലക്ഷ്യം. ഇതിനായി ലിഗോ പരീക്ഷണശാലയെയാണ് ഗവേഷകര്‍ ആശ്രയിക്കുന്നത്. ഇംഗ്ലീഷ് അക്ഷരമാലയിലെ L ആകൃതിയില്‍ 2000 മൈല്‍ നീളത്തില്‍ സ്ഥാപിച്ചിരിക്കുന്ന ലിഗോ (ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്‌സര്‍വേറ്ററി) നേരത്തെയും വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 900 ശാസ്ത്രജ്ഞരുടെ കൂട്ടായ്മയാണ് ലിഗോയ്ക്ക് പിന്നിലുള്ളത്.

ഐന്‍സ്റ്റീന്റെ പ്രാപഞ്ചിക സുസ്ഥിരതാ സിദ്ധാന്തത്തെ അംഗീകരിക്കുകയോ പൂര്‍ണ്ണമായും തള്ളിക്കളയുകയോ ചെയ്യുന്ന ഫലമായിരിക്കും ഈ പരീക്ഷണത്തില്‍ നിന്നും ലഭിക്കുക. ഗുരുത്വതരംഗങ്ങള്‍ പ്രകാശ വേഗതയിലാണ് സഞ്ചരിക്കുന്നതെങ്കില്‍ ഐന്‍സ്റ്റീന്‍ പോലും തള്ളിക്കളഞ്ഞ സിദ്ധാന്തത്തിന് അനുകൂലമായി വരും. ഇനി ഗുരുത്വതരംഗങ്ങള്‍ പ്രകാശവേഗതയിലല്ലെങ്കില്‍ പ്രാപഞ്ചിക സുസ്ഥിരതാ സിദ്ധാന്തം തെറ്റാണെന്ന് തെളിയും.

പ്രപഞ്ചത്തിന്റെ പലഭാഗങ്ങളിലും സംഭവിക്കുന്ന അസാധാരണ ഊര്‍ജ്ജ പ്രതിഭാസങ്ങളെ ഇരുണ്ട ഊര്‍ജ്ജം അഥവാ ഡാര്‍ക്ക് എനര്‍ജി മൂലമാണെന്നാണ് നിലവില്‍ കരുതിപ്പോരുന്നത്. മഹാവിസ്‌ഫോടനത്തിന് ശേഷം പ്രപഞ്ചം വികസിക്കുന്നുണ്ടെങ്കിലും അതിന്റെ തോത് കുറഞ്ഞുവരുന്നുവെന്നാണ് ഒരു ഘട്ടത്തില്‍ കരുതിപ്പോന്നിരുന്നത്. എന്നാല്‍ കാലം ചെല്ലും തോറും ഈ പ്രപഞ്ചവികാസത്തിന്റെ വേഗത കൂടുകയാണെന്നാണ് പിന്നീട് മനസിലാക്കിയത്. ഐന്‍സ്റ്റീന്റെ പ്രാപഞ്ചിക സുസ്ഥിരതാ സിദ്ധാന്തത്തിന്റെ നൂറാം വാര്‍ഷികത്തിലാണ് അത് ചോദ്യം ചെയ്യപ്പെടുന്നത്. ഭൗതികശാസ്ത്രത്തിലെ അടിസ്ഥാനങ്ങളിലൊന്നാണ് ഈ പരീക്ഷണത്തിലൂടെ തെളിയിക്കപ്പെടുകയെന്ന ആത്മവിശ്വാസത്തിലാണ് ലോകമെങ്ങുമുള്ള ശാസ്ത്രജ്ഞര്‍.