Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാഷ്‌ലെസ് പദ്ധതിയെ സർക്കാർ ബാങ്കുകൾ തകർക്കുന്നു, വോലെറ്റ് ആപ്പുകൾക്ക് വിലക്ക്!

paytm-sbi

കാഷ്‌ലെസ് സമ്പദ് വ്യസ്ഥ സ്വപ്‌നം കണ്ട് പ്രധാനമന്ത്രി ഓരോരോ കാര്യങ്ങൾ ചെയ്തു വരുമ്പോൾ പലതരം സർവീസ് ചാർജുകൾ വഴി കോടികൾ കൊയ്യുന്ന ബാങ്കുകൾ നിലപാടു കടുപ്പിക്കുകയാണ്. മൊബൈലാണ് പഴ്‌സ് എന്നൊക്കെ പറഞ്ഞ് സർക്കാർ ഇ-വോലെറ്റുകളെ പ്രോൽസാഹിപ്പിക്കുമ്പോൾ എല്ലാം ഭയങ്കര കുഴപ്പമാണെന്നു പറഞ്ഞ് ഒരറ്റം മുതൽ നിരോധിക്കുകയാണ് ബാങ്കുകൾ.

യുപിഐ സംവിധാനത്തിനു കീഴിൽ ഭീം ആപ്പ് ഉൾപ്പെടെ നിരവധി സ്വതന്ത്ര ആപ്പുകൾ ലക്ഷക്കണക്കിന് ഉപയോക്താക്കളെ നേടിയപ്പോഴാണ് തങ്ങളുടെ സ്വന്തം ആപ്പുകൾ ഉപയോഗിക്കാൻ ആളുകളെ നിർബന്ധിക്കുന്നതിനായി മറ്റ് വോലെറ്റ് ആപ്പുകൾക്ക് ബാങ്കുകൾ വിലക്കേർപ്പെടുത്തുന്നത്. ആദ്യത്തെ വിലക്കു വന്നത് ഏറ്റവും പ്രചാരം നേടിയ പേയ്ടിഎം ആപ്പിനായിരുന്നു. വിലക്കിയത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും. എസ്ബിഐ അക്കൗണ്ടുകളിൽ നിന്ന് പേയ്ടിഎമ്മിലേക്ക് പണം മാറ്റുന്നതിന് ഡിസംബർ അവസാനമാണ് വിലക്കേർപ്പെടുത്തിയത്. പകരം എസ്ബിഐ ബഡി വോലെറ്റ് ആപ്പ് ഉപയോഗിക്കാനായിരുന്നു ഉപദേശം. പിന്നീട് ജനുവരി ആദ്യവാരം മറ്റുള്ള പ്രമുഖ വോലെറ്റുകളിലേക്കു പണം മാറ്റുന്നതിനും എസ്ബിഐ വിലക്കേർപ്പെടുത്തി. ഇത്തവണ പറഞ്ഞത് സുരക്ഷാ കാരണമായിരുന്നു.

എസ്ബിഐക്കു പിന്നാലെ വിലക്കുമായെത്തിയിരിക്കുന്നത് ഐസിഐസിഐ ബാങ്കാണ്. ഒരു കോടി ഡൗൺലോഡുകളുമായി മുൻനിരയിൽ നിൽക്കുന്ന ഫോൺ പേ ആപ്പിനാണ് ഐസിഐസിഐയുടെ വിലക്ക്. ഫ്ലിപ്കാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫോൺ പേ കുറഞ്ഞ നാളുകൾക്കുള്ളിൽ വൻവളർച്ചയാണ് നേടിയത്. യുപിഐ സംവിധാനത്തോടൊപ്പം ഇ-വോലെറ്റായും പ്രവർത്തിച്ചിരുന്ന ഫോൺ പേക്ക് വിലക്കേർപ്പെടുത്താൻ ഐസിഐസിഐ ചൂണ്ടിക്കാണിക്കുന്നത് സുരക്ഷാ കാരണങ്ങളാണ്. എന്തായാലും ഇ-വോലെറ്റുകൾക്കെതിരെയുള്ള ബാങ്കുകളുടെ നീക്കം ഈ വർഷം വലിയ നിക്ഷേപത്തിനു സാധ്യതയൊരുങ്ങിയ ഫിനാൻഷ്യൽ ടെക്‌നോളജി രംഗത്ത് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. 

related stories
Your Rating: