ലോകം ഉത്പാദിപ്പിക്കുന്നതിനേക്കാള്‍ ഊര്‍ജ്ജം കംപ്യൂട്ടറുകള്‍ക്ക് വേണ്ടിവരുമോ?

2040 ആകുമ്പോഴേക്കും ലോകം ഉത്പാദിപ്പിക്കുന്നതിനേക്കാള്‍ ഊര്‍ജ്ജം കംപ്യൂട്ടറുകള്‍ക്ക് മാത്രം വേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ലോകത്തെ ഊര്‍ജ്ജ പ്രതിസന്ധിയിലേക്ക് തള്ളിവിടാന്‍ കംപ്യൂട്ടറുകളുടെ അമിത ഉപയോഗം കാരണമാകുമെന്ന സൂചനയും റിപ്പോര്‍ട്ടിലുണ്ട്. ഇന്റഗ്രേറ്റഡ് സര്‍ക്ക്യൂട്ടുകളിലെ ട്രാന്‍സിസ്റ്ററുകളുടെ എണ്ണം ഓരോ രണ്ട് വര്‍ഷവും കൂടുമെന്ന മൂര്‍സ് നിയമം അനുസരിച്ച് കണക്കാക്കിയാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്.

സെമികണ്ടക്ടര്‍ ഇന്‍ഡസ്ട്രി അസോസിയേഷന്റെ(എസ്‌ഐഎ) റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. ട്രാന്‍സിസ്റ്ററുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് കംപ്യൂട്ടര്‍ ചിപ്പുകളുടെ ശേഷിയും പ്രവര്‍ത്തനക്ഷമതയും അതിവേഗം വര്‍ധിക്കുന്നുണ്ട്. എന്നാല്‍ ഊര്‍ജ്ജ ഉപയോഗത്തിലുള്ള കാര്യക്ഷമതയുടെ കാര്യത്തില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുന്നില്ല. അടിസ്ഥാനപരമായി ഇതാണ് ഊര്‍ജ്ജ പ്രതിസന്ധിയിലേക്ക് നയിക്കുന്നത്.

കംപ്യൂട്ടര്‍ ചിപ്പുകളുടെ ഊര്‍ജ്ജക്ഷമത വര്‍ധിപ്പിക്കുന്നതിലൂടെ മാത്രമേ ഈ പ്രതിസന്ധി മറികടക്കാന്‍ കഴിയൂ. ട്രാന്‍സിസ്റ്ററുകളുടെ വലിപ്പം വര്‍ഷം കഴിയുംതോറും കുറക്കാന്‍ എൻജിനീയര്‍മാര്‍ക്ക് കഴിയുന്നുണ്ടെങ്കിലും ഊര്‍ജ്ജക്ഷമത വര്‍ധിപ്പിക്കുന്നതില്‍ വര്‍ഷങ്ങളായി വിജയിക്കാനായിട്ടില്ല. 2005ന് ശേഷം ചിപ്പ് സാങ്കേതികവിദ്യയില്‍ കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ല. ഈ നിരക്കില്‍ മുന്നോട്ടുപോയാല്‍ 2040 ആകുമ്പോഴേക്കും ലോകത്തിന്റെ മൊത്തം ഊര്‍ജ്ജവും ഉപയോഗിക്കാന്‍ തക്ക വലിപ്പം കമ്പ്യൂട്ടര്‍ മേഖലക്ക് മാത്രം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ലോകത്തെ ചിപ്പ് എൻജിനീയര്‍മാര്‍ കൂട്ടായി പരിശ്രമിച്ചാല്‍ മാത്രമേ ഈ പ്രതിസന്ധി മറികടക്കാനാകൂ എന്നും എസ്‌ഐഎ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ചിപ്പുകളുടെ കാര്യത്തില്‍ നിലവിലെ സാങ്കേതികവിദ്യ അതിന്റെ പാരമ്യത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പുതിയ തരം ലോഹങ്ങളും വസ്തുക്കളും ഉപയോഗിച്ചും നിര്‍മ്മാണ രീതികള്‍ പരീക്ഷിച്ചും ചിപ്പുകള്‍ പരിഷ്‌ക്കരിക്കണമെന്നാണ് നല്‍കുന്ന നിര്‍ദ്ദേശം. കമ്പ്യൂട്ടറുകളുടെ പുരോഗതിയില്‍ നിര്‍ണ്ണായകമായ ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നതെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ട് നല്‍കുന്നു.