Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2018 ലെ കുതിച്ചുചാട്ടം 2019 നെ മാറ്റിമറിക്കും, പ്രതീക്ഷിക്കാം ഈ അദ്ഭുതങ്ങൾ

internet-of-things

സാങ്കേതിക രംഗത്ത് മെല്ലെപ്പോക്കു തുടർന്ന ഒരു വർഷമാണ് കടന്നുപോകുന്നത്. മൊബൈൽ ടെക്നോളജിയിൽ നിലവിലുള്ള സംവിധാനങ്ങളിൽ ഏറെ മികവുകൾ നേടാനായെങ്കിലും 2016 മുതൽ ഇപ്പോ ഞെട്ടിക്കും എന്നു കരുതിയിരുന്ന പല രംഗങ്ങളിലും ആ ഞെട്ടിക്കൽ ഉണ്ടായില്ല. എന്നാൽ, അടുത്ത വർഷം പലിശ സഹിതം ഞെട്ടാം എന്ന പ്രതീക്ഷയ്ക്കു കരുത്തു പകരാൻ 2018നു കഴിഞ്ഞു. മനുഷ്യജീവിതത്തെ അടിമുടി നവീകരിക്കാൻ കഴിയുന്ന വിവിധ മേഖലകളിൽ വിപ്ലവം കൊണ്ടുവരാൻ കഴിയുന്ന പ്രധാന സാങ്കേതികവിദ്യകളിൽ ഏറെ പുരോഗതി നേടാൻ കഴിഞ്ഞെങ്കിലും അവയുടെ വ്യാപകമായ പ്രയോഗത്തിന് ഈ വർഷവും സാക്ഷിയായില്ല. 

ബ്ലോക്‌ചെയിൻ സാങ്കേതികവിദ്യ, ക്ലൗഡ് കംപ്യൂട്ടിങ്, നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), ഇന്റർനെറ്റ് ഓഫ് തിങ്‍സ്, ക്വാണ്ടം കംപ്യൂട്ടിങ്, ഡിജിറ്റൽ ട്രാൻസ്ഫോമേഷൻ എന്നിവയാണ് 2018ലും പുഷ്പിക്കാതെ മൊട്ടിട്ടു നിൽക്കുന്ന സാങ്കേതികമേഖലകൾ. ബ്ലോക്ചെയിൻ സാങ്കേതികവിദ്യയും ക്ലൗഡ് കംപ്യൂട്ടിങ്ങും വ്യാപകമായി വിവിധ മേഖലകളിൽ സ്വീകരിക്കപ്പെട്ടുവെങ്കിലും അതിന്റെ ഫലങ്ങൾ കണ്ടുതുടങ്ങിയിട്ടില്ല. അതേ സമയം, ബ്ലോക്ചെയിന്റെ ഏറ്റവും ഗ്ലാമറുള്ള ഐറ്റമായ ബിറ്റ്കോയിൻ ക്രിപ്റ്റോകറൻസി ഏറ്റവുമധികം തിരിച്ചടി നേരിട്ട വർഷം കൂടിയാണ് ഇത്.

നിർമിതബുദ്ധി

2018ൽ എല്ലാ രംഗത്തും നിർമിതബുദ്ധിയും റോബട്ടുകളും വന്നു കയറി മനുഷ്യരുടെ പണി കളയും എന്നൊരു ഭീഷണി ഉണ്ടായിരുന്നെങ്കിലും അതിന് എഐ ഒരു വരവുകൂടി വരേണ്ടി വരും എന്നതാണ് സ്ഥിതി. സോഫിയ റോബട് ലോകം ചുറ്റി എല്ലാവരെയും വിസ്മയിപ്പിച്ചെങ്കിലും തിരക്കഥപ്രകാരം പ്രവർത്തിക്കുന്ന റോബട്ടായ സോഫിയ പോലും ശരാശരി മനുഷ്യനെക്കാൾ ഏറെ പിന്നിലാണ് എന്നു തെളിയിക്കപ്പെട്ടു. ഇപ്പോഴത്തെ സാഹചര്യത്തിൽ മനുഷ്യരുടെ ജോലി കളയാനല്ല, സഹായിയായി നിൽക്കാനും മനുഷ്യപ്രയത്നം പാഴായിപ്പോവുന്ന ചില മേഖലകളിലെങ്കിലും പകരക്കാരാവാനും റോബട്ടുകൾക്കു സാധിച്ചേക്കും എന്നതാണ് സ്ഥിതി.

ക്ലൗഡ് കംപ്യൂട്ടിങ്

കോർപറേറ്റ് തലത്തിൽ ക്ലൗഡ് കംപ്യൂട്ടിങ് ഏറെ നേട്ടം കൈവരിച്ച വർഷമാണിത്. ഗൂഗിളും മൈക്രോസോഫ്റ്റും ഐബിഎമ്മും വച്ച വലിയ ചുവടുകൾ 2019ൽ ക്ലൗഡ് കംപ്യൂട്ടിങ്ങിന് മികച്ച അടിത്തറയാണ് ഒരുക്കുന്നത്. മൈക്രോസോഫ്റ്റ് അഷ്യുർ, ഗൂഗിൾ ക്ലൗഡ് എന്നിവയുടെ വാണിജ്യസേവനങ്ങളോടൊപ്പം റെഡ്ഹാറ്റ് സ്വന്തമാക്കിയ ഐബിഎമ്മിനും വരുന്നത് മൽസരത്തിന്റെ വർഷമാണ്.

ഇന്റർനെറ്റ് ഓഫ് തിങ്സ്

2015 മുതൽ ഏറെ ആകാംക്ഷയോടെ നിരീക്ഷിക്കുന്ന ഐഒടി (ഇന്റർനെറ്റ് ഓഫ് തിങ്സ്) രംഗത്ത് ഈ വർഷം വലിയ മുന്നേറ്റമൊന്നും ഉണ്ടായില്ല . 2019ൽ 5ജി സാങ്കേതികവിദ്യയുടെ വരവോടെ ഐഒടി കുതിക്കും. മെച്ചപ്പെട്ട കണക്ടിവിറ്റിക്കും ആശയവിനിമയത്തിനും ഐഒടിക്കു വേണ്ടത് അതിവേഗ ഇന്റർനെറ്റാണ്. 5ജി വരുന്നതോടെ ഈ കുറവ് പരിഹരിക്കപ്പെടും. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഐഒടി വളർച്ച നേടും.

ഡിജിറ്റൽ ട്രാൻസ്ഫോമേഷൻ

വിവിധ രംഗങ്ങളിലെ വ്യവഹാരങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്ന ബൃഹത്തായ പദ്ധതിയാണിത്. പത്തോ പതിനഞ്ചോ വർഷം കൊണ്ടു മാത്രം പൂർത്തിയാകുന്ന ഈ പദ്ധതിയും 2018ൽ നിർണായകമായ ചുവട് മുന്നോട്ടുവച്ചു. ഇടപാടുകളിൽ സുരക്ഷയും സുതാര്യതയും ഉറപ്പുവരുത്തുന്ന ബ്ലോക്‌ചെയിൻ സാങ്കേതികവിദ്യ നൽകിയ പിന്തുണ ഈ വർഷം എന്നതുപോലെ തന്നെ അടുത്ത വർഷവും ഡിജിറ്റലൈസേഷനു കരുത്തേകും.