sections
MORE

സെര്‍വറുകള്‍ ലോകം മാറ്റിമറിക്കും രഹസ്യ ഖനികൾ; അവ ശത്രുക്കൾക്ക് കിട്ടിയാൽ...

server
SHARE

രാജ്യങ്ങളിലേക്കുള്ള ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കാനും ഒരു പ്രദേശത്തെ ലക്ഷ്യമാക്കിയും മറ്റും ആളറിയാതെ അപാരമ്പര്യ മാര്‍ഗ്ഗങ്ങളിലൂടെയുള്ള ആക്രമണങ്ങള്‍ ഓരോ രാജ്യവും ഇനി കണ്ടു തുടങ്ങിയേക്കാം. ഇതു വളരെയധികം എളുപ്പമാക്കുന്ന ഘടകങ്ങളിലൊന്ന് പഴയ സെര്‍വറുകളുടെയും മറ്റും വില്‍പ്പനയാണ്. പുതിയ സെര്‍വറുകള്‍ വയ്ക്കുന്നത് നല്ല കാര്യമാണ്. പക്ഷേ, പഴയ സേര്‍വറുകള്‍ രാജ്യങ്ങളെക്കുറിച്ചും കമ്പനികളെക്കുറിച്ചും വ്യക്തികളെക്കുറിച്ചും രഹസ്യത്മകവും തിരിച്ചറിയാവുന്ന രീതിയില്‍ സുവ്യക്തവുമായ നിരവധി കാര്യങ്ങള്‍ നിറഞ്ഞതാണ്. സെര്‍വറുകളെ പോലെ വര്‍ക്ക് സ്റ്റേഷനുകളും, നെറ്റ്‌വര്‍ക്കിങ് ഉപകരണങ്ങളും ഉൾക്കൊള്ളുന്ന ഡേറ്റ തുടച്ചു വൃത്തിയാക്കാതെയാണ് പുതിയതു വയ്ക്കാനായി പല രാജ്യങ്ങളും കമ്പനികളും ധനകാര്യ സ്ഥാപനങ്ങളും എടുത്തു വില്‍ക്കുന്നതെന്നത് പേടിപ്പെടുത്തുന്ന കാര്യമാണ്. ഇങ്ങനെ ലഭിക്കുന്ന ഡേറ്റ ഹാക്കര്‍മാര്‍ക്ക് സ്വര്‍ണ്ണ ഖനികൾ പോലെയാണ്.

റൊമാനിയയില്‍ ഇത്തരം പഴയ സെര്‍വറുകള്‍ വാങ്ങി മറിച്ചു വില്‍ക്കുന്ന ഒരു കമ്പനിയാണ് ഈ ഭീഷണിയെക്കുറിച്ച് വിവരം നല്‍കിയത്. ( തങ്ങളെക്കുറിച്ചുള്ള ഒരു വിവരവും പുറത്തുവിടരുതെന്ന നിബന്ധനയോടെയാണ് അവര്‍ വെളിപ്പെടുത്തല്‍ നടത്തിയത്. തങ്ങളുടെ ഉപയോക്താക്കള്‍ രോഷാകുലരായേക്കാമെന്നാണ് അവര്‍ പറഞ്ഞത്.) പഴയ ഉപകരണങ്ങള്‍ക്ക് കുഴപ്പമൊന്നും ഉണ്ടാവില്ല. വാറന്റി കഴിഞ്ഞു, പുതിയ മോഡല്‍ വന്നു എന്നൊക്കെ പറഞ്ഞാണ് ഇവ ഒഴിവാക്കപ്പെടുന്നത്. ഇവയ്ക്ക് ധാരാളം ആവശ്യക്കാരുമുണ്ട്. ഇത്തരം ഉപകരണങ്ങള്‍ വാങ്ങി, പഴയ ഡേറ്റ തുടച്ചു കളഞ്ഞ് അടുത്തയാള്‍ക്കു വില്‍ക്കലാണ് കമ്പനിയുടെ പണി. അവര്‍ പറയുന്നത് ഡേറ്റാ ക്ലീന്‍ ചെയ്തുവെന്നു പറഞ്ഞു നല്‍കുന്ന പഴയ സെര്‍വറുകളില്‍ നിറയെ തന്ത്രപ്രധാനമായ വിവരങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കും. പാസ്‌വേഡുകള്‍ ഉൾപ്പടെ ഇതിലുണ്ടാകും. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഞെട്ടിക്കുന്ന രീതിയിലുള്ള ഡേറ്റയാണ് തങ്ങള്‍ പഴയ ഉപകരണങ്ങളില്‍ കണ്ടെത്തിയിരിക്കുന്നതെന്ന് അവര്‍ പറയുന്നു.

പലതിലും പൊതുജനാരോഗ്യ പദ്ധതിയുടെ ഇന്‍ഷുറന്‍സ് വിവരങ്ങള്‍, സോഷ്യല്‍ സെക്യുരിറ്റി ഡേറ്റാ, ബില്ലുകള്‍, അഡ്രസുകള്‍, ആരോഗ്യ പരിപാലന വിവരങ്ങള്‍, സ്വകാര്യ വിഡിയോകൾ, ചിത്രങ്ങൾ തുടങ്ങയവ അടങ്ങിയിരിക്കും. (ഈ ഡേറ്റയുപയോഗിച്ച് നിരവധി കംഭകോണങ്ങള്‍ സാധ്യമാണെന്ന് കമ്പനി പറയുന്നു.) കൂടാതെ കോഡുകള്‍, സോഫ്റ്റ്‌വെയര്‍, റെയില്‍വെ സിഗ്നലിങ് സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയവ അടങ്ങിയ ഉപകരണങ്ങളും വരുന്നു. ചില ഓണ്‍ലൈന്‍ വ്യാപാരികളും സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളും വില്‍ക്കുന്ന ഉപകരണങ്ങളില്‍ ഉപയോക്താക്കളുടെ ധനസ്ഥിതി, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവയും അടങ്ങിയിരിക്കും. മറ്റു കമ്പനികള്‍ വില്‍ക്കുന്ന ഉപകരണങ്ങളില്‍ തങ്ങളുടെ ഉദ്യോഗസ്ഥരെ സംബന്ധിച്ച സുവിശദമായ വിവരങ്ങളും അടങ്ങും. 

റൊമാനിയന്‍ കമ്പനി പറഞ്ഞ രീതിയിലുള്ള ഇടാപട് ലോകമെമ്പാടും നടക്കുന്നുണ്ടെന്നാണ് സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥരായ നിര്‍ ഗിലറും, ആന്‍ഡ്രു ടോണ്‍ചെവും പറഞ്ഞത്. സെന്‍സര്‍ ലിസ്റ്റിങ്, ഐപി അഡ്രസ്, അക്‌സസ് ഡേറ്റ തുടങ്ങിയവയൊക്കെയുള്ള ഒരു സെര്‍വറിലേക്കാണ് താനിപ്പോള്‍ നോക്കിക്കൊണ്ടിരിക്കുന്നത് എന്നാണ് റൊമാനിയന്‍ കമ്പനിയുടെ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ഇതൊരിക്കലും തന്റെ കയ്യില്‍ എത്തരുതായിരുന്നു. ഇത്തരം സെര്‍വറുകളിലുള്ളത് അതീവ രഹസ്യാത്മകത വേണ്ട കാര്യങ്ങളാണെങ്കില്‍ വിറ്റയാളുമായി ബന്ധപ്പെട്ട്, നിങ്ങളുടെ കമ്പനിയില്‍ സുരക്ഷയെക്കുറിച്ച് വേണ്ട വിവരമില്ലാത്തവരുണ്ട് എന്നറയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചില കമ്പനികള്‍ സെര്‍വറുകള്‍ വാടകയ്‌ക്കെടുക്കുകയാണ് എന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. വമ്പന്‍ കമ്പനികളും മറ്റും തങ്ങളുടെ സെര്‍വര്‍ സ്‌പെയ്‌സ് വേണ്ടെന്നുവയ്ക്കുമ്പോള്‍ ഒരു കുന്നു ഡേറ്റയാണ് ബാക്കിയാക്കപ്പെടുന്നത്. എന്തിനാണ് സ്വന്തം സെര്‍വറുകളെന്ന് ചില കമ്പനികള്‍ കരുതും. വാടകയ്‌ക്കെടുത്താല്‍ തലവേദനയൊന്നുമില്ലല്ലോ എന്നായിരിക്കും ചിന്താഗതി. വാടകയ്ക്കു തന്നയാള്‍ ഈ ഡേറ്റ തുടച്ചു കളയുമെന്നായിരിക്കും കരാര്‍. പക്ഷേ, അങ്ങനെ ചെയ്യുന്നുണ്ടോ എന്ന് പല കമ്പനികളും ശ്രദ്ധിക്കുന്നില്ല. അല്ലെങ്കില്‍ പഴയതു മാറി പുതിയതു വയ്ക്കുമ്പോള്‍ പഴയ സെര്‍വറുകളിലെ ഡേറ്റാ സുരക്ഷിതമായി ക്ലീന്‍ ചെയ്യപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാറില്ല.

രാജ്യങ്ങളും കമ്പനികളും അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യം സെര്‍വറുകള്‍ മാറ്റുമ്പോള്‍ അവയിലെ ഡേറ്റാ വിദഗ്ധരെ കൊണ്ട്, പ്രത്യേകം സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ക്ലീന്‍ ചെയ്യിച്ചിരിക്കണമെന്നതാണ്. ക്ലിനിങ്ങില്‍ ചില നടപടിക്രമങ്ങള്‍ വേണ്ടെന്നുവച്ചാല്‍ പോലും ഡേറ്റ അന്യരുടെ കയ്യിലെത്താം. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ പോലും ഇത് വേണ്ടത്ര ഗൗരവത്തിലെടുക്കാത്ത കാര്യമാണെന്നത് സുരക്ഷാ വിദഗ്ധരെ പേടിപ്പിക്കുന്നു. ഇങ്ങനെയായാല്‍ ഒന്നും ഹാക്കു ചെയ്തു പാടുപെടേണ്ട. പഴയ സെര്‍വറുകള്‍ കാശുകൊടുത്തു വാങ്ങിയാല്‍ ആവശ്യമുള്ളതിലേറെ ഡേറ്റ കിട്ടുന്ന സ്ഥിതിയാണ് ഇന്നുള്ളതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
FROM ONMANORAMA