Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൺറോ സായിപ്പിന്റെ തുരുത്ത്

മൺറോ തുരുത്തിലെ ഒരു സൂര്യാസ്തമയം

പണ്ടു പണ്ട് അഷ്ടമുടിക്കായലിൽ ഒരു രാജ്യമുണ്ടായിരുന്നു. എട്ടു തുരുത്തും ആയിരം കൈത്തോടും നിറയെ ഫലവൃക്ഷങ്ങളും നിറഞ്ഞ ആ രാജ്യം ശുദ്ധജലത്താൽ ചുറ്റപ്പെട്ടു കിടന്നു. അവിടുത്തെ ജനങ്ങൾ സന്തോഷമുള്ളവരായിരുന്നു. അവിടെ അടിമത്തമില്ലായിരുന്നു. മാറു മറച്ചു നടക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. തോടുകളിലൂടെ ചെറുവള്ളങ്ങൾ ഒഴുകിക്കൊണ്ടിരുന്നു. കൊഞ്ചും കരിമീനും വയൽച്ചാലുകളിൽ നിറഞ്ഞു. പിന്നീട് ഒരു സായിപ്പ് ആ തുരുത്തിൽ വന്നു. സ്വാതന്ത്ര്യത്തിന്റെ പുതിയ ആകാശവും പുതിയ ഭൂമിയും അദ്ദേഹം അവിടെ തുറന്നിട്ടു. ക്രമേണ ആ രാജ്യം സായിപ്പിന്റെ പേരിൽ അറിയപ്പെട്ടു; മൺറോതുരുത്ത്.

Munroe-Island3

ഇപ്പോഴും സഞ്ചാരികളെ മറ്റൊരു കാലത്തിലേക്കു ക്ഷണിച്ചു കൊണ്ടു മൺറോതുരുത്ത് കാത്തിരിക്കുന്നു... കുണ്ടറ വഴി മൺറോതുരുത്തിലേക്ക് കയറുമ്പോൾ നേരം പരപരാന്നു വെളുക്കുന്നതേയുള്ളൂ... തുലാമഴ എത്തിയെങ്കിലും പൗഡറിട്ട മുഖം പോലെ അൽപം കോടവെളുപ്പുണ്ട് ആകാശത്ത്. പത്തിരുപതു കൊല്ലം മുമ്പായിരുന്നെങ്കിൽ ജങ്കാറിലോ വള്ളങ്ങളിലോ പാസഞ്ചർ വണ്ടികളിലോ മാത്രമേ മൺറോതുരുത്തിൽ എത്താനാകൂ. ഇപ്പോഴിതാ കല്ലടയാറിനു കുറുകേ ഇടിയക്കടവ് പാലം മൺറോതുരുത്തിന്റെ പ്രവേശനകവാടം പോലെ കാത്തുനിൽക്കുന്നു. പാലം മാത്രമല്ല പാലത്തിനടുത്ത് കുറേ മനുഷ്യരും. രാവിലെ പണിക്കിറങ്ങിയവർ. തുരുത്തിലേക്കും തുരുത്തിനു പുറത്തേക്കും യാത്ര പോകുന്നവർ. ആര് എങ്ങോട്ടൊക്കെ പോയാലും സത്യശീലന്റെ കടയിൽ നിന്നൊരു ചായ പതിവാണ്. മുപ്പതു വർഷത്തോളമായി അതൊരു ശീലമാണ് ഇടിയക്കടവിലുള്ളവർക്ക്. സത്യശീലന്റെ ജീവിതത്തിനു രണ്ടു തിരിവുകളുണ്ട്. പാലത്തിനു മുമ്പും ശേഷവും. പാലം വന്നപ്പോൾ അപരിചിതർ കടയിലേക്കു വരാതായി. മുമ്പ് കടവായിരുന്നപ്പോൾ ഒരു ചായ പതിവായിരുന്നു അപരിചിതർക്കും. തുരുത്തിലേക്കു പോകുന്ന സഞ്ചാരികൾക്ക് ഒന്നര മീറ്റർ ചൂടു ചായ അടിച്ചു കൊടുത്തിട്ട് സത്യശീലൻ പറയും; മൺറോതുരുത്തിലേക്കുള്ള വെൽക്കം ടീ’’.

മൂന്നു വശവും കല്ലടയാർ കെട്ടിപ്പിടിച്ചു കിടക്കുകയാണ് മൺറോതുരുത്തിനെ. ഒരു വശം മാത്രം അഷ്ടമുടിക്കായലിനു വിട്ടു കൊടുത്തു. വെള്ളത്താൽ ചുറ്റപ്പെട്ട് ആയിരത്തോളം ചെറു തോടുകളാൽ സമ്പന്നമാക്കപ്പെട്ട് എട്ടു തുരുത്തുകൾ ചേർന്നതായിരുന്നു മൺറോതുരുത്ത്. ഇപ്പോൾ അത്രയൊന്നും കൈത്തോടുകളില്ല. കുറെ നികത്തപ്പെട്ടു. എങ്കിലും ചെമ്മൺ പാതകൾ പോലെ വളഞ്ഞുപുളഞ്ഞു പോകുന്നു ഈ കൈത്തോടുകൾ, ഇരുവശങ്ങളിലും തെങ്ങിൻ തലപ്പുകൾ, കരിമീനും കൊഞ്ചും നീന്തിത്തുടിക്കുന്ന ഇടത്തോടുകൾ, മീൻ കോരിയെടുത്തു വരുന്ന കൊച്ചു വള്ളങ്ങൾ, ഇരപിടിക്കുന്ന നീർകാക്കകൾ, അപൂർവയിനം പക്ഷിക്കൂട്ടങ്ങൾ. മൺറോ തുരുത്തിൽ ഇപ്പോഴുമുണ്ട് കൊച്ചു കൊച്ചു ഗ്രാമക്കാഴ്ചകൾ. ഇടിയക്കടവ് പാലത്തിനടുത്തുള്ള ഇടച്ചാലിൽ വച്ചാണ് എറിക് ജോണിനെയും കൂട്ടുകാരി എഡ്വീനയെയും കണ്ടത്.

ബ്രിട്ടനിൽ നിന്ന് അവധി ആഘോഷിക്കാൻ എത്തിയവരാണ് ഇരുവരും. ലോൺലി പ്ലാനറ്റിന്റെ താളുകളിൽ പച്ച മഷി പടർന്നതു പോലെ ഇടം പിടിച്ചിട്ടുണ്ട് മൺറോതുരുത്തും. അതുകൊണ്ടാണു കേരളത്തിൽ വരുന്ന വിദേശികൾ ഈ തുരുത്ത് അന്വേഷിച്ചു വരുന്നത്. ‘ഒരു ദ്വീപിനു പേരിടാൻ മാത്രം കേണൽ മൺറോയോട് മലയാളികൾക്കു ബഹുമാനമോ എന്ന് എറിക് ജോൺ അദ്ഭുതം കൂറി. നീലക്കണ്ണുകൾ വിടർത്തി എഡ്വീന ചിരിച്ചു. അമേരിക്ക, ജർമനി, ബ്രിട്ടൻ, ഇറ്റലി, ഫ്രാൻസ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ സഞ്ചാരികൾ മൺറോതുരുത്തിലെത്തുന്നത്.

‘മികച്ച ഭരണാധികാരിയായിരുന്നു തിരുവിതാംകൂർ ദിവാനായിരുന്ന കേണൽ മൺറോ. തിരുവിതാംകൂർ രാജ്ഞിയായിരുന്ന റാണി ഗൗരി ലക്ഷ്മിഭായിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് കേണൽ മൺറോ ദിവാനായത്. മൺറോയുടെ കാലത്താണ് കൊല്ലത്ത് ഒറ്റപ്പെട്ടു കിടന്ന തുരുത്ത് മലങ്കര മിഷനറി ചർച്ച് സൊസൈറ്റിക്കു വിട്ടുകൊടുത്തത്. മതപഠനകേന്ദ്രം നിർമിക്കുകയായിരുന്നു ചർച്ച് സൊസൈറ്റിയുടെ ലക്ഷ്യം. മൺറോയോടുള്ള കടപ്പാടു നിമിത്തം ചർച്ച് സൊസൈറ്റി തുരുത്തിനു മൺറോയുടെ പേരും നൽകി. ഒരു ദിവാന് കേരളം കൊടുത്ത ഏറ്റവും ഉചിതമായ സ്മാരകമാണ് ഈ തുരുത്ത്.’

സായിപ്പിന് തുരുത്തിന്റെ ചരിത്രം വിവരിച്ചു കൊടുക്കുകയാണ് കൂടെയുണ്ടായിരുന്ന ഗൈഡ് സെബാസ്റ്റ്യൻ; ‘ഒരു തുരുത്തിയൻ ഇംഗ്ലീഷിൽ’. വള്ളമൂന്നുന്ന സോമൻ ആംഗ്യഭാഷയിൽ സംസാരിക്കുന്നു. സായിപ്പന്മാരെക്കണ്ടാൽ സോമൻ പഞ്ചാബി ഹൗസിലെ ദിലീപിനെപ്പോലെയാണ് ഒരക്ഷരവും സംസാരിക്കില്ലെന്ന് സെബാസ്റ്റ്യന്റെ ചിരി. ചർച്ച് മിഷൻ സൊസൈറ്റിയുടെ ഏറ്റവും മികച്ച സംഭാവനകളിലൊന്ന് കോട്ടയത്തെ സി.എം.എസ്. കോളജാണ്. യഥാർഥത്തിൽ മൺറോതുരുത്തിൽ വിളഞ്ഞ തേങ്ങയുടെയും നെല്ലിന്റെയും മീനിന്റെയും കരം പിരിച്ചാണ് സൊസൈറ്റി കോട്ടയത്ത് സി.എം.എസ് കോളജ് പണിതത്. പിന്നീട് തിരുവിതാംകൂർ മഹാരാജാവ് കപ്പം കൊടുത്ത് മൺറോതുരുത്ത് തിരികെ വാങ്ങുകയായിരുന്നു. എ.കെ.ജി. ലോക്സഭാ പ്രതിപക്ഷനേതാവ് ആയിരുന്ന സമയത്ത് കപ്പം കൊടുക്കുന്നത് നിർത്തലാക്കി. അതോടെ മൺറോതുരുത്ത് കൊല്ലം താലൂക്കിനു കീഴിലുള്ള പ്രത്യേക പഞ്ചായത്തായി മാറി. മൺറോതുരുത്തിന്റെ പച്ചപ്പിലൂടെ തീവണ്ടിയിൽ പാഞ്ഞു പോകുമ്പോൾ ഈ ചരിത്രമൊന്നും നാം അറിയുന്നില്ല. തീവണ്ടിപ്പാളങ്ങളും റോഡുകളുമൊക്കെ വരുന്നതിനു മുമ്പ് കെട്ടു വള്ളങ്ങളിലൂടെ അഷ്ടമുടിക്കായൽ കടന്നു പോയവർ ഈ തുരുത്തിനെ മരതകദ്വീപ് എന്നാണു വിളിച്ചത്. പ്രാചീന മണിപ്രവാള കൃതിയായ ഉണ്ണുനീലി സന്ദേശത്തിൽ തുരുത്തിനെ മരതകദ്വീപ് എന്നു വിശേഷിപ്പിക്കുന്നുണ്ട്. 

ഈ പാലവും കടന്ന് 

തുരുത്തു കാണാൻ എപ്പോഴും നല്ലത് കെട്ടുവള്ളമാണ്. പൈസ ഇത്തിരി കൂടുതലാകുമെങ്കിലും തുരുത്തിന്റെ നാഡി ഞരമ്പുകളിലൂടെ യാത്ര ചെയ്യാം. വളരെക്കുറച്ചു മാത്രം ജനസംഖ്യയുള്ള തുരുത്തിൽ എല്ലാവർക്കും പരസ്പരം അറിയാമെന്നതു വേറെ കാര്യം. ആവശ്യം പറഞ്ഞപ്പോൾ പ‍ഞ്ചായത്ത് അധികൃതർ തന്നെ കെട്ടുവള്ളം തയാറാക്കിത്തന്നു. സായിപ്പിനെ യാത്രയാക്കി ഞങ്ങൾ കല്ലടയാറിലേക്കിറങ്ങി. നേരെ ചെന്നത് പേഴുംതുരുത്ത് കടവിലേക്കാണ്. കടവു കഴിഞ്ഞാൽ ക്ഷേത്രം. കല്ലടയാറിന് ഇക്കരെയാണ് പേഴും തുരുത്ത് ശ്രീ ഭദ്രാദേവി ക്ഷേത്രം. ഇടച്ചാൽ പാലം വരുന്നതിനു മുമ്പും ക്ഷേത്രത്തിൽ ആന എഴുന്നള്ളത്ത് ഉണ്ടായിരുന്നു. ആറ്റിന് അക്കരെ നിന്ന് തിടമ്പേറ്റി ആറു നീന്തിക്കടന്നാണ് ആനകൾ വന്നു കൊണ്ടിരുന്നത്. പിന്നീട് ആറിനു കുറുകേ പാലം വന്നെങ്കിലും ക്ഷേത്രത്തിന്റെ ആചാരങ്ങളിൽ വ്യത്യാസമുണ്ടായില്ല. ഉത്സവത്തിന് ഇരുപതിലേറെ ആനകൾ നെറ്റിപ്പട്ടവും വെഞ്ചാമരവും വീശി ആറു നീന്തിക്കടന്നു വരുന്ന കാഴ്ച അപൂർവവും അതിമനോഹരവുമാണ്.ഒരേ പോലെയുള്ള രണ്ടു കൊടിമരങ്ങൾ, രണ്ടു കാണിക്ക വഞ്ചികൾ, ഒരേ തരം പൂജകൾ, ഉത്സവത്തിനുള്ള എടുപ്പു കുതിരകൾ പോലും ഒരേ രീതിയിലുള്ള രണ്ടെണ്ണം. വളരെ അപൂർവമാണ് തുരുത്തിനുള്ളിലെ മുളച്ചന്തറ അമ്പലം. ദുർഗയും ഭദ്രയുമാണ് ഇവിടുത്തെ പ്രതിഷ്ഠകൾ.

Munroe-Island5

രണ്ടു ദൈവസാന്നിധ്യങ്ങളെയും ഒരു പോലെ കാണുന്നവരാണു ഭക്തർ. അല്ലെങ്കിൽ ഏതെങ്കിലുമൊരു ദൈവത്തിന്റെ കോപത്തിന് ഇരയാകും എന്നാണു വിശ്വാസം. അതുകൊണ്ട് ഒരു കാണിക്കയിൽ അഞ്ചു രൂപയിട്ടാൽ മറ്റേ കാണിക്കയിലും അഞ്ചു രൂപ തന്നെയിടണം. എങ്കിലും ഭക്തർക്കു സന്തോഷമാണ്. ആപത്തിൽ ഇടംവലം നിന്നു ദുർഗയും ഭദ്രയും രക്ഷിക്കുന്നു എന്നാണു വിശ്വാസം. മുളച്ചന്തറ അമ്പലത്തിലെ ഇരട്ട അനുഗ്രഹം വാങ്ങി ഇടത്തോടിലൂടെ വീണ്ടും മുന്നോട്ട്.

 മൺറോയുടെ പള്ളികൾ

കലക്ട്രേറ്റിനോക്കാൾ തിരക്കാണ് ഇവിടുത്തെ പഞ്ചായത്ത് ഓഫിസിന്. കാരണം ഈ ദ്വീപിനെ സംബന്ധിച്ചിടത്തോളം സർക്കാരുമായുള്ള പാലമാണ് ഈ ഓഫിസ്. കേണൽ മൺറോയുടെ ആത്മാവ് ഉണ്ടെന്നു തോന്നും. അദ്ദേഹം താമസിച്ചിരുന്ന ബംഗ്ലാവിന്റെ അവശിഷ്ടങ്ങളുണ്ട്. അദ്ദേഹം സ്ഥാപിച്ചു എന്നു കരുതപ്പെടുന്ന രണ്ടു പള്ളികളുമുണ്ട്. ഈ പള്ളികളിലെ പെരുന്നാൾ തുരുത്ത് ഒന്നടങ്കം ആഘോഷമാക്കുന്നു. ‘‘വല്ലപ്പോഴും വന്നു പോകുന്നവർക്ക് ഇതു പോലെ മനോഹരമായ സ്ഥലം കാണാനുണ്ടാകില്ല. പക്ഷേ, ഇവിടുത്തെ സ്ഥിര താമസക്കാർ നേരിടുന്ന പ്രശ്നങ്ങൾ അനവധിയാണ്. യഥാർ ഥത്തിൽ ജലം കൊണ്ടു മുറിവേറ്റവർ എന്നൊക്കെ പറയാറില്ലേ.

അങ്ങനെയുള്ളവരാണു ഞങ്ങൾ മൺറോ തുരുത്തുകാർ.’’ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരൻ പറയുന്നു. സ്വന്തം വള്ളം ഊന്നിയാണ് ഈ പ്രസിഡന്റ് പഞ്ചായത്ത് ഓഫിസിലെത്തുന്നത്. ചെമ്മീനും വാഴയും തെങ്ങും കരിമീനുമൊക്കെ ഇടകലർത്തിയുള്ള സമ്മിശ്രകൃഷി നടത്തുന്ന ബിനു സംസ്ഥാന സർക്കാരിന്റെ കർഷകോത്തമ അവാർഡും നേടിയിട്ടുണ്ട്. തെന്മലയിൽ ഡാം പണിയുന്നതിനു മുമ്പ് കല്ലടയാറിന്റെ നിക്ഷേപപ്രദേശമായിരുന്നു ഈ തുരുത്ത്. കാട്ടിൽ നിന്നു ജൈവവളവും ധാതുലവണങ്ങളും ഒലിപ്പിച്ചു കൊണ്ടുവന്നു ഈ തുരുത്തിൽ നിക്ഷേപിക്കുമായിരുന്നു കല്ലടയാർ. ആരോഗ്യമുള്ള കാരണവന്മാർ തോടുകളിൽ അടിയുന്ന ഈ എക്കൽ മണ്ണ് (‍‍ഡെൽറ്റ) കരയിലേക്ക് കോരിയടിക്കും. അതു കാണുമ്പോൾ തന്നെ കരയിൽ നിൽക്കുന്ന തെങ്ങിനും നെല്ലിനുമൊക്കെ സന്തോഷമാകും. പിന്നെ പശു പാലുചുരത്തുന്നതുപോലെ സമൃദ്ധമായി തെങ്ങും നെല്ലും വാഴയുമൊക്കെ കുലച്ചു മറിയും. മുൻപഞ്ചായത്ത് മെമ്പറും കർഷകനുമായ കേശവേട്ടന്റെ ഓർമയിൽ ഇപ്പോഴുമുണ്ട് ആ കാലം.

വെട്ടിവിരിപ്പിൻ നെല്ലും ചാപ്പാണൻ തെങ്ങും തലനിറഞ്ഞ് കായ്ച്ചു കിടന്ന ആ കാലം. കാരക്കൊഞ്ചും പുലിക്കൊഞ്ചും മുട്ടോളം തുള്ളി പിന്നെ, ചട്ടിയിലേക്കു കയറിയിരുന്ന കാലം. ‘ഒരു കാലത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രാമ്പൂ കൃഷി ചെയ്തിരുന്ന ഗ്രാമം ഇതായിരുന്നു. ഇപ്പോൾ ഗ്രാമ്പൂ മരം തന്നെ കാണാനില്ല.’’ കേശവേട്ടന്റെ വാക്കുകൾ. സമൃദ്ധിയായിരുന്നു അന്ന് മൺറോതുരുത്തിന്റെ മുഖമുദ്ര. നടച്ചാലുകൾ കടന്ന് കെട്ടുവള്ളങ്ങൾ വീടിനു മുന്നിൽ നങ്കൂരമിട്ടു. പള്ളിയാതുരുത്തും കുതിരമുനമ്പും പടപ്പക്കരയും പട്ടംതുരുത്തും നീറ്റും തുരുത്തും പെരിണാലവും വില്ലിമംഗലവും മലയാളിയുടെ മനസ്സിൽ വള്ളമിറക്കി.

Munroe-Island

ഏറ്റവും രുചിയുള്ള കാഞ്ഞിരക്കോട് കരിമീനും ഉച്ചക്കള്ളും തിരക്കി അന്യദേശങ്ങളിൽ നിന്നു പോലും ആൾക്കാരെത്തി. ‘‘അതൊരു കാലം....’’ എന്നു പറ‍ഞ്ഞു ചിരിക്കുകയാണ് എൺപതു കഴിഞ്ഞ വാസവൻ. റാട്ടിന്റെ താളത്തിനൊപ്പം സൂര്യൻ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തിരുന്നു ഒരു കാലത്ത് ഈ തുരുത്തുകളിൽ. മൺറോതുരുത്തിൽ നിന്നു കയറും കയറുൽപന്നങ്ങളും കടൽ കടന്നു പോയി. ‘‘അന്ന് കയർസഹകരണസംഘങ്ങൾ വളരെ സജീവമായിരുന്നു. പിന്നീട് അതെല്ലാം നഷ്ടത്തിലായി. ഇപ്പോൾ ടൂറിസ്റ്റുകൾക്കു കാണാൻ വേണ്ടി മാത്രം അവിടെയവിടെ ചില കയർപിരി യന്ത്രങ്ങൾ. ‘‘കണ്ടില്ലേ...ഒരു റാട്ടു കേന്ദ്രത്തിന്റെ അവസ്ഥ.’’ സഹകരണസംഘം ജീവനക്കാരനായിരുന്ന സുദർശനന്റെ വാക്കുകൾ. പല റാട്ടുകേന്ദ്രങ്ങളും ഇപ്പോൾ തൊഴുത്തായി ഉപയോഗിക്കുന്നു. ചിലതാകട്ടെ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്നു. ‘‘ജൈവകൃഷിയിലേക്കു മടങ്ങുകയാണു മൺറോ തുരുത്ത്. നല്ലൊരു ശതമാനം പേരും കുടുംബശ്രീ പ്രവർത്തകരാണ്.’’ പഞ്ചായത്തിന്റെ കുടുംബശ്രീ കോ–ഓർഡിനേറ്റർ മായ പറയുന്നു. മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ സഹോദരൻ നെപ്പോളിയന്റെ ഭാര്യയാണ് മായ.

കഴിഞ്ഞ അമ്പതു വർഷമായി മൺറോതുരുത്തിൽ നിശ്ശബ്ദമായൊരു സമരം നടക്കുന്നു. തുരുത്തിൽ നിന്ന് എട്ടു കിലോ മീറ്റർ ദൂരമേയുള്ളു ഹൈവേകളിലേക്കു പോകാൻ ഇപ്പോൾ അമ്പതു കിലോമീറ്റർ യാത്ര ചെയ്യണം. തുരുത്തിൽ ആർക്കെങ്കിലും പെട്ടെന്നു രോഗം വന്നാൽ പോലും ഇതാണ് അവസ്ഥ. അതുകൊണ്ടാണ് പെരുമണ്ണിൽ നിന്നു കായലിനു കുറുകേ കണ്ണാങ്കോട്ടേക്ക് ഒരു പാലം എന്ന സ്വപ്നം തുരുത്തുകാർ താലോലിക്കുന്നത്. അര നൂറ്റാണ്ടായി തുടരുന്ന ഈ ആവശ്യം ഇപ്പോൾ പരിഗണിക്കപ്പെട്ടിരിക്കുന്നു സംസ്ഥാനബജറ്റിൽ. റോഡും പാലവും ഒന്നുമില്ലാതിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു ഈ തുരുത്തിന്. ‘‘പുതിയൊരു പാലവും റോഡും ബസുമൊക്കെയാണ് ഞങ്ങളിപ്പോൾ സ്വപ്നം കാണുന്നത്. അതല്ലാതെ മറ്റൊന്നുമല്ല.’’ ദീർഘകാലം മൺറോതുരുത്ത് പഞ്ചായത്ത് അംഗമായിരുന്ന സുബ്രഹ്മണ്യൻ ചേട്ടൻ പറയുന്നു. കായലിൽ നിന്നു ചെളികുത്തി നടവരമ്പു പിടിച്ച് ഒത്തിരി കൃഷി ചെയ്തിട്ടുണ്ട് കർഷകൻ കൂടിയായ സുബ്രഹ്മണ്യൻ ചേട്ടൻ. സൂനാമി സൃഷ്ടിച്ച ആഘാതം ഈ ഗ്രാമത്തെ ഇപ്പോഴും പേടിപ്പെടുത്തുന്നുണ്ട്. ഉപ്പുവെള്ളത്തിന്റെ കടന്നു കയറ്റമാണ് അതിൽ പ്രധാനം. രാത്രിയിൽ ചിലപ്പോൾ വീടിനകത്തേക്കു വെള്ളം കയറാം. പഞ്ചായത്ത് ഓഫിസിൽ നിന്നിറങ്ങുമ്പോൾ ഉച്ചകഴിഞ്ഞിരുന്നു. വള്ളമൂന്നുന്ന വിജയൻ പറഞ്ഞു. വള്ളം വീണ്ടും ഇടച്ചാലിലേക്കു കയറ്റാം. അവിടെയുണ്ട് നല്ലൊരു ചായക്കട.

ആളൊഴിഞ്ഞ കൊപ്രാക്കളങ്ങൾ 

ഇടച്ചാൽ പാലത്തിന് അടുത്താണ് സരസൻ ചേട്ടന്റെ ചായക്കട. എഴുപതു വർഷമായി ഈ ചായക്കട നടന്നു പോകുന്നു. ഉച്ചയൂണില്ല. പക്ഷേ, ഉച്ചയ്ക്ക് ആവി പറക്കുന്ന പുട്ടു കിട്ടും. സരസൻ ചേട്ടനും സഹോദരൻ ആനന്ദും ചേർന്നാണു കട നടത്തുന്നത്. ‘‘മുത്തച്ഛനായി തുടങ്ങിയതാണ് ഈ കട. ഞങ്ങളുടെ കാലം കഴിയുന്നതോടെ കടയും അടയ്ക്കും. കാരണം ഞങ്ങളുടെ മക്കൾക്ക് ഇതിലൊന്നും താൽപര്യമില്ല. മാത്രമല്ല ഇങ്ങനെയൊരു കടകൊണ്ട് ഇന്നത്തെക്കാലത്ത് എങ്ങനെയാണു ജീവിക്കാൻ കഴിയുന്നത്...’’ സരസൻ ചേട്ടൻ ചോദിക്കുന്നു.

കടലക്കറിയുടെ രുചിയെക്കുറിച്ചു പറ‍ഞ്ഞപ്പോൾ സരസൻ ചേട്ടൻ പറ‍ഞ്ഞു. ഞങ്ങൾ ആട്ടിയെടുത്ത വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത്.’ വെളിച്ചെണ്ണയോടുള്ള പ്രിയം അന്നും ഇന്നും ഒരു പോലെയുണ്ട് തുരുത്തുകാർക്ക്. ചക്കിലാട്ടിയ മൺറോ തുരുത്ത് വെളിച്ചെണ്ണയ്ക്ക് വിലയും കൂടുതലായിരുന്നു. പിന്നീട് ഉപ്പുവെള്ളം കയറി കൃഷി നശിച്ചതിനുശേഷമാണു വെളിച്ചെണ്ണയുടെ ഒഴുക്കു നിലച്ചത്. എന്നാൽ ഇപ്പോഴും മിക്ക വീടിനു മുന്നിലും ഒരു തഴപ്പായും അതിൽ ഉണങ്ങാനിട്ടിരിക്കുന്ന കൊപ്രയും കാണാം. 

ജലോത്സവം

 തിരുവോണത്തിനെക്കാൾ പ്രാധാന്യമുണ്ട് മൺറോതുരുത്തിൽ ഇരുപത്തിയെട്ടാം ഓണത്തിന്. തുരുത്തുവിട്ട് ദൂരെ കഴിയുന്നവർ അന്നു ദ്വീപിലേക്ക് തിരിച്ചു വരും. ദ്വീപിൽ എല്ലാവരും ഒരുമിച്ചു കൂടുന്നത് അന്നാണ്. പ്രശസ്തമായ കല്ലട ജലോത്സവം അന്നാണ്. മുതിരപ്പറമ്പു മുതൽ കാരൂത്രക്കടവു വരെയുള്ള 1400 മീറ്റർ ദൂരം അന്ന് ജനങ്ങളെക്കൊണ്ടു നിറയും. ആവേശം കല്ലടയാറു അഷ്ടമുടിക്കായലും കവിഞ്ഞൊഴുകും. ‘‘കല്ലട ജലോത്സവം. ഞങ്ങളുടെ ദേശീയ ഉത്സവമാണ്.

Munroe-Island4

കഴിഞ്ഞ അരനൂറ്റാണ്ടായി ആവേശം ഒട്ടും കുറയാതെ അഷ്ടമുടിയുടെ തീരങ്ങളിൽ തുരുത്തുകാർ ഒത്തു കൂടുന്നു.’’ ജലോത്സവ കമ്മിറ്റി യുടെ ചെയർമാൻ കെ. ബഷീർ പറയുന്നു. മൺറോതുരുത്തിൽ വരുന്നവരൊക്കെ കാത്തിരിക്കുന്ന ഒരു രാജരുചിയുണ്ട്. മാലമീൻ കറി. ഈ തുരുത്തിൽ മാത്രം നിഗൂഡമായി വളരുന്ന മീനാണ് മാല. മീൻ പിടുത്തക്കാർക്കു പലപ്പോഴും അദൃശ്യമായ മത്സ്യം. ലോകത്ത് ഏറ്റവും രുചിയുള്ള മീൻ എന്നാണ് മാലയെ വിശേഷിപ്പിക്കുന്നത്.