ഭർത്താവിന്റെ പ്രതികാരം ; കണ്ടു നിന്നവർ ചിത്രങ്ങളെടുത്ത് ആഘോഷിച്ചു

ഭാര്യയും ഭർത്താവും വഴക്കിടുന്നിടത്ത് നാട്ടുകാർക്ക് കാര്യമില്ല. എങ്കിലും കലഹംമൂത്ത് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യം അവരിലാരെങ്കിലും ചെയ്താൽ അതു കണ്ണുമടച്ചു കണ്ടു നിൽക്കാൻ പാടുണ്ടോ? അങ്ങനെ ഒരു ഭർത്താവു ചെയ്ത കടുംകൈ കണ്ടുചിരിച്ച് മറിഞ്ഞു അതിന്റെ വിഡിയോയും പിടിച്ച് സ്ഥലംവിടുകയാണ് ഇവിടെ ചില നാട്ടുകാർ ചെയ്തത്. റഷ്യയിലാണ് സംഭവം. ഒരു മത്സരത്തിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി കുടുംബപ്പേരു മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് ഭാര്യയും ഭർത്താവും തമ്മിൽ വഴക്കിട്ടത്.



ഒരു സൂപ്പർമാർക്കറ്റ് ഒരുക്കിയ മത്സരത്തിൽ 57000 രൂപ സമ്മാനം ലഭിക്കുന്നതിനുവേണ്ടിയാണ് ഭാര്യകുടുംബപ്പേരു മാറ്റാൻ തയാറായത്. ഇതു ഭർത്താവിനെ ചൊടിപ്പിച്ചു. തന്നെ അനുസരിക്കാത്ത ഭാര്യയോടുള്ള ദേഷ്യം അവരുടെ കാറിനോടാണ് ഭർത്താവ് തീർത്തത്. നഗരത്തിൽ പാർക്കുചെയ്തിരുന്ന കാറിന്റെ സമീപത്തേക്ക് സിമന്റ് കൂട്ടുന്ന യന്ത്രം കൊണ്ടു വന്ന് കാറിന്റെ വിൻഡോ ഗ്ലാസ് തല്ലിപ്പൊളിച്ചാണ് കാറിന്റെ മുൻവശത്ത് സിമന്റ് കുത്തിനിറച്ചത്.



ഭാര്യയ്ക്ക് ആ കാറുകൊണ്ട് ഇനി ഒരു പ്രയോജനവുമുണ്ടാക്കാ തിരിക്കാനാണ് അയാൾ ഈ പ്രവൃത്തി ചെയ്തത്. കാർ ഒന്നനക്കാൻ പോലുമാവാത്തവിധം സ്റ്റക്ക് ആയിരിക്കുകയാണ്. ഭർത്താവിന്റെ ഈ പ്രവൃത്തി പലരുടെയും കണ്ണിൽപ്പെട്ടെങ്കിലും ആരും അയാളെ തടയുകയോ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്തില്ല. ഇടയ്ക്കിടെ ഇരുവരും വഴക്കിടാറുണ്ടെങ്കിലും ഭർത്താവ് ഇങ്ങനൊരു ചതി ചെയ്യുമെന്ന് ഭാര്യ ഒരിക്കലും കരുതിയില്ല.