ട്രെയിനിലേക്കു കയറിയ കുഞ്ഞ് പ്ലാറ്റ്ഫോമിൽ വീണു ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

പെൺകുട്ടിയും മുത്തശ്ശിയും ട്രെയിനിൽ കയറുകയും ഇവർക്കു പിന്നാലെ ട്രെയിനിൽ കയറാൻ ശ്രമിച്ച ആൺകുഞ്ഞ് ട്രെയിനിൽ നിന്നും താഴേക്കു വീഴുകയുമായിരുന്നു.

എത്രയൊക്കെ സൂക്ഷിച്ചാലും ഒരുനിമിഷത്തെ അശ്രദ്ധമതി വിലപിടിച്ച ജീവിതങ്ങൾ പാളങ്ങളിൽ പൊലിയാൻ. ഓടുന്ന ട്രെയിനിൽ ചാടിക്കയറിയും ചാടിയിങ്ങിയും മുതിർന്നവർ മനപൂർവം അപകടം വരുത്തിവയ്ക്കുമ്പോൾ ട്രെയിൻ യാത്രയിലെ പരിചയക്കുറവാണ് കുഞ്ഞുങ്ങളെ അപകടത്തിലാക്കുന്നത്. സിഡ്നിയിലെ സൗത്ത് ഈസ്റ്റ് ക്രോനുല്ല സ്റ്റേഷനിൽ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമെത്തിയ ഒരു ആൺകുഞ്ഞിനു പറ്റിയ അപകടം ശ്വാസമടക്കിപ്പിടിച്ചേ കാണാനാവൂ.



മുത്തച്ഛനും മുത്തശ്ശിയും രണ്ടുകൊച്ചുമക്കളുമായി ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് കൂട്ടത്തിലെ കുഞ്ഞിന് അപകടം സംഭവിച്ചത്. പെൺകുട്ടിയും മുത്തശ്ശിയും ട്രെയിനിൽ കയറുകയും ഇവർക്കു പിന്നാലെ ട്രെയിനിൽ കയറാൻ ശ്രമിച്ച ആൺകുഞ്ഞ് ട്രെയിനിൽ നിന്നും താഴേക്കു വീഴുകയുമായിരുന്നു. കുഞ്ഞിനപകടം പറ്റിയെന്നു തിരിച്ചറിഞ്ഞ മുത്തച്ഛൻ ബഹളംവെച്ചു ട്രെയിൻഗാർഡിനെ വിളിച്ചു. ഈ സമയം ട്രെയിനിനുള്ളിലായിരുന്ന മുത്തശ്ശിയും കൊച്ചുമകളും കരഞ്ഞുകൊണ്ടിറങ്ങി വന്നു. ട്രെയിൻ സഞ്ചരിച്ചു തുടങ്ങാത്തതുകൊണ്ടു മാത്രം ആൺകുഞ്ഞിന്റെ ജീവൻ തിരിച്ചു കിട്ടി. പ്ലാറ്റ്ഫോമിൽ നിന്നുകൊണ്ട് മുത്തച്ഛൻ കൊച്ചുമകനെ വലിച്ചു പുറത്തെടുത്തു.



സംഭവമറിഞ്ഞ് സിഡ്നി ട്രെയിൻവർക്കർമാർ സ്ഥലത്തെത്തുകയും കുഞ്ഞിന് അപകടംഒന്നുമില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു. കൊച്ചുകുട്ടികളെകൊണ്ടു ട്രെയിനിൽ കയറുമ്പോൾ അവരുടെ കൈയിൽ മുറിക്കിപ്പിടിക്കണമെന്നും ചെറിയ അശ്രദ്ധകൾക്ക് വലിയവിലകൊടുക്കേണ്ടി വരുമെന്നും ഇതുവരെ 233 കുട്ടികൾക്ക് ഇത്തരത്തിൽ അപകടംപറ്റിയിട്ടുണ്ടെന്നുമാണ് ട്രാൻസ്പോർട്ട് മിനിസ്റ്റർ വെളിപ്പെടുത്തിയത്.



അപകടം എങ്ങനെ സംഭവിച്ചു എന്നതിനെപ്പറ്റി വിശദമായി അന്വേഷിക്കുമെന്നും ഇനിയും ഇത്തരം അപകടങ്ങളുണ്ടാവാ തിരിക്കാൻ വേണ്ട മുൻകരുതലുകളെടുക്കുമെന്നും റെയിൽവേ അധികൃതരും പറയുന്നു.