സ്വന്തം പ്രസവം സ്വയമെടുത്ത് ഡോക്ടർ ; കുഞ്ഞ് ജനിച്ചത് ആശുപത്രിയിലേക്കുള്ള കാർ യാത്രക്കിടയിൽ

ഡോ. വിക്ടോറിയ വില്യം കുഞ്ഞിനൊപ്പം.

നിരവധി ചോരക്കുഞ്ഞുങ്ങളെ ഭൂമിയിലേക്കു സ്വാഗതം ചെയ്തപ്പോഴൊന്നും ആ ഡോക്ടർ ഓർത്തു കാണില്ല. ഈ കൈകളിലേക്കാണ്  സ്വന്തം കുഞ്ഞും പിറന്നു വീഴുകയെന്ന്. ആശുപത്രിയിലേക്ക് കാറിൽ പോകുമ്പോഴാണ് കാലിഫോർണിയയിലെ ഡോക്ടർ വിക്ടോറിയ വില്യമിന് പ്രസവവേദനയാരംഭിച്ചത്. ഫ്ലൂയിഡ് ലീക്ക് ആകാൻ തുടങ്ങിയപ്പോൾത്തന്നെ ഉടൻ പ്രസവം നടക്കുമെന്ന് ഡോക്ടറിനു മനസ്സിലായി.

ഡോക്ടറും പേഷ്യന്റും ഒരാൾ തന്നെയാവുന്നതിലെ നിസ്സഹായതയേക്കാൾ കുഞ്ഞിന് ആരോഗ്യത്തോടെ പുറത്തെടുക്കണം എന്ന ചിന്തയായിരുന്നു മനസ്സിലെന്ന് വിക്ടോറിയ പറയുന്നു. കാറിൽ ഒപ്പമുണ്ടായിരുന്ന ഭർത്താവ് കാറ് വേഗത്തിൽ ഓടിച്ചെങ്കിലും ഇടയ്ക്കു വന്ന ട്രാഫിക്ബ്ലോക്ക് അവരുടെ യാത്രമുടക്കി. അങ്ങനെയാണ് വിക്ടോറിയ കാറിൽ തന്റെ രണ്ടാമത്തെ കൺമണിക്ക് ജന്മം നൽകിയത്.

ഒരു ഡോക്ടർ ആയിട്ടു കൂടി പ്രസവത്തീയതിയെക്കുറിച്ചുള്ള കണക്കു കൂട്ടലുകൾ പിഴച്ചോ എന്നു ചോദിച്ചു പരിഹസിക്കുന്നവർക്ക വേണ്ടി സംഭവത്തെക്കുറിച്ച് വിശദമായ കുറിപ്പെഴുതി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് ഡോക്ടർ. എന്തായാലും കുഞ്ഞ് ആരോഗ്യവതിയായി പിറന്നതിൽ താനും കുടുംബവും ഏറെ സന്തോഷിക്കുന്നുവെന്നാണ് ഡോക്ടറുടെ വാദം.