നഖം കടിക്കുന്ന ശീലമുള്ളവർ ഈ വിഡിയോ കാണണം ; മകന്റെ മോണയിൽ നിന്ന് 27 നഖത്തുണ്ടുകൾ പുറത്തെടുത്ത് അമ്മ

കുട്ടിയുടെ മോണയിൽ നിന്ന് 27 നഖത്തുണ്ടുകളാണ് പുറത്തെടുത്തത്.

ചെറിയ ടെൻഷൻ വരുമ്പോഴും വെറുതെ സമയംകൊല്ലാനുമൊക്കെ നഖം കടിക്കുന്ന ശീലം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെയുണ്ട്. നഖം കടിക്കുന്ന ദുശ്ശീലം പല അസുഖങ്ങൾക്കും വഴിവെയ്ക്കുമെന്ന് എത്ര പറഞ്ഞാലും അവർക്കു മനസ്സിലാവുകയുമില്ല. അങ്ങനെയുള്ള മുതിർന്നവരും കുഞ്ഞുങ്ങളും ഒരു വട്ടം ഈ വിഡിയോ കാണണം. പിന്നെ ആയുസ്സിൽ നഖം കടിക്കാൻ തോന്നില്ല.

യുഎസിലെ സാറ എന്ന യുവതി പങ്കുവെച്ച ഒരു വിഡിയോയാണ് നഖംകടിയുടെ പാർശ്വഫലങ്ങളെ കാട്ടിത്തരുന്നത്. സാറയുടെ മകനും നഖം കടിക്കുന്ന ശീലമുണ്ടായിരുന്നു. എത്രയൊക്കെ ശ്രമിച്ചിട്ടും അവന്റെ ദുശ്ശീലം മാറ്റാൻ സാറയ്ക്കും കുടുംബത്തിനും കഴിഞ്ഞില്ല. മകന്റെ വായിൽ എന്തോ വെളുത്ത വസ്തു കണ്ടാണ് സാറ അവനെ അടുത്തുവിളിച്ച് വായ തുറന്ന് പരിശോധിച്ചത്. മകന്റെ മോണയ്ക്കുള്ളിലിരിക്കുന്ന വസ്തു തള്ളി പുറത്തെടുത്തോപ്പോഴാണ് അതു അവന്റെ നഖത്തിന്റെ തുണ്ടാണെന്നു മനസ്സിലായത്. 

അങ്ങനെ ആ കുട്ടിയുടെ മോണയിൽ നിന്ന് 27 നഖത്തുണ്ടുകളാണ് ആ അമ്മ കണ്ടെടുത്തത്. മകനെപ്പോലെ ദുശ്ശീലമുള്ള കുട്ടികളെ ഈ വിഡിയോ കാണിക്കണമെന്നും അവനെ ദുശ്ശീലത്തിൽ നിന്നും പിന്തിരിപ്പിക്കണമെന്നും പറഞ്ഞുകൊണ്ടാണ് സാറ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.