വെറുതെയിരുന്നു ബോറടിച്ചപ്പോൾ കുഞ്ഞ് നോട്ടുകെട്ടുകൾ കീറി ; അച്ഛന് നഷ്ടം നാലുലക്ഷത്തിലധികം രൂപ

കുട്ടി കീറിക്കളഞ്ഞ നോട്ടുകൾ.

െചറിയ കുഞ്ഞുങ്ങളെ വീട്ടിൽ ഒറ്റയ്ക്കായിപ്പോയാലുണ്ടാവുന്ന അനർഥങ്ങളെക്കുറിച്ച് ഇപ്പോൾ ഈ അച്ഛന് നല്ല ധാരണയുണ്ട്. എട്ടിന്റെ പണിയാണ് മകൻ അച്ഛനു നൽകിയത്. ചൈനയിലാണു സംഭവം. കുഞ്ഞിനെ വീട്ടിൽ തനിച്ചാക്കി പോയ അച്ഛൻ തിരിച്ചു വീട്ടിലെത്തിയപ്പോൾ കണ്ടത് കീറിപ്പറിഞ്ഞ കുറേ നോട്ടുകെട്ടുകളുമായി മകൻ കളിക്കുന്നതാണ്. അവന്റെ സമീപത്തായി കുറേ നോട്ടുകൾ ചവച്ചു തുപ്പിയതുപോലെയും കിടക്കുന്നുണ്ട്.

കാഴ്ചകണ്ടു ഞെട്ടിയ അച്ഛൻ കാശുസൂക്ഷിച്ചിരുന്ന അലമാരയിൽ പോയി നോക്കി. ഒരു ചില്ലിക്കാശു പോലും അലമാരയ്ക്കുള്ളിലില്ല. എല്ലാം കുഞ്ഞിന്റെ അരികിൽത്തന്നെയാണ്. നാലുലക്ഷത്തിലധികം വരുന്ന തുകയാണ് കുഞ്ഞ് അറിവില്ലായ്മകൊണ്ട് നശിപ്പിച്ചു കളഞ്ഞത്. ഇത്രയും തുക ഒന്നിച്ചു നഷ്ടപ്പെടുന്ന കാര്യമോർത്തപ്പോൾ തന്നെ ആ അച്ഛന് ആധിയായി. ഉടൻ തന്നെ അടുത്തുള്ള ബാങ്കിലെത്തി നടന്ന കാര്യങ്ങൾ ബോധിപ്പിച്ച ശേഷം കീറിയ നോട്ടുകെട്ടുകൾ മാറ്റിത്തരാൻ എന്തെങ്കിലും വഴിയുണ്ടോയെന്നന്വേഷിച്ചു. 

നോട്ടുകൾ ഒട്ടിച്ചുകൊണ്ടു വന്നാൽ മാറ്റിത്തരാമെന്ന് ബാങ്ക് അധികൃതർ പറഞ്ഞതോടെ ആ അച്ഛൻ സമാധാനമയി വീട്ടിലേക്ക് മടങ്ങി. എന്നാൽ അഞ്ചും ആറും കഷ്ണങ്ങളായി കീറിക്കളഞ്ഞ നോട്ടു കഷ്ണങ്ങൾ എങ്ങനെ ഒട്ടിച്ചു ചേർക്കുമെന്നറിയാതെ വിഷമിച്ചിരിക്കുകയാണ് അദ്ദേഹം. എന്നാൽ ഇതിന്റെ പേരിൽ മകനെ ശാരീരികമായി ശിക്ഷിക്കാനൊന്നും ആ അച്ഛൻ ഒരുക്കമല്ല.

നോട്ടുകൾ എന്തിനാണെന്നോ അതിന്റെ മൂല്യമെന്താണെന്നോ അറിയാനുള്ള പ്രായം അവനായിട്ടില്ല. പിന്നെ എന്തിനാണ് അവനെ ശിക്ഷിക്കുന്നതെന്നാണ് ആ അച്ഛന്റെ ചോദ്യം.