ഇതാണ് ബിഗ്ബിയുടെ മനം കവർന്ന ആ ചിത്രം

ഐശ്വര്യ, ആരാധ്യ.

കാൻഫിലിം ഫെസ്റ്റിലെ 70–ാം എഡിഷനിലെ ഏറ്റവും മനോഹരമായ ചിത്രം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ചുകൊണ്ട് ബിഗ്ബി പറഞ്ഞതിങ്ങനെ. ഇത് എന്റെ മരുമകൾ റാണിയുടെയും ഞങ്ങളുടെയെല്ലാം റാണിയുടെയും ചിത്രം. ഫാഷനബിളായ അമ്മയും മകളും എന്ന തലക്കെട്ടോടെ ഐശ്വര്യയുടെയും ആരാധ്യയുടെയും ചിത്രങ്ങൾ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഐശ്വര്യയുടെ ഹെയർസ്റ്റൈലിസ്റ്റ് പങ്കുവെച്ച അതിമനോഹരമായ ചിത്രമാണ് ബച്ചന്റെ മനസ്സു കവർന്നത്.

തങ്ങളുടെ രാജകുമാരിയായ കൊച്ചുമകൾ ആരാധ്യയും മരുമകൾ ഐശ്വര്യയും കാനിലെത്തിയ ആദ്യദിവസം പകർത്തിയ ചിത്രമാണ് ബച്ചന് ഏറെ പ്രിയപ്പെട്ടത്. ഫെയറിടെയിലിലെ സിൻഡ്രല്ലയെപ്പോലെ എന്ന് ആളുകൾ വിശേഷിപ്പിച്ച നീല ഗൗണിണണിഞ്ഞ ഐശ്വര്യയും. പിങ്ക് ഗൗണണിഞ്ഞ് സ്വതസിദ്ധമായ പുഞ്ചിരിയോടെ അമ്മയോടു പറ്റിച്ചേർന്നിരിക്കുന്ന ആരാധ്യയുമാണ് ചിത്രത്തിൽ.

തുടർച്ചയായി പതിനാറാം വട്ടമാണ് ഐശ്വര്യ കാനിലെത്തുന്നത്. കഴിഞ്ഞ അഞ്ചുവർഷമായി ഐശ്വര്യയുടെ ചിത്രത്തിനൊപ്പം കാമറക്കണ്ണുകൾ ഒപ്പിയെടുക്കുന്ന ഒരു കൊച്ചുമുഖമുണ്ട് ആരാധ്യയുടെ. ഇക്കുറി കാനിലേക്കുള്ള വരവ് മകളെ ഏറെ സന്തോഷിപ്പിക്കുമെന്നാണ് ഐശ്വര്യയുടെ പക്ഷം. എല്ലാക്കുഞ്ഞുങ്ങളെയും പോലെ ഫെയറിടെയിലിലെ രാജകുമാരികളുടെയും കാർട്ടൂൺ കഥാപാത്രങ്ങളുടെയും കഥകേട്ടാണ് ആരാധ്യയും വളർന്നത്.

എന്നാൽ ഇക്കുറി കാൻഫെസ്റ്റിൽ വെച്ച് അമ്മയണിഞ്ഞ ഫാൻസി ഡ്രസ്സിലൂടെ അവൾക്ക് ഫെയറിടെയ്‌ലിലെ രാജകുമാരിമാരുടെ വസ്ത്രത്തിൽ അവൾക്കെന്നെ കാണാൻ കഴിഞ്ഞു. ആരാധ്യയുടെ അധ്യാപകരോടും ഞാൻ ഈ തമാശ പങ്കുവെച്ചിരുന്നു. ഇക്കുറി കാനിലണിഞ്ഞ രണ്ടു വസ്ത്രങ്ങളും പ്രിൻസസ് ഗൗണുകളായിരുന്നു. ആരാധ്യയ്ക്കും അതേറെ ഇഷ്ടപ്പെട്ടു. അതിൽ ഞാനേറെ സന്തോഷവതിയാണ് ഐശ്വര്യ പറയുന്നു.