അർബുദത്തിന് ഇവളെ തോൽപ്പിക്കാനാവില്ല ; വിവാഹവേദിയിൽവെച്ച് വിഗ് വലിച്ചെറിഞ്ഞ് യുവതി

വിവാഹവേദിയിൽ വെച്ച് വിഗ് ഊരിയെറിയുന്ന ജെയ്മി.

വിവാഹവേദിയിൽ വെച്ച് ഒരു പെണ്ണും ചെയ്യാൻ ധൈര്യപ്പെടാത്ത ഒരു കാര്യമാണ് ആ യുവതി ചെയ്തത്. വിവാഹാഘോഷ നൃത്തത്തിനിടയിൽ  തലയിലെ വിഗ് അവൾ വലിച്ചെറിഞ്ഞു. ജെയ്മി സ്റ്റെയ്ൻബോൺ എന്ന യുവതിയാണ് വിവാഹദിനത്തിൽ അതിഥികൾക്കു മുന്നിൽവെച്ച് വിഗ് ഊരിയെറിഞ്ഞത്. യുഎസിലെ ടെക്സാസിൽ നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായതിനെത്തുടർന്ന് നിരവധി പേരാണ് യുവതിയുടെ ധീരതയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തു വന്നിരിക്കുന്നത്.

സെർവിക്കൽ കാൻസർ ബാധിതയായ ജെയ്മി 16 മാസങ്ങൾക്കു മുമ്പാണ് രോഗത്തെ അതിജീവിച്ചത്. അപ്പോൾ മുതൽ വിചാരിക്കുന്നതാണ് വിവാഹദിനം കുറച്ച് സ്പെഷ്യൽ ആക്കണമെന്ന്. അങ്ങനെയാണ് വിവാഹദിനത്തിൽ തന്റെ മൊട്ടത്തല അനാവൃതമാക്കാൻ ജെയ്മി തീരുമാനിക്കുന്നത്. അർബുദത്തെ തോൽപ്പിച്ച സന്തോഷം, ഞാനൊരു വിജയിയാണെന്ന തോന്നൽ അതൊക്കെയാണ് വിവാഹദിനത്തിൽ ഇങ്ങനൊരു കാര്യം ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്.

വിവാഹദിനത്തിന്റെ സന്തോഷം ആഘോഷിച്ചുകൊണ്ട് രണ്ടുമൂന്നു ചുവടുകൾ വെച്ചു. അതിഥികൾ പ്രോത്സാഹിപ്പിച്ചതോടെ നൃത്തത്തിനിടയിൽ വിഗ് ഊരിയെറിഞ്ഞു. അപ്പോൾ എനിക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ് തോന്നിയത് – ജെയ്മി പറയുന്നു. ജീവിതത്തിൽ നമ്മൾ പല പരീക്ഷണങ്ങളിലൂടെയും കടന്നു പോയേക്കാം. പല വേദനകളും നമുക്കുണ്ടായേക്കാം. പക്ഷേ എല്ലാം ശരിയാകും എന്ന തോന്നൽ നമ്മുടെ ഉള്ളിൽ നിന്നു വന്നാൽ നമ്മൾ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കും. അങ്ങനെയാണ് അർബുദത്തെ ഞാൻ അതിജീവിച്ചത്. വിവാഹദിമായതുകൊണ്ടാണ് വിഗ് ഉപയോഗിച്ചത്. ഇത്ര മനോഹരമായ ഒരു മൊട്ടത്തല കിട്ടിയതിൽ എനിക്കു സന്തോഷമുണ്ട്. ഞാൻ അത് ആസ്വദിക്കുകയും ചെയ്യുന്നു– ജെയ്മി കൂട്ടിച്ചേർക്കുന്നു.