കുഞ്ഞിക്കാൽ കാണാൻ കാത്തിരുന്നത് 17 വർഷം ; ഒറ്റപ്രസവത്തിൽ ഇവർക്കു ലഭിച്ചത് 6 കുഞ്ഞുങ്ങളെ

അജിബൊള ടെയിവോ–അഡബൊള ടെയിവോ ദമ്പതിതകളെ ഒടുവിൽ ദൈവം അനുഗ്രഹിച്ചു ഒന്നിനു പകരം ആറുകുഞ്ഞുങ്ങളെയാണ് ഒറ്റപ്രസവത്തിലൂടെ ഇവർക്ക് ലഭിച്ചത്.

ഒരുപാടു പരീക്ഷിക്കുന്നവരെ ഒടുവിൽ ദൈവം മനസ്സു നിറഞ്ഞ് അനുഗ്രഹിക്കുമെന്ന് ഈ ദമ്പതികളുടെ ജീവിതം നമുക്കു കാട്ടിത്തരും. നീണ്ട 17 വർഷമാണ് കുഞ്ഞിക്കാൽ കാണാൻ ഇവർ കാത്തിരുന്നത്. നൈജീരിയയിലെ അജിബൊള ടെയിവോ–അഡബൊള ടെയിവോ ദമ്പതിതകളെ ഒടുവിൽ ദൈവം അനുഗ്രഹിച്ചു ഒന്നിനു പകരം ആറുകുഞ്ഞുങ്ങളെയാണ് ഒറ്റപ്രസവത്തിലൂടെ ഇവർക്ക് ലഭിച്ചത്.

ഒറ്റപ്രസവത്തിൽ ജനിച്ച 6 കുഞ്ഞുങ്ങൾ.

വെർജീനിയയിലെ വിസിയു മെഡിക്കൽ സെന്ററിൽ നടന്ന ശസ്ത്രക്രിയയിലൂടെയാണ് ആറംഗസംഘത്തെ പുറത്തെടുത്തത്. മൂന്നു ആൺകുട്ടികളും മൂന്നുപെൺകുട്ടികളുമടങ്ങുന്ന സംഘം പിറന്നത് മെയ് 11 നായിരുന്നു. കുഞ്ഞുങ്ങൾക്കു ഭാരം കുറവായതിനാൽ അവർ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്. സങ്കീർണ്ണ ശസ്ത്രക്രിയക്കു ശേഷമുള്ള വിശ്രമത്തിലാണ് കുഞ്ഞുങ്ങളുടെ അമ്മ.

ഗർഭകാലത്തു നടത്തിയ അൾട്രാസൗണ്ട് സ്കാനിങ്ങിൽ ആദ്യം ഡോക്ടർമാർ തിരിച്ചറിഞ്ഞത് 4 കുഞ്ഞുങ്ങളുടെ സാന്നിധ്യമാണ്. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിലാണ് ആറംഗസംഘമാണ് ആ അമ്മയുടെ വയറ്റിൽ വളരുന്നതെന്ന് ഡോക്ടർമാർക്ക് മനസ്സിലായത്. ഇതോടെ ഡോക്ടർമാർ മാനസീകസമ്മർദ്ദത്തിലായി. സങ്കീർണ്ണമായ ശസ്ത്രക്രിയ ചെയ്യാൻ വിദഗ്ധരായ 40 അംഗമെഡിക്കൽ സംഘത്തെ തയാറാക്കി നിർത്തി. സാധാരണ പ്രസവം നടക്കാൻ സാധ്യതയില്ലാത്തതിനാൽ വിദഗ്ധമെഡിക്കൽ സംഘത്തിന്റെ സഹായത്തോടെ കുഞ്ഞുങ്ങളെ പുറത്തെടുത്തു.