അമ്മയെ ഒന്നുമുറുക്കെ കെട്ടിപിടിക്കാൻ തോന്നും ഈ ചിത്രം കണ്ടാൽ ; ഈ വൈറൽ ചിത്രത്തിനു പിന്നിലെ കഥ

ഗബ്രിയേല ട്വിറ്ററിൽ പങ്കുവെച്ച ചിത്രം.

മക്കൾ എത്ര വലുതായാലും അമ്മമാർക്ക് എന്നുമവർ കുഞ്ഞുങ്ങളാണ്. ആകാശമിടിഞ്ഞു വീഴാൻ പോകുന്നത്ര പ്രശ്നമുണ്ടായാലും അമ്മയുടെ മടിയിൽ ഒന്നു കിടന്നാൽ എല്ലാ പ്രശ്നങ്ങളും ഒരു മഞ്ഞു തുള്ളിപോലെ അലിഞ്ഞു പോകും. അമ്മയെ കെട്ടിപ്പിടിച്ചുകൊണ്ട് ഒരു കൗമാരക്കാരിയെടുത്ത ചിത്രമാണ് ഇപ്പോൾ വെർച്വൽ ലോകത്ത് തരംഗമായിക്കൊണ്ടിരിക്കുന്നത്. ഈ ചിത്രം അവൾ പുനർസൃഷ്ടിച്ചതാണ്. 

ആദ്യത്തെ ചിത്രം അവൾ കിന്റർഗാർട്ടനിൽ പഠിക്കുമ്പോഴുള്ളതാണ്. സ്കൂളിലെ ആദ്യ ദിനത്തിൽ അമ്മയെ കെട്ടിപ്പിടിച്ചു നിൽക്കുന്ന പെൺകുട്ടിയുടെ ചിത്രം 13 വർഷങ്ങൾക്ക് മുമ്പ് ഒരു പ്രാദേശീക ഫൊട്ടോഗ്രാഫർ പകർത്തിയതാണ്. രണ്ടാമത്തെ ചിത്രമാകട്ടെ ഹൈസ്കൂളിൽ പഠിക്കുന്ന മകൾ അമ്മയെ മുറുക്കെ കെട്ടിപ്പിടിക്കുന്ന ചിത്രവും. തന്റെ കുട്ടിക്കാല ചിത്രം പുനർസൃഷ്ടിക്കാനുള്ള കാരണത്തെക്കുറിച്ച് ചോദിച്ചാൽ ഗബ്രിയേല എന്ന കൗമാരക്കാരി ഹൃദയം പൊള്ളിക്കുന്ന ഒരു സംഭവത്തെക്കുറിച്ചു പറയും.

23 മാസങ്ങൾക്കു മുമ്പ് എന്റെ അമ്മയ്ക്ക് സ്ഥനാർബുദം സ്ഥിരീകരിച്ചു. എന്റെ ഗ്രാജ്വേഷൻ കാലം വരെ അമ്മയ്ക്കു ആയുസ്സുണ്ടാവുമോ എന്ന കാര്യത്തിൽ ഞങ്ങൾക്കിരുവർക്കും സംശയമുണ്ടായിരുന്നു. അതുകൊണ്ടാണ് ബാല്യകാലം പുനർസൃഷടിക്കാൻ ഞങ്ങൾ തീരുമാനിച്ചത്. 

ജൂൺ അഞ്ചിനു പോസ്റ്റ് ചെയ്ത ചിത്രം കുറഞ്ഞ ദിവസങ്ങൾ കൊണ്ട് ലക്ഷക്കണക്കിന് ലൈക്കുകളും ആയിരക്കണക്കിന് റീട്വീറ്റുകളുമായി സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുകയാണ്. അങ്ങനെ ഒറ്റച്ചിത്രങ്ങൾ കൊണ്ട് ഗബ്രിയേലയും അമ്മ ലിസറ്റും താരങ്ങളായി മാറിയിരിക്കുകയാണ്. അമ്മയ്ക്കും മകൾക്കും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനമറിയിച്ചുകൊണ്ട് നിരവധിയാളുകളാണ് പ്രതികരിച്ചിരിക്കുന്നത്.