Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛാ ഇതാണ് ആ സർപ്രൈസ് ; ഒരു മകൾ അച്ഛനു നൽകിയ അവിസ്മരണീയ സമ്മാനം

daughter ചിത്രത്തിന് കടപ്പാട് : യുട്യൂബ്

അച്ഛനെയും അമ്മയെയും ഓർക്കാനും സ്നേഹിക്കാനും പ്രത്യേക ദിനമൊന്നും വേണ്ട. എങ്കിലും തിരക്കു പിടിച്ചു പായുന്ന ജീവിതത്തിൽ‍ ഒരു ദിവസമെങ്കിലും അവർക്കേറെയിഷ്ടമുള്ള ഒരു കാര്യത്തിനായി കുറച്ചു സമയം നീക്കിവെച്ചാൽ അതിൽപരമൊരു സന്തോഷം വേറെയുണ്ടാവില്ല. ഈ വിഡിയോയും പകർന്നു നൽകുന്നത് സുന്ദരമായൊരു സന്ദേശമാണ്. സ്വന്തം  അച്ഛന് ഏറെ പ്രിയമുള്ള ഒരു സമ്മാനം നൽകാൻ ഇറങ്ങിത്തിരിക്കുന്ന ഒരു മകളിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്.

ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ നിന്നുമാണ് അച്ഛന്റെയും മകളുടെയും തീവ്രബന്ധത്തിന്റെ കഥ പറയുന്ന ഹ്രസ്വ ചിത്രം ആരംഭിക്കുന്നത്. ചിത്രത്തിലെ ആളെ കണ്ടെത്താൻ ഒരു പെൺകുട്ടി നടത്തുന്ന അശ്രാന്ത പരിശ്രമത്തിലൂടെയാണ് വിഡിയോ പുരോഗമിക്കുന്നത്. പലവിധ സൂത്രങ്ങളും കൊച്ചു കൊച്ചു നുണകളും പറഞ്ഞാണ് താൻ അന്വേഷിക്കുന്ന വ്യക്തിയിലേക്കെത്തിച്ചേരാൻ അവൾ ശ്രമിക്കുന്നത്.

പലയിടത്തു നിന്നും കൃത്യമായ വിവരങ്ങൾ ലഭിക്കാതിരുന്നപ്പോഴും അവൾ നിരാശയായില്ല. കൂടുതൽ ആവേശത്തോടെ ഊർജ്ജത്തോടെ അവൾ ലക്ഷ്യത്തിലേക്കു കുതിച്ചുകൊണ്ടിരുന്നു. ഒടുവിൽ അന്നോളം തേടി നടന്ന ആളെ അവൾ കണ്ടെത്തി. ഫോൺ പോലും ഉപയോഗിക്കാതെ തന്റെ സന്തോഷങ്ങൾക്കു വേണ്ടി ഗ്രാമത്തിലെ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന ആ സ്ത്രീക്കു മുന്നിൽ ചിരിച്ചു നിന്നുകൊണ്ട് അവൾ താൻ ആരാണെന്നും തന്റെ വരവിന്റെ ഉദ്ദേശമെന്താണെന്നും ആ സ്ത്രീയോടു വെളിപ്പെടുത്തി.

തന്റെ വരവിന്റെ ഉദ്ദേശശുദ്ധി മനസ്സിലാക്കുവാൻ വേണ്ടി അവൾ കൈയിൽക്കരുതിയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം അവർക്കു കാട്ടിക്കൊടുത്തു. ആ ചിത്രത്തിനു പിന്നിലെ അക്ഷരങ്ങൾ കണ്ടപ്പോൾ അവരുടെ മനസ്സും ആർദ്രമായി. പെൺകുട്ടിക്കൊപ്പം പോകാൻ സമ്മതമാണെന്ന് അവർ അറിയിച്ചു. അടുത്ത ഊഴം അവളുടെയായിരുന്നു. തനിക്കുവേണ്ടി ഒരു റസ്റ്റോറന്റിൽ കാത്തിരിക്കുന്ന അച്ഛനരുകിലേക്ക് അവൾ ചെന്നു. ഹാപ്പി ഫാദേഴ്സ് ഡേ എന്നവൾ ആശംസിച്ചപ്പോൾ തനിക്കുള്ള സമ്മാനമെവിടെ എന്നായിരുന്നു ആ അച്ഛന്റെ ചോദ്യം. സമ്മാനമൊക്കെ തന്റെ കൈയിലുണ്ടെന്നും അതു സർപ്രൈസ് ആണെന്നുമായിരുന്നു അവളുടെ മറുപടി.

father-daughter ചിത്രത്തിന് കടപ്പാട് : യുട്യൂബ്.

പിന്നെ ആ സർപ്രൈസ് എന്താണെന്നതിനെപ്പറ്റി അച്ഛനു സൂചന കൊടുത്തി. അച്ഛന്റെ മുറിയിലെത്തുമ്പോഴെല്ലാം ഡ്രോയിലെ ഫയലുകളെടുത്തു കുഴച്ചു മറിക്കുന്ന തന്നെ അച്ഛൻ ശകാരിക്കാറില്ലേയെന്നും. ഒരു ദിവസം ഡ്രോയിൽ നിന്നും തിരഞ്ഞു പിടിച്ചെടുത്ത ഫയലിൽ എന്തായിരുന്നു എന്നു ചോദിച്ചപ്പോൾ അതു കൊളേജ് ജീവിതത്തിൽ വച്ച് താൻ ചെയ്ത നാടകവുമായി ബന്ധപ്പെട്ട ചിത്രങ്ങളും പേപ്പറുകളും ആണെന്നായിരുന്നു അച്ഛന്റെ മറുപടിയെന്നും അവൾ ഓർമിപ്പിക്കുന്നു. അതിൽ ഒരു ചിത്രത്തിനു പിന്നിൽ ഹൃദയസ്പർശിയായ ഒരു കുറിപ്പ് ഉണ്ടായിരുന്നുവെന്നും '' വിധി നമ്മളെ പിരിച്ചെങ്കിലും എന്റെ ഹൃദയത്തിൽ നീയുണ്ട് രാധിക സിങ്'' എന്ന ആ കുറിപ്പ് കണ്ടപ്പോൾ അച്ഛന്റെ ആ പഴയ കൂട്ടുകാരിയെ തിരഞ്ഞു പിടിക്കാൻ തീരുമാനിച്ചുവെന്നും രാധികയാണ് അച്ഛനുള്ള ഫാദേഴ്സ് ഡേ സമ്മാനമെന്നും ആ മകൾ അച്ഛനോടു പറയുന്നു. ഒടുവിൽ പഴയകൂട്ടുകാരിയെ കണ്ടുമുട്ടുമ്പോൾ അച്ഛനുണ്ടാവുന്ന സന്തോഷം അവൾ കൺനിറയെ കാണുന്നു.

'' എന്റെ മുഖത്ത് സന്തോഷത്തിന്റെ ഒരുപാടു പുഞ്ചിരികൾ വിരിയിച്ച അച്ഛന് ഫാദേഴ്സ് ഡേയിൽ ഒരു മകൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും നല്ല സമ്മാനമാണ് ഇന്ന് അച്ഛന്റെ മുഖത്ത് നിറഞ്ഞു വിടർന്ന പുഞ്ചിരി'' എന്ന് ആ പെൺകുട്ടി പറയുന്നിടത്താണ് വിഡിയോ അവസാനിക്കുന്നത്.